സതീഷ് കുമാർ വിശാഖപട്ടണം
ദാസരി നാരായണറാവു സംവിധാനം ചെയ്ത് അക്കിനേനി നാഗേശ്വരരാവു അഭിനയിച്ച്
വൻ വിജയം നേടിയ തെലുഗു ചിത്രമായിരുന്നു ” രാവണൂടൈ രാമനൈത്തേ ” .
ശങ്കരാഭരണത്തിലൂടെ ദേശീയ പ്രശസ്തി നേടിയ വേട്ടൂരി സുന്ദരരാമമൂർത്തി എഴുതി ജി.കെ. വെങ്കിടേഷ് സംഗീതം പകർന്ന് എസ്.പി. ബാലസുബ്രഹ്മണ്യവും ജാനകിയും പാടിയ ഒരു മനോഹര ഗാനമുണ്ട് ഈ ചിത്രത്തിൽ.
“രവിവർമ്മക്യേ അന്തനി
ഒകേ ഒഗ അന്താനിവോ ….”
( രവിവർമ്മക്ക് പോലും ലഭിക്കാത്ത ഒരേയൊരു സൗന്ദര്യ ലാവണ്യമേ….” )
എന്ന അതി സുന്ദരമായ തെലുഗുഗാനം കേട്ടിട്ടിപ്പോൾ 30 വർഷമെങ്കിലുമായിക്കാണും. വിശാഖപട്ടണത്തെ ജ്യോതി തിയേറ്ററിലിരുന്ന് ഈ ഗാനരംഗം കണ്ടു കൊണ്ടിരുന്നപ്പോൾ മനസ്സ് സന്തോഷം കൊണ്ടും അഭിമാനം കൊണ്ടും തുള്ളിച്ചാടി.
എങ്ങനെ തുള്ളാതിരിക്കും ? കിളിമാനൂർ കൊട്ടാരത്തിൽ ജനിച്ച് ചിത്രകലയിലൂടെ
ലോകപ്രശസ്തനായി തീർന്ന മലയാളി ചിത്രകാരൻ രാജാ രവിവർമ്മയെയാണ് മറ്റൊരു ഭാഷയിലെ പ്രശസ്ത കവി വാക്കുകളിലൂടെ വർണ്ണിക്കുന്നത്.
ലോകത്തെവിടെയുമുള്ള ഏതൊരു മലയാളിക്കും അഭിമാനിക്കാനും അല്പം സ്വകാര്യമായി
അഹങ്കരിക്കാനും ഇത്തരം അടയാളപ്പെടുത്തലുകൾ തീർച്ചയായും വഴിയൊരുക്കുന്നുണ്ട് .
തെലുങ്കിൽ കൂടാതെ കന്നട ഭാഷയിലെ “സസ്വതംഗ സൗഭാഗ്യ” എന്ന ചിത്രത്തിലും
രവിവർമ്മയെക്കുറിച്ച് ഒരു ഗാനമുണ്ട്.
“രവി വർമ്മനാ കുഞ്ചതാ കലേ….” എന്ന ഗാനം നമ്മുടെ
പി.ബി. ശ്രീനിവാസാണ് പാടിയിരിക്കുന്നത്.
തെലുങ്കിലും കന്നടയിലും മാത്രമല്ല മലയാളത്തിലെ കവികളേയും രവിവർമ്മയുടെ ശൃംഗാരഭാവം പകരുന്ന ചിത്രങ്ങൾ ലഹരി പിടിപ്പിച്ചിട്ടുണ്ട്.
“രാജു റഹീം ” എന്ന ചിത്രത്തിനു വേണ്ടി ആർ.കെ.ദാമോദരൻ എഴുതി അർജ്ജുനൻ മാസ്റ്റർ ഈണമിട്ട് യേശുദാസ് പാടിയ
” രവിവർമ്മച്ചിത്രത്തിൻ രതിഭാവമേ
രഞ്ജിനി രാഗത്തിൻ രോമാഞ്ചമേ
സർപ്പസൗന്ദര്യമേ നിന്നിലെൻ
പൗരുഷം സംഗമപ്പൂ വിടർത്തും
പ്രേമത്തിൻ കുങ്കുമപ്പൂ വിടർത്തും ….”
https://youtu.be/b-67Y6pIKmk?t=7
എന്ന ഗാനവും രവിവർമ്മച്ചിത്രങ്ങൾക്ക് കാവ്യലോകം നൽകുന്ന കാമസുഗന്ധിയായ
സൗന്ദര്യ ലഹരിയുടെ ഉത്തമദൃഷ്ടാന്തമാണ്.
തീർന്നില്ല ,ഒരു ദശകത്തിന് മുൻപിറങ്ങിയ സന്തോഷ് ശിവന്റെ “അനന്തഭദ്രം ” എന്ന ചിത്രത്തിലെ
“പിണക്കമാണോ എന്നോടിണക്കമാണോ …”
https://youtu.be/Woj6-fTksxw?t=5
എന്ന ഗാനം പ്രിയ വായനക്കാർ ഓർക്കുന്നുണ്ടായിരിക്കുമല്ലോ ?
ഈ ഗാന രംഗത്ത് കാവ്യാമാധവൻ പ്രത്യക്ഷപ്പെടുന്നത് രാജാ രവിവർമ്മ മനോഹരമാക്കിയ “മലയാളി മങ്ക “എന്ന ചേതോഹര ചിത്രത്തിന്റെ മാസ്മരിക ഭാവം പകരുന്ന ദൃശ്യചാരുതയോടെയാണ്..
ശാലീന സൗന്ദര്യം നിറഞ്ഞൊഴുകുന്ന കാവ്യാ മാധവന്റെ മുഖഭംഗിയും രാജാ രവിവർമ്മയുടെ സൗന്ദര്യ സങ്കല്പങ്ങളും ചേർന്ന് പ്രേക്ഷകർക്ക് പകർന്നു നൽകിയ രസാനുഭൂതി വർണ്ണനാതീതം.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി “രവിവർമ്മ ചിത്രങ്ങൾക്ക് ജീവൻ നൽകിയപ്പോൾ ” എന്ന പേരിൽ അദ്ദേഹത്തിൻ്റെ ഏതാനും ചിത്രങ്ങൾക്ക് ജീവൻ നൽകി , ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്ന സാങ്കേതിക വിദ്യയുടെ സഹായത്തോടെ നിർമ്മിച്ച ഒരു വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചു കൊണ്ടിരിക്കുന്നത് വായനക്കാരുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടാകുമെ ന്ന് കരുതട്ടെ…
മലയാള നാടിന്റെ അഭിമാനമായ ഈ ലോക പ്രശസ്ത ചിത്രകാരൻ 1906 ഒക്ടോബർ 2 – നാണ് അന്തരിച്ചത് . അദ്ദേഹത്തിന്റെ ഓർമ്മദിനമാണിന്ന്.
ചിത്രകലയിലൂടെ മലയാളി മങ്കയുടെ ശാലീന സൗന്ദര്യത്തെ കലാലോകത്തിനു സംഭാവന ചെയ്ത ആ മഹാപുരുഷന്റെ ധന്യമായ ഓർമ്മകൾക്ക് പ്രണാമം..
————————————————————————————————-
(സതീഷ് കുമാർ : 9030758774)
—————————— —————————— ————-
കൂടുതല്‍ വാര്‍ത്തകള്‍ക്കായി
http://www.newsboardindia.com
സന്ദര്‍ശിക്കുക