ലൈംഗികതയുടെ കാണാപ്പുറങ്ങൾ

In Featured, Top News, വാര്‍ത്ത
September 18, 2024
സതീഷ് കുമാർ വിശാഖപട്ടണം 
തിരുവല്ലയിലെ ഒരു മത പുരോഹിതനായിരുന്ന  റവ: ഐപ്പ് തോമസ്സ് കത്തനാരുടെ മകനായ ഡോ: എ.ടി. കോവൂർ ലോക പ്രശസ്തനായ യുക്തിവാദിയും മനോരോഗ  ചികിത്സകനുമായിരുന്നു. ഏതെങ്കിലും തരത്തിലുള്ള ദിവ്യാത്ഭുതങ്ങൾ തെളിയിക്കുവാൻ കഴിഞ്ഞാൽ  5 ലക്ഷം രൂപ സമ്മാനമായി നൽകുന്നതാണെന്ന അദ്ദേഹത്തിന്റെ വെല്ലുവിളി ഏറ്റെടുക്കാൻ ഇന്നേവരെ ഏതെങ്കിലും ആൾദൈവങ്ങളോ അവതാരപുരുഷന്മാരോ  മുന്നോട്ടു വന്നിട്ടില്ല.
സൂര്യകാന്ത കല്പടവിൽ - പുനർജന്മം | M3DB
 
മലയാളത്തിലെ ആനുകാലിക പ്രസിദ്ധീകരണങ്ങൾ, പ്രത്യേകിച്ച് കാമ്പിശ്ശേരി കരുണാകരൻ പത്രാധിപരായിരുന്ന ജനയുഗവും മാതൃഭൂമി വാരികയും ഇദ്ദേഹത്തിന്റെ മന:ശാസ്ത്ര ലേഖനങ്ങളും മനോരോഗ ചികിത്സാ അനുഭവങ്ങളും  വളരെ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചിരുന്നു.
മാതൃഭൂമിയിൽ പ്രസിദ്ധീകരിച്ച ഡോക്ടർ എ ടി കോവൂരിന്റെ കേസ് ഡയറിയിൽ നിന്നെടുത്ത ഒരു അനുഭവകഥയിൽ നിന്നാണ് മഞ്ഞിലാസിന്റെ ബാനറിൽ  എം ഓ ജോസഫ് നിർമ്മിച്ച “പുനർജ്ജന്മം ” എന്ന ചലച്ചിത്രം പിറവിയെടുക്കുന്നത്.
  ദാമ്പത്യ ജീവിതത്തിലെ ലൈംഗികപ്രശ്നങ്ങൾ  ആ കാലഘട്ടത്തിൽ പൊതു സമൂഹത്തിൽ ചർച്ച ചെയ്യപ്പെട്ടിരുന്നില്ല. അതുകൊണ്ടായിരിക്കണം  ചില മനോവൈകല്യങ്ങൾ മൂലം ലൈംഗിക ജീവിതം പരാജയപ്പെട്ട ഒരു ചെറുപ്പക്കാരന്റേയും അയാളുടെ അസംതൃപ്തയായ ഭാര്യയുടേയും ചൂടുള്ള കഥക്ക് കേരള സമൂഹത്തിൽ വലിയ ചലനങ്ങൾ  സൃഷ്ടിക്കുവാൻ കഴിഞ്ഞത് .
കാമശാസ്ത്രമെഴുതിയ മുനിയുടെ - പുനർജന്മം | M3DB
മലയാള സിനിമയുടെ ചരിത്രത്തിൽ ആദ്യമായാണ് ഇത്തരം പ്രമേയത്തെ ആസ്പദമാക്കി ഒരു സിനിമ നിർമ്മിക്കപ്പെടുന്നത്.  ഇന്ത്യയിലെ തന്നെ ആദ്യത്തെ “ഇറോട്ടിക് സൈക്കോളജിക്കൽ മൂവി ” എന്നാണ് പുനർജ്ജന്മത്തെ അന്ന് പത്രങ്ങൾ വിശേഷിപ്പിച്ചത്. അതിനാൽ A സർട്ടിഫിക്കറ്റോടു കൂടിയാണ് ചിത്രം തിയേറ്ററുകളിലെത്തിയത്. 
പ്രേംനസീർ ,ജയഭാരതി , സുജാത , അടൂർഭാസി , പ്രേമ തുടങ്ങിയ മുഖ്യതാരങ്ങൾ അഭിനയിച്ച്  കെ.എസ്. സേതുമാധവൻ സംവിധാനം ചെയ്ത  പുനർജ്ജന്മത്തിലെ അർത്ഥവത്തായ ഗാനങ്ങൾ എഴുതിയത് വയലാറും സംഗീതം നൽകിയത് ദേവരാജനുമായിരുന്നു.
കാമശാസ്ത്രമെഴുതിയ മുനിയുടെ
കനക തൂലികേ – നീ
മാനവഹൃദയമാം 
തൂണീരത്തിലെ
മന്ത്രശരമായി – എന്തിനു
മല്ലീശരമായി …”
https://youtu.be/1p_mACXZEE4?t=11
 എന്ന ജയചന്ദ്രൻ പാടിയ പാട്ടിലൂടെ വയലാറിന്റെ കാവ്യഭാവന ചിറകടിച്ചുയരുന്നത് മനോഹരമായ ഒരു അനുഭവമായിരുന്നുവെന്ന് പറയാതിരിക്കാൻ വയ്യ .
തത്വചിന്താപരമായ ആശയങ്ങളെ വളരെ ആഴത്തിൽ കടന്നുചെന്ന് അപഗ്രഥനം നടത്തി മധുരമായ പദപ്രയോഗങ്ങളിലൂടെ  അവതരിപ്പിക്കുവാനുള്ള വയലാർ രാമവർമ്മയുടെ അന്യാദൃശമായ കഴിവിന്റെ ഉത്തമ നിദർശനമാണ് 
ഈ ഗാനം.
 വാത്സ്യായനമഹർഷിയുടെ കാമശാസ്ത്രത്തെ സൂചിപ്പിച്ചുകൊണ്ട് മനുഷ്യമനസ്സിന്റെ കാമനകളും വിഭ്രാന്തികളും ഏതൊക്ക വഴികളിലേക്ക് അവന്റെ പ്രവൃത്തികളെ നയിക്കാമെന്ന് മനോഹരമായി വയലാർ ഈ കവിതയിൽ വർണ്ണിക്കുന്നു.
 മാത്രമല്ല, പ്രേമം എന്ന ഉൽകൃഷ്ട വികാരത്തെ അമിതമായ കാമാസക്തി ഏതൊക്കെ വഴികളിലൂടെ അപഥസഞ്ചാരം ചെയ്യിക്കുന്നു എന്നും വയലാർ കവിതാമധുരമായ ഈ ഗാനത്തിലൂടെ നമുക്ക് പറഞ്ഞുതരുന്നു. ഭാവഗായകന്റെ ശ്രുതിശുദ്ധമായ ആലാപനം അതിന് ഒന്നുകൂടി  മധുരം പകർന്നു.
 “പ്രേമഭിക്ഷുകീ
ഭിക്ഷുകീ ഭിക്ഷുകീ ….” (യേശുദാസ്)  “സൂര്യകാന്തകൽപ്പടവിൽ … “
  (സുശീല)
 “കാക്കേം കാക്കേടെ കുഞ്ഞും . “.( സി.ഒ . ആന്റോ )
  “കാമിനി കാവ്യമോഹിനീ …”
  (യേശുദാസ്)  
“വെളിച്ചമസ്തമിച്ചൂ …”
( മാധുരി ) “മദനപഞ്ചമി ….”( മാധുരി ),
   “ഉണ്ണിക്കൈ വളര്
  വളര് വളര് …..” (പി.ലീല ) 
https://youtu.be/JMwIG0UoIoo?t=7
 എന്നിങ്ങനെ ചിത്രത്തിലെ എട്ട് ഗാനങ്ങളും വളരെയധികം ജനപ്രീതി നേടിയെടുത്തു.  സൂപ്പർ ഹിറ്റായ പുനർജ്ജന്മം തമിഴിൽ   “മറുപിറവി “എന്ന പേരിൽ റീമേക്ക് ചെയ്യുകയും ദേശീയ പുരസ്ക്കാരം ലഭിക്കുകയുമുണ്ടായി.  ഈ അനുഭവകഥ മഞ്ഞിലാസിനു സംഭാവന ചെയ്ത ഡോ: എ.ടി. കോവൂർ 1978 സെപ്തംബർ 18-ന് അന്തരിച്ചു.  ഇന്ന് അദ്ദേഹത്തിന്റെ ഓർമ്മദിനം ..
  ഒരു മന:ശാസ്ത്രജ്ഞനും യുക്തിവാദിയുമായ ഡോ: എ  ടി കോവൂരിന്റെ കേസ് ഡയറിയിൽ നിന്നെടുത്ത ഒരൊറ്റ  കഥകൊണ്ട് തന്നെ മലയാളചലച്ചിത്രരംഗത്ത് വൻ ചലനങ്ങൾ സൃഷ്ടിക്കാൻ കഴിഞ്ഞത് ഇന്ന് തിരിഞ്ഞു നോക്കുമ്പോൾ വലിയ അതിശയമായി തോന്നാം.
  അതുകൊണ്ടു തന്നെ  ഈ ചിത്രത്തിലെ സുന്ദര ഗാനങ്ങളുടെ പേരിൽ  അദ്ദേഹത്തിന് പ്രണാമമർപ്പിക്കുന്നു .
————————————————————————-

(സതീഷ് കുമാർ  :  9030758774)

————————————————————————-

കൂടുതല്‍ വാര്‍ത്തകള്‍ക്കായി
http://www.newsboardindia.com

സന്ദര്‍ശിക്കുക