April 19, 2025 6:59 am

ഡോണള്‍ഡ് ട്രംപിനെ വധിക്കാൻ വീണ്ടും ശ്രമം ?

ന്യൂയോര്‍ക്ക്: അമേരിക്കൻ പ്രസിഡണ്ട് തിരഞ്ഞെടുപ്പിലെ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയും മുൻ പ്രസിഡന്റും ആയ ഡോണള്‍ഡ് ട്രംപിന്റെ ഗോള്‍ഫ് ക്ലബ്ബിന്റെ സമീപം വെടിവയ്പ്. ആക്രമിയെ തോക്ക് സഹിതം പിടികൂടി. സംഭവസമയം ട്രംപ് ക്ലബ്ബില്‍ ഉണ്ടായിരുന്നു.

പെന്‍സില്‍വാനിയയില്‍ തെരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെ തോക്കുമായെത്തിയ അക്രമി ട്രംപിന് നേരെ വെടിയുതിര്‍ത്ത് രണ്ട് മാസം പിന്നിടുമ്ബോഴാണ് മറ്റൊരു ആക്രമണ ശ്രമം. അന്ന് ട്രംപിന്റെ ചെവിക്ക് വെടിയേല്‍ക്കുകയും, റാലിയില്‍ പങ്കെടുക്കാനെത്തിയ ഒരാള്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു. വെടിവയ്പ് നടത്തിയ തോമസ് മാത്യു ക്രൂക്‌സ് എന്ന ഇരുപതുകാരനെ സംഭവസ്ഥലത്ത് വച്ച്‌ തന്നെ സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊലപ്പെടുത്തുകയും ചെയ്തിരുന്നു.

ട്രംപ് സുരക്ഷിതനാണെന്ന് ട്രംപിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചുമതല വഹിക്കുന്ന ടീമിന്റെ വക്താവ് സ്റ്റീവന്‍ ചിയുങ് അറിയിച്ചു. ഫ്‌ളോറിഡയിലെ വെസ്റ്റ് പാം ബീച്ചിലുള്ള ഗോള്‍ഫ് ക്ലബ്ബില്‍ ഉച്ചയ്‌ക്ക് രണ്ട് മണിയോടെയാണ് ആക്രമണം ഉണ്ടായത്.

ട്രംപ് ക്ലബ്ബില്‍ ഉണ്ടായിരുന്നത് കൊണ്ട് അതീവ സുരക്ഷാ ക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിരുന്നത്. ഗോള്‍ഫ് ക്ലബ്ബിന് പുറത്ത് നിന്നും അകത്തേക്ക് അക്രമി ഒന്നിലധികം തവണ വെടിയുതിര്‍ക്കുകയായിരുന്നു. വെടിവച്ചതിന് പിന്നാലെ രക്ഷപ്പെടാന്‍ ശ്രമിച്ച അക്രമിയെ ട്രംപിന്റെ സുരക്ഷാസംഘം പിന്തുടര്‍ന്ന് പിടികൂടി.

ട്രംപിനെ ലക്ഷ്യം വച്ചാണ് ആക്രമണം നടന്നതെന്നാണ് സുരക്ഷാ ഏജന്‍സി ഉദ്യോഗസ്ഥര്‍ പറയുന്നത്. ഗോള്‍ഫ് ക്ലബ്ബിന് സമീപത്തെ കുറ്റിക്കാട്ടില്‍ നിന്ന് എകെ 47 തോക്ക് കണ്ടെടുത്തതായി ട്രംപിന്റെ മകനായ ട്രംപ് ജൂനിയര്‍ പറഞ്ഞു. ട്രംപിനെ ഉടനെ തന്നെ സംഭവസ്ഥലത്ത് നിന്ന് മറ്റൊരിടത്തേക്ക് മാറ്റി.

ആക്രമണത്തെ പ്രസിഡന്റ് ജോ ബൈഡനും വൈസ് പ്രസിഡന്റ് കമലാ ഹാരിസും അപലപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News