ആർ. ഗോപാലകൃഷ്ണൻ.
കേരളീയ ചുമർചിത്ര കലാകാരനും ഗുരുവായൂർ ശൈലി ചുമർചിത്ര രചയിതാവുമായിരുന്നു കെ.കെ. വാര്യർ എന്ന കിഴക്കേടത്ത് കുഞ്ഞിരാമ (കെ.കെ.) വാര്യർ. അദ്ദേഹം ഓർമ്മയായിട്ട് ഇന്ന് ആറുവർഷം.
ഗുരുവായൂർ ക്ഷേത്രത്തിൽ അര നൂറ്റാണ്ടു മുമ്പുണ്ടായ (1970) അഗ്നിബാധക്ക് ശേഷം ക്ഷേത്രത്തിനുള്ളിലുണ്ടായ പ്രാചീന ചുമർചിത്രങ്ങൾ പുതിയ ക്ഷേത്രഭിത്തിയിൽ പുനരാവിഷ്കരിക്കാൻ മുൻപന്തിയിൽ നിന്ന കലാകാര സംഘത്തോടൊപ്പം ഇദ്ദേഹം ഉണ്ടായിരുന്നു… 1986-89 കാലഘട്ടത്തിൽ ചുമർചിത്രകലാ ആചാര്യൻ മമ്മിയുർ കൃഷ്ണൻകുട്ടി നായർ, ഗുരുവായൂരിലെ കലാ ശ്രേഷ്ഠൻ എം.കെ. ശ്രീനിവാസൻ മാസ്റ്റർ, എന്നിവരോടൊപ്പം ഗുരുവായൂർ ക്ഷേത്രത്തിന്റെ ശ്രീകോവിലിൽ തെക്കു ഭാഗത്തെ ചിത്രങ്ങൾ 1986-1989 കാലത്തു വരച്ചത് കെ.കെ. വാര്യരും ശിഷ്യന്മാരുമാരും കൂടി ചേർന്നാണ്.
കല്ലൂർ കണ്ണമ്പേത്ത് ഇല്ലത്ത് നാരായണൻ തങ്ങളുടെയും മാധവി വാരസ്യാരുടെയും മകനായി മട്ടന്നൂരിൽ 1934 ൽ ജനനം. (കണ്ണൂർ ജില്ലയിലെ ഒരു നമ്പൂതിരി സമുദായത്തിന്റെ കുലനാമമാണ് ഈ ‘തങ്ങൾ’ ***) കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജിലും തലശ്ശേരി കേരള സ്കൂൾ ഓഫ് ആർട്സിലുമായി വിദ്യാഭ്യാസം.
മട്ടന്നൂർ സ്വദേശിയായ വാരിയർ, തലശ്ശേരി സ്കൂൾ ഓഫ് ആർട്സിൽ നിന്നും സി. വി. ബാലൻ നായരുടെ ശിക്ഷണത്തിൽ ചിത്രകല അഭ്യസിച്ച വാര്യർ മാഷ് 1979-ൽ രുക്മിണി കല്യാണമണ്ഡപത്തിൽ രുക്മിണി സ്വയംവരം കഥ ചിത്രീകരിച്ചാണ്, ഗുരുവായൂരിൽ ചുമർചിത്ര രചനയാരംഭിച്ചത്.
പില്ക്കാലത്ത്, ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയിൽ മ്യൂറൽ ചിത്രകലയുടെ അധ്യാപകനായിരുന്നു. വാര്യർ മാഷ് കൊച്ചി രവിപുരം ഇന്ത്യൻ സ്കൂൾ ഓഫ് ആർട്സിന്റ സ്ഥാപകനാണ്. പിന്നീട് ഗുരുവായൂരിൽ ‘ചിത്രഗേഹം’ എന്ന കലാകേന്ദ്രവും സ്‌ഥാപിച്ചു.
അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് മാതൃശാലാക്ഷേത്രം, കണ്ണൂർ കരിവെള്ളൂർ പുത്തൂർ ശിവക്ഷേത്രം, ആലത്തിയൂർ ഹനുമാൻ പെരുംതൃക്കോവിൽ, കോട്ടയം കുമാരനല്ലൂർ ദേവീക്ഷേത്രം, തൃശൂർ തൈക്കാട്ടുശ്ശേരി വാമനമൂർത്തി ക്ഷേത്രം, വൈപ്പിൻ കുഴുപ്പിള്ളി പളത്താൻകുളങ്ങര ശിവക്ഷേത്രം, അനന്തപുരം ക്ഷേത്രം, ഗുരുവായൂർ ഞാറെക്കാട്ട് പിഷാരം, കിള്ളിക്കുറിശ്ശിമംഗലം മഹാവിഷ്ണുക്ഷേത്രം എന്നിവിടങ്ങളിലെ ചുമർചിത്രങ്ങൾ പുനരാലേഖനം ചെയ്യുകയും പുതിയതായി ചിത്രീകരിക്കുകയും ചെയ്തിട്ടുണ്ട്.
40 വർഷത്തോളം ചുമർചിത്ര കലാധ്യാപകനായിരുന്നു. കേരള ലളിതകലാ അക്കാദമി ഫെല്ലോഷിപ്പു നൽകി ആദരിച്ചിട്ടുണ്ട്; അതിനു മുമ്പായി, കേരള ലളിത കലാ അക്കാദമി സ്റ്റേറ്റ് അവാർഡുകൾ 1969, 1974, 1978 വർഷങ്ങളിൽ ലഭിച്ചു. ഇതിനു പുറമെ അക്കാദമിയുടെ തന്നെ ‘ലളിതകലാ പുരസ്‌കാരം’ വും (2004) നേടിയിരുന്നു. ദേശീയ അധ്യാപക പുരസ്‌കാരം, കേന്ദ്രസർക്കാർ സീനിയർ ഫെലോഷിപ്പ്, ജന്മാഷ്‌ടമി പുരസ്‌കാരം, വർണകുലപതി, കലാപ്രവീൺ തുടങ്ങിയ അംഗീകാരങ്ങൾ നേടിയിട്ടുണ്ട്.
‘സംരക്ഷിത ചുമർചിത്രങ്ങൾ’എന്ന കൃതി പ്രശസ്തമാണ്. ‘ചിത്രസൂത്രം’, ‘ചിത്ര ലക്ഷണ’ തുടങ്ങിയ ഗ്രന്ഥങ്ങളുടെ കർത്താവാണ്.
2018 ഓഗസ്റ്റ് ആറിന്, 84-ാം വയസ്സിൽ, വാര്യർ മാഷ് നിര്യാതനായി. മൃതദേഹം സംസ്കാരിച്ചത് മട്ടന്നൂരിലാണ്. ഭാര്യ: ദാക്ഷായണി വാരസ്യാര്. മക്കള്: ശശികുമാർ (ഇന്ത്യന് സ്കൂള് ഓഫ് ആര്ട്സ് കൊച്ചി), രവികുമാര് (ബി. എസ്.എന്.എല് കണ്ണൂര്), താരാ കൃഷ്ണന് (വിദ്യാഭവന് പ്രിന്സിപ്പൽ, ചേവായൂര്).
————————————————————————————————————–
(കേരള സാഹിത്യ അക്കാദമിയുടെ സെക്രട്ടറിയായിരുന്നു ലേഖകന്‍)
______________________________
കൂടുതല്‍ വാര്‍ത്തകള്‍ക്കായി
സന്ദര്‍ശിക്കുക
____________
Post Views: 142