വാഷിംഗ്ടൺ: മുംബൈ ഭീകരാക്രമണത്തിന് പിന്നിൽ പ്രവർത്തിച്ചു എന്ന് ആരോപിക്കപ്പെടുന്ന പാകിസ്ഥാനി – കനേഡിയൻ ബിസിനസുകാരൻ തഹാവൂർ റാണയെ ഇന്ത്യയ്ക്ക് കൈമാറാൻ അമേരിക്കയിലെ സുപ്രീം കോടതി ഉത്തരവിട്ടു.
2008 നവംബർ 26ന് നടന്ന ഭീകരാക്രമണത്തിൽ 166 പേരാണ് കൊല്ലപ്പെട്ടത്.തന്നെ ഇന്ത്യയ്‌ക്ക് കൈമാറരുതെന്ന് ആവശ്യപ്പെട്ട് റാണ സമർപ്പിച്ച ഹർജി കോടതി തള്ളി. ഹർജി തള്ളണമെന്ന് അമേരിക്കയിലെ സർക്കാർ നേരത്തെ കോടതിയോട് അഭ്യർഥിച്ചിരുന്നു.
അറുപത്തിമൂന്നുകാരനായ റാണ ലോസ് ഏഞ്ചൽസ് ജയിലിലാണ്. ഇയാളും അമേരിക്കയിൽ വെറൊരു ഭീകരനായ ഡേവിഡ് ഹെഡ്‌ലിയും ലഷ്‌കറെ ത്വയ്ബ അടക്കമുള്ള പാക് ഭീകര സംഘടനകൾക്കൊപ്പം ചേർന്ന് ഭീകരാക്രമണത്തിന് ഗൂഢാലോചന നടത്തിയെന്നാണ് കേസ്.
റാണയെ ഇന്ത്യയ്ക്ക് കൈമാറാമെന്ന് കീഴ്‌ക്കോടതി മുമ്പ് ഉത്തരവിട്ടിരുന്നു. ഇതിനെതിരെ റാണ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. റാണ കുറ്റക്കാരനാണെന്ന് വ്യക്തമാക്കുന്ന തെളിവുകൾ ഇന്ത്യ കൈമാറിയിരുന്നു.
ഡെൻമാർക്കിൽ ഭീകരാക്രമണത്തിന് പദ്ധതിയിട്ട ഒരു കേസിലും ലഷ്‌കർ ഭീകരർക്ക് സഹായം നൽകിയ കേസിലും കുറ്റക്കാരനാണെന്ന് കണ്ടെത്തിയ റാണയെ 2013ൽ ഷിക്കാഗോ കോടതി 14 വർഷം തടവിന് വിധിച്ചിരുന്നു.
മുംബൈ ഭീകരാക്രമണത്തിലെ പങ്ക് തെളിയാത്തതിനാൽ ആ കേസിൽ ഇയാൾക്ക് കോടതി ശിക്ഷ നൽകിയില്ല. 2020 ജൂണിൽ കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ജയിൽ മോചിതനായ ഇയാളെ ഇന്ത്യയുടെ ആവശ്യപ്രകാരം വീണ്ടും അറസ്റ്റ് ചെയ്യുകയായിരുന്നു.