കൊച്ചി: ബി ജെ പി നേതാവ് പി പി മുകുന്ദൻ (77) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ രാവിലെ 8.10ഓടെയായിരുന്നു അന്ത്യം.
1946 ഡിസംബർ ഒൻപതിന് കണ്ണൂർ കൊട്ടിയൂർ കൊളങ്ങരയത്ത് തറവാട്ടിൽ കൃഷ്ണൻ നായരുടെയും കല്യാണിയമ്മയുടെയും മകനായി ജനിച്ചു. ഹൈസ്കൂള്‍ പഠനകാലത്താണ് രാഷ്ട്രീയ സ്വയംസേവക സംഘത്തില്‍ ആകൃഷ്ടനാകുന്നത്. മണത്തലയില്‍ ആര്‍എസ്എസ് ശാഖ ആരംഭിച്ചപ്പോള്‍ സ്വയംസേവകനായി. 1965 ല്‍ കണ്ണൂര്‍ ജില്ലയില്‍ പ്രചാരകനായി. 1967 ല്‍ ചെങ്ങന്നൂര്‍ താലൂക്ക് പ്രചാരകനായി. 1972 ല്‍ തൃശൂര്‍ ജില്ലാ പ്രചാരകനായും പ്രവര്‍ത്തിച്ചു.
ബി ജെ പി മുൻ സംഘടനാ ജനറൽ സെക്രട്ടറിയായിരുന്നു. ദീർഘകാലം ബി ജെ പി എക്സിക്യൂട്ടീവ് അംഗമായും പ്രവർത്തിച്ചിട്ടുണ്ട്. 1988 -95 വരെ ജന്മഭൂമി മാനേജിംഗ് ഡയറക്ടറായിരുന്നു. 2006 മുതൽ പാർട്ടിയിൽ നിന്ന് അകന്നുനിന്ന അദ്ദേഹം വർഷങ്ങൾക്ക് ശേഷമാണ് തിരിച്ചെത്തിയത്.
അടിയന്തരാവസ്ഥക്കാലത്ത് 21 മാസം ജയിലിൽ കിടന്നിട്ടുണ്ട്. അടിയന്തരാവസ്ഥ പിന്‍വലിച്ച് രണ്ടു മാസത്തിനുശേഷം ജയില്‍ മോചിതനായ മുകുന്ദന് കോഴിക്കോടും തിരുവനന്തപുരത്തും വിഭാഗ് പ്രചാരകനായും പ്രാന്തീയ സമ്പര്‍ക്ക പ്രമുഖായും കാല്‍നൂറ്റാണ്ടു കാലം പ്രവര്‍ത്തിച്ചു. തിരുവനന്തപുരത്ത് പുത്തരിക്കണ്ടം മൈതാനിയില്‍ നടത്തിയ ഹിന്ദുസംഗമത്തോടു കൂടിയാണ് പി.പി.മുകുന്ദന് മുഖ്യധാരയില്‍ ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്.
കേരളം, പോണ്ടിച്ചേരി, തമിഴ്നാട്, ആൻഡമാൻ നിക്കോബർ എന്നിവടങ്ങളിൽ മേഖലാ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. അവിവാഹിതനാണ്.ഇടക്കാലത്ത് സജീവ രാഷ്ട്രീയത്തില്‍ നിന്ന് മാറിനിന്ന മുകുന്ദന് 2022 ഓടെ ബിജെപിയിലേക്ക് തിരികെയെത്തിയിരുന്നു.