മുകേഷിനെപ്പററി അന്ന് സരിത പറഞ്ഞ് കഥകൾ….

കൊച്ചി: സിനിമ രംഗത്ത് നിന്നുള്ള ലൈംഗികാരോപണങ്ങളിൽ കുടുങ്ങിയ നടന്‍ മുകേഷിന് എതിരെ വര്‍ഷങ്ങള്‍ക്കുമുമ്പ് ആദ്യ ഭാര്യയായ നടി സരിത നടത്തിയ പരാമര്‍ശങ്ങള്‍ വീണ്ടും സജീവ ചര്‍ച്ചയാവുകയാണ്.

ഇപ്പോഴത്തെ ആരോഗ്യമന്ത്രി വീണാജോർജ്,സരിതയുമായി ഇന്ത്യാവിഷനിൽ നടത്തിയ അഭിമുഖം വീണ്ടും വൈറലാവുകയാണ്.നേരത്തെ ടെലിവിഷൻ രംഗത്തെ ശ്രദ്ധേയയായ മാധ്യമ പ്രവർത്തകയായിരുന്നു വീണാ ജോർജ്ജ്.

നർത്തകി മേതില്‍ ദേവികയുമായുള്ള രണ്ടാം വിവാഹ സമയത്താണ് സരിത,മുകേഷിനെതിരെ ഗുരുതരമായ ചില വെളിപ്പെടുത്തലുകള്‍ നടത്തിയത്. സ്ത്രീകളോട് എങ്ങനെ പെരുമാറണമെന്ന് മുകേഷിന് അറിയില്ല. സ്ത്രീവിഷയങ്ങളാണ് പിരിയാനുള്ള പ്രധാനകാരണം.മദ്യപാനവും ഗാര്‍ഹിക പീഡനവും പതിവായിരുന്നെന്നും സരിത പറഞ്ഞു.

സരിത പറഞ്ഞ കാര്യങ്ങള്‍ ഏതാണ്ട് ഇങ്ങനെ:

ഞാനനുഭവിച്ച കാര്യങ്ങൾ എനിക്ക് പറയാൻ നാണക്കേടായിരുന്നു.. എനിക്ക് സംഭവിക്കുന്നത് എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ലായിരുന്നു..ഞാൻ സിനിമയിലഭിനയിച്ചിട്ടുണ്ട്.. സിനിമയിൽ ഇങ്ങനെയെല്ലാം കണ്ടിട്ടുണ്ട്.. ജീവിതത്തിൽ അതെല്ലാം സംഭവിക്കുമെന്ന് ഞാൻ കരുതിയില്ലായിരുന്നു.. മാധ്യമങ്ങളിൽ നിന്ന് ചിലരൊക്കെ ഞാനനുഭവിക്കുന്ന കാര്യങ്ങൾ അറിഞ്ഞിട്ട് വിളിക്കുമ്പോൾ ഞാനവരോട് അതൊക്കെ നിഷേധിക്കുമായിരുന്നു.. എനിക്ക് നാണക്കേടായിരുന്നു ആരോടെങ്കിലും ഇതൊക്കെ പറയാൻ.

എല്ലാം നന്നായി പോകുന്നു എന്ന് ബോധിപ്പിക്കാൻ ഓണത്തിനൊക്കെ ഞങ്ങൾ ആഹ്ലാദമഭിനയിച്ച് ഫോട്ടോസെടുക്കും.. ഈ കുടുംബപ്രശ്നങ്ങൾ നടക്കുന്നതിനിടയിലും അദ്ദേഹത്തിന് പല ബന്ധങ്ങളുമുണ്ടായിരുന്നു. അതു തെറ്റാണെന്ന് സ്വയം മനസ്സിലാക്കി അദ്ദേഹം തിരിച്ചുവരുമെന്ന് ഞാൻ വെറുതെ പ്രതീക്ഷിച്ചു.

ഞാൻ ഗർഭിണിയായിരിക്കുമ്പോൾ ഒരിക്കൽ അദ്ദേഹമെന്‍റെ വയറ്റിൽ ചവിട്ടിയപ്പോൾ ഞാൻ മുറ്റത്തേക്കു വീണു. വീണപ്പോൾ ഞാൻ കരഞ്ഞു.. അത്തരം സന്ദർഭങ്ങളിൽ “ഓ.. നീയൊരു നല്ല നടിയാണല്ലോ.. കരഞ്ഞോ… കരഞ്ഞോ ” എന്നദ്ദേഹം പറയുമായിരുന്നു. അദ്ദേഹം സ്ഥിരമായി എന്നെ ഉപദ്രവിക്കാനായി എന്തെങ്കിലും ചെയ്യുമായിരുന്നു.. ഒരിക്കൽ ഞാൻ നിറ ഗർഭിണിയായിരിക്കെ ഒമ്പതാം മാസത്തിൽ ഞങ്ങളൊന്നിച്ച് പുറത്തൊരു ഡിന്നറിന് പോയി. ശേഷം കാറിൽ കയറാനായി ഞാൻ ശ്രമിച്ചപ്പോൾ അദ്ദേഹം വണ്ടി മുന്നോട്ടും പിന്നോട്ടും എടുത്ത് എന്നെ കബളിപ്പിച്ചു കൊണ്ടേയിരുന്നു.

ഞാൻ കാറിനു പിറകെ ഓടി താഴെ വീണു.. ഞാൻ അവിടിരുന്ന് കരഞ്ഞെങ്കിലും ആ കണ്ണീർ അദ്ദേഹത്തെ കാട്ടാതിരിക്കാൻ ശ്രമിച്ചു.. കരയുന്നത് കണ്ടാൽ അദ്ദേഹമെന്നെ പരിഹസിക്കുമായിരുന്നു.. ഒരിക്കൽ ഒരു പാതിരാത്രിക്ക് മദ്യപിച്ച് കടന്നു വന്നപ്പോൾ “എന്താണ് വൈകിയത് ” എന്നൊരു ചോദ്യം തീർത്തും സ്വാഭാവികമായി നമ്മളൊക്കെ ചോദിക്കാറുള്ളതുപോലെ ഞാൻ ചോദിച്ചതിന് അദ്ദേഹം മുടിയിൽ ചുറ്റിപ്പിടിച്ച് നിലത്തിഴച്ചു.. മർദ്ദിച്ചു..

ഇത്രയൊക്കെ പ്രശ്നങ്ങള്‍ നേരിട്ടും സരിത പൊലീസിനെ സമീപിച്ചിരുന്നില്ല എന്ന ചോദ്യത്തിന് മുകേഷിന്‍റെ അച്ഛന് കൊടുത്ത വാക്കാണത് എന്നായിരുന്നു സരിതയുടെ മറുപടി. അദ്ദേഹം മരിക്കുന്നുവരെ ഞാനാ വാക്ക് പാലിച്ചുവെന്നും സരിത വെളിപ്പെടുത്തി.

 

Veteran actor's second wife files for divorce - Tamil News - IndiaGlitz.com

 

ഒരിക്കൽ അവരുടെ വീട്ടിൽ അവരുടെ ജോലിക്കാരിയുടെ മുമ്പിൽ വെച്ച് മുകേഷ് തന്നെ ഒരുപാട് ഉപദ്രവിച്ചതിനു ശേഷം ആ വീട്ടിലേക്കുള്ള പോക്കു നിർത്തിയിരുന്നു. പക്ഷേ ഒരിക്കൽ ടാക്സ് കാര്യങ്ങൾക്കായി തിരുവനന്തപുരത്തു വന്നപ്പോൾ മുകേഷിൻ്റെ അച്ഛൻ തന്നെ കൊണ്ടുപോകാനായി വന്നു..

എൻ്റെ അച്ഛൻ മരിച്ചതിനുശേഷം ഞാൻ അദ്ദേഹത്തെയാണ് അച്ഛനായി കരുതിയിരുന്നത്.എയർപോർട്ടിൽ വെച്ച് അച്ഛനെന്നോടു പറഞ്ഞു ‘വീട്ടിലേക്കു പോകാ’മെന്ന്.. ഞാൻ പറഞ്ഞു: ‘ഇല്ലച്ഛാ .. പങ്കജിൽ റൂമെടുത്തിട്ടുണ്ട്..ഞാൻ വരുന്നില്ല.. ‘എന്ന് .

അദ്ദേഹം ഡ്രൈവറുടെ മുന്നിൽ വെച്ച് ഒന്നും സംസാരിക്കാതെ എന്‍റെ കൂടെ മുറിയിലേക്കു വന്നു.. എന്നിട്ട് അവിടെ വെച്ച് എന്‍റെ കൈകൾ കൂട്ടിപ്പിടിച്ചു കൊണ്ട്,: “നീ കടന്നു പോകുന്നത് എന്തിലൂടെയൊക്കെയാണെന്ന് എനിക്കറിയാം.. എന്‍റെ മോൻ ശരിയല്ലെന്നും എനിക്കറിയാം… പക്ഷേ ഇതു മീഡിയയിലൊന്നും വരരുത്. മോള് സഹിക്ക് എന്നൊക്കെ പറഞ്ഞു.. ആ പ്രോമിസ് ഇന്നുവരെ ഞാൻ കാത്തു.

ഇന്നാണ് ഞാനത് ബ്രേക്ക് ചെയ്യുന്നത്. എന്തുകൊണ്ടെന്നാൽ എന്‍റെ നിശ്ശബ്ദത തെറ്റിദ്ധരിക്കപ്പെട്ടു… ആർക്കുമറിയില്ലായിരുന്നു എന്താണ് സംഭവിച്ചതെന്നും സരിത കൂട്ടിച്ചേര്‍ത്തു. ഇത്തരത്തിലുള്ള ധാരാളം ആരോപണങ്ങള്‍ മുകേഷിന് നേരെ ഉയര്‍ന്നെങ്കിലും അതെല്ലാം വിവാഹമോചനത്തിനായി കെട്ടിചമച്ച കഥകളാണെന്നായിരുന്നു മിക്കയാളുകളുടെയും വാദം.

ഇടതുപക്ഷ സഹയാത്രികയും അധ്യാപികയുമായ ദീപ നിശാന്ത് ഈ അഭിമുഖം പങ്കുവെച്ച ശേഷം ഫേസ്ബുക്കിൽ ഇങ്ങനെ കുറിക്കുന്നു:

പിന്നെയും ഒരുപാടു കാര്യങ്ങൾ സരിത പറയുന്നുണ്ട്… തൻ്റെ അധികാരത്തിൻ്റെയും സ്വാധീനത്തിൻ്റെയും മദോന്മാദത്തിൽ നിരന്തരം ഭീഷണിപ്പെടുത്തുമായിരുന്ന ഭർത്താവിനെപ്പറ്റി… കോടതിയിൽ തന്നെ വേദനിപ്പിക്കുകയും കുട്ടികളെ വേർപിരിക്കുകയും ചെയ്യണമെന്ന ഒറ്റ ലക്ഷ്യത്തോടെ കുട്ടികളിലൊരാളുടെ കസ്റ്റഡി ആവശ്യപ്പെട്ട് കേസ് ഫയൽ ചെയ്ത ഭർത്താവിനെപ്പറ്റി….

അയാളിൽ അസൂയാലുവായ ഒരു വ്യക്തി കൂടി വളരുന്നതറിഞ്ഞ് തനിക്ക് ലഭിക്കുന്ന അവാർഡുകളെപ്പറ്റിയോ തേടി വന്ന മികവുറ്റ അവസരങ്ങളെപ്പറ്റിയോ പറയാതെ മറച്ചുവെച്ച് അയാളെ സന്തോഷിപ്പിക്കാനായി തനിക്കുള്ളതെല്ലാം കൊടുത്ത് പുത്തൻകാറുകളും ഫ്ലാറ്റും വാങ്ങി നൽകുന്ന വിഡ്ഢിയായ ഒരു പെണ്ണിനെക്കൂടി ഈ അഭിമുഖത്തിൽ നമുക്കു കാണാം….

കാണണം… ചില കാര്യങ്ങൾ പറയേണ്ട സമയത്തു തന്നെ പറയണം.. ഇടതുപക്ഷമാണെന്ന അഭിമാനബോധത്തോടെ തന്നെയാണ് പറയുന്നത്.. നാഴികയ്ക്കു നാൽപ്പതു വട്ടം നാടക പാരമ്പര്യവും കുടുംബ പാരമ്പര്യവും രാഷ്ട്രീയപാരമ്പര്യവും പറഞ്ഞ് നടക്കുന്ന അയാളെപ്പോലുള്ളവരെ ഇടതുപക്ഷത്തിൻ്റെ തണലിൽ ഇനിയും വളരാൻ അനുവദിക്കരുത് …