കൊച്ചി :എത്രപേർക്ക് എം.ടിയെപ്പോലെ ജീവിക്കാൻ കഴിയും ?എന്നതല്ല എത്ര പേർക്ക് എം.ടിയെ പ്പോലെ മരിക്കാൻ കഴിയും? എന്ന ചോദ്യവും ബാക്കിയാവുന്നു! എം ടിയുടെ വിയോഗത്തെക്കുറിച്ചു എഴുത്തുകാരനായ ആര്യാലാൽ ഫേസ്ബുക്കിലെഴുതുന്നു
“തൊണ്ണൂറ്റിയാന്നിൻ്റെ നിറവിൽ ഈ മനുഷ്യൻ ദേഹം ഉപേക്ഷിച്ചു….! അദ്ദേഹം തന്നെ പറഞ്ഞപോലെ “മരണം അവസാനമല്ല മനോഹരമായ മറ്റൊരു തുടക്കമാണ്. ” മഹാ മൃത്യുഞ്ജയം മുഴങ്ങുന്ന മനോഹരായ മറ്റൊരു കൊഴിഞ്ഞു പോകൽ മലയാളം കാണുന്നു!ഞെട്ടടരും മുന്നേ പാകമായ ഒരു ഫലം അതിൻ്റെ മൃതിയെക്കടന്ന് അമരത്വം പ്രാപിച്ചിരിക്കുന്നു.”മൃത്യോർ മുക്ഷീയമാമൃതാത്” എന്ന പ്രാർത്ഥന സഫലമായിരിക്കുന്നു.”ആര്യാലാൽ എഴുതുന്നു.
പോസ്റ്റിന്റെ പൂർണ രൂപം ചുവടെ:-
ഭാഷയുടെ രസഭേദങ്ങൾ വരുത്തിയ മാന്ത്രികാനുഭൂതികളായിരുന്നു ആ കഥാപ്രപഞ്ചം. ജോസി വാഗമറ്റവും മാത്യുമറ്റവും ഒക്കെ എഴുതിയിരുന്നെങ്കിൽ ‘പൈങ്കിളി’ എന്ന് ആക്ഷേപിക്കപ്പെടുമായിരുന്ന കഥാപരിസരങ്ങളിലാണ് ഭാഷയുടെ ഭാവദീപ്തിയും പ്രതിഭയുടെ കൈയ്യടക്കവും കൊണ്ട് ആ മനുഷ്യൻ ഉദാത്തത വരുത്തിയത്.
“ഈ ലോകം ഒരു പളുങ്കുപാത്രം പോലെ എൻ്റെ കയ്യിൽ കിട്ടിയാൽ എറിഞ്ഞുടച്ചിട്ട് എൻ്റെ ഇഷ്ടത്തിനൊന്ന് തീർക്കുമായിരുന്നു” എന്നു പറഞ്ഞത് ഒമർ ഖയ്യാമാണ്. മൗനം മുഖമുദ്രയാക്കിയ എം.ടി അങ്ങനെയൊന്നും പറഞ്ഞില്ല എങ്കിലും കാവ്യപ്രപഞ്ചത്തിലൂടെ അങ്ങനെയൊന്നു തീർത്തു വയ്ക്കാൻ ശ്രമിച്ചു. വ്യാസൻ്റെ ഭാരതം ‘വാസൂൻ്റെ ഭാരത’മാകുന്നതങ്ങനെയാണ്. പാണൻ്റെ വടക്കൻപാട്ട് ചതിയനാക്കിയ ചന്തുവിനെ ‘വീരഗാഥ’ വിശുദ്ധമാക്കുന്നതങ്ങനെയാണ്. ‘പണിതിട്ടും പണിതിട്ടും പണിതീരാത്ത കഥാപ്രപഞ്ചത്തിലെ നാലുകെട്ടിൻ്റെ പടിപ്പുരമുറ്റത്ത് സ്വന്തം മുറികളായി’ മാറുകയായിരുന്നു ഓരോ രചനയും.ഈ ലോകത്തിൽ സ്വന്തം ലോകം സൃഷ്ടിക്കാനുള്ള ആ കഥാകാരൻ്റെ തീവ്രശക്തിയുള്ള ആയുധം ഭാഷയായിരുന്നു. ആശയപ്രകാശനത്തിനുള്ള ഉപാധിയല്ലാത്ത,ആശയം തന്നെയായി മാറിയ ഭാഷയാണ് എം ടിയുടെ സാഹിത്യലോകം!
“ലോകത്ത് ഈശ്വരനുണ്ടോ എന്നൊനും എനിക്കറിയില്ല പക്ഷെ എൻ്റെ കൂടല്ലൂരമ്മ സത്യമാണ് എന്നെനിക്കറിയാം” എന്നു പറഞ്ഞ ഒരു എം.ടിയുണ്ട്. കഥാപരിസരങ്ങളിലും കഥാപാത്രങ്ങളിലും എം.ടി കാത്തുസൂക്ഷിച്ച യുക്തിയും അതു തന്നെയായിരുന്നു.
വായിച്ച മനുഷ്യർ അവരുടെ ഹൃദയങ്ങളിൽ ഭഗവതിയമ്മയെ,സേതുവിനെ,ശ്രീധരനെ ,അപ്പുണ്ണിയെ,ഗോവിന്ദൻകുട്ടിയെ.ഉണ്ണിയെ,സുഭദ്രയെ ജാനകിയേടത്തിയെ, വിമലയെ,ഭീമനെ ഒക്കെ തിരഞ്ഞ് കണ്ടെടുത്തു. ഭാഷയുടെ മാന്ത്രിക വാതിൽ തുറന്നു കിട്ടിയവർ അതിലൂടെ ആ കഥാപാത്രങ്ങളിലേക്ക്, അവരുടെ ഭാവങ്ങളിലേക്ക് പരകായ പ്രവേശം ചെയ്തു. വൈകാരികത ഘനീഭവിച്ച ഹൃദയാനുഭവങ്ങളായിരുന്നു ഓരോ വായനാനുഭവങ്ങളും. പക്ഷെ ആ ഭാഷയുടെ അമൃതധാര ഒഴുകി വന്ന് ഒരോ വികാരാനുഭൂതികളെയും വികലമാവാതെ വിശുദ്ധമാക്കിക്കൊണ്ടിരുന്നു. വായിച്ചവരിൽ എത്രയോ പേർക്കത് നിശബ്ദതകളിൽ സ്വകാര്യമായ ധ്യാനമന്ത്രമായിത്തീർന്നു. ചിലരുടെയെങ്കിലും ഹൃദയങ്ങൾക്കത് പരിവർത്തനത്തിൻ്റെ രസായനമായി.
“മഹാപുരാണങ്ങളിലെ മഹിത ബിംബങ്ങളെ ഭടജനങ്ങളുടെ നടുവിലേക്ക് വലിച്ചിഴച്ച് കൊണ്ടുവന്ന് കോലം കെട്ടി തുള്ളിച്ചതു” കണ്ടിട്ടാണ് നമ്പ്യാരെ നേരിൽ കണ്ടാൽ ചാണകം മുക്കിയ ചൂലിനു തല്ലണം എന്ന് മാരാര് അഭിപ്രായപ്പെട്ടത്. എംടിയോടും കലഹിച്ചവരുണ്ട്. ഭീമനും ചന്തുവും മാത്രമല്ല ഭഗവതിയുടെ മുഖത്തു വീണ ദൈന്യതയുടെ തുപ്പലും ആ വിമർശനത്തിനു കാരണമാണ്. കലയുടെയും കഥയുടെയും യുക്തി ലോക യുക്തിയിൽ നിന്നും വ്യത്യസ്തമായിരിക്കാം. വിമർശനാതീതമായ ഒരലൗകികത എം.ടി യിലുമില്ല. ആ കഥകളിലെ ദാരിദ്രവും സൗന്ദര്യ വീക്ഷണങ്ങളും ലോകക്രമങ്ങളും ഒക്കെ വിമർശിക്കപ്പെട്ടിട്ടുണ്ട്. വിമർശനാതീതമായതൊന്നും എങ്ങുമില്ലാത്ത പോലെ എം.ടി യിലുമില്ല.
എം.ടിയില്ലായിരുന്നെങ്കിൽ ഒരു എം.ടി മാത്രമല്ല ഇല്ലാതാവുന്നത് എന്നതാണ് ആ മനുഷ്യൻ്റെ ജീവിതത്തെ മഹത്വപ്പെടുത്തുന്നത്. അങ്ങനെയുള്ള മനുഷ്യർ അനേകമില്ല. ആ മനുഷ്യൻ മരിച്ചിരിക്കുന്നു. ഭാവുകത്വ പരിണാമങ്ങളുടെ ലോകത്ത് ആ ഭാഷ ജീവിച്ചിരിക്കുമെങ്കിൽ എം.ടി മരിക്കുകയില്ല! ഹൃദയം ഒരു രക്താശയം മാത്രമായി മാറാത്ത കാലത്തോളം ആ ഭാഷയ്ക്ക് മരിക്കാൻ കഴിയുകയുമില്ല. മനുഷ്യ ബന്ധങ്ങളുടെ ‘ഫ്രെയിം ഓഫ് റഫറൻസ്’ സ്ഥായിയായിരിക്കുന്ന കാലം വരെയെ ലോക സാഹിത്യത്തിനു പോലും നിലനില്പുള്ളൂ. “നിൻ്റെ അച്ഛൻ ഉഴുതമണ്ണിൽ നീ വിതച്ചു” എന്ന വരികളിലെ നാടകീയത സോഫോക്ലീസിൻ്റെ കാലം മുതലിങ്ങോട്ടു തുടരുന്നത് അതുകൊണ്ടാണ്.എം. ടി. സാഹിത്യവും ചെന്നുറച്ചിരിക്കുന്നത് അത്തരം മനുഷ്യ ബന്ധങ്ങളിലാണ്. മനുഷ്യ ബന്ധങ്ങളവസാനിക്കുന്ന കാലം വരെയും ജീവിച്ചിരിക്കുന്നൊരു ഭാവുകത്വ പരിണിതിയുടെ പേരാണ് എം.ടി.
തൊണ്ണൂറ്റിയാന്നിൻ്റെ നിറവിൽ ഈ മനുഷ്യൻ ദേഹം ഉപേക്ഷിച്ചു….! അദ്ദേഹം തന്നെ പറഞ്ഞപോലെ “മരണം അവസാനമല്ല മനോഹരമായ മറ്റൊരു തുടക്കമാണ്. ” മഹാ മൃത്യുഞ്ജയം മുഴങ്ങുന്ന മനോഹരായ മറ്റൊരു കൊഴിഞ്ഞു പോകൽ മലയാളം കാണുന്നു!ഞെട്ടടരും മുന്നേ പാകമായ ഒരു ഫലം അതിൻ്റെ മൃതിയെക്കടന്ന് അമരത്വം പ്രാപിച്ചിരിക്കുന്നു.”മൃത്യോർ മുക്ഷീയമാമൃതാത്” എന്ന പ്രാർത്ഥന സഫലമായിരിക്കുന്നു. എത്രപേർക്ക് എം.ടിയെപ്പോലെ ജീവിക്കാൻ കഴിയും ?എന്നതല്ല എത്ര പേർക്ക് എം.ടിയെ പ്പോലെ മരിക്കാൻ കഴിയും? എന്ന ചോദ്യവും ബാക്കിയാവുന്നു!
ചില നിലവിളികളാണ് മരണത്തെ മലിനമാക്കുന്നത്. പട്ടിണി കിടന്നു മരിച്ച അച്ഛൻ്റെ മുതദേഹത്തോടു ചേർന്നിരുന്ന് “ഒരു ദോശ തിന്നിട്ടു പോ അച്ഛാ”എന്നു കരഞ്ഞ നാട്ടുകാരിയായ ഒരു മകളെ എനിക്കറിയാം. കണ്ടുനിന്നവരെ ചിരിപ്പിച്ച ഒരു കരച്ചിൽ! “മലയാളം മരിച്ചു പോയി” എന്നെഴുതി വിവേകശൂന്യരായ മാപ്രകൾ മുന്നെ മരിച്ചവരെയും ജീവിച്ചിരിക്കുന്നവരെയും അപമാനിക്കരുത്. കുറഞ്ഞ പക്ഷം അദ്ദേഹത്തിനൊപ്പം മരിക്കാതെ ജീവിച്ചിരിക്കുന്ന കഥാപാത്രങ്ങൾക്കെങ്കിലും നിത്യജീവനിണങ്ങാൻ മലയാളം ജീവിച്ചിരിക്കട്ടെ.
ഭാഷയുടെ ,കഥയുടെ ചെമ്പകപ്പൂ സുഗന്ധം സ്വർഗത്തിലും പരക്കട്ടെ.!
Post Views: 10