തിരുവനന്തപുരം: വിവാദങ്ങള്‍ക്ക് പിന്നാലെ 200 കോടി ക്ലബ്ബില്‍ ഇടംപിടിച്ച മോഹന്‍ലാല്‍ -പൃഥ്വിരാജ് ചിത്രം എമ്പുരാനില്‍ നിർമാതാക്കൾ സ്വയം വരുത്തിയത് 24 വെട്ടുകള്‍.
സ്ത്രീകൾക്ക് എതിരായ അതിക്രമം നടത്തുന്ന ഭാഗങ്ങൾ മുഴുവൻ ഒഴിവാക്കി.മതചിഹ്നങ്ങളുടെ പശ്ചാത്തലത്തിൽ വാഹനങ്ങൾ കടന്നു പോകുന്ന ഭാഗങ്ങളുമില്ല. ഒപ്പം തന്നെ എന്‍ഐഎ എന്ന് പരാമര്‍ശിക്കുന്ന പരാമർശങ്ങൾ നീക്കം ചെയ്തിട്ടുണ്ട്. പ്രധാന വില്ലന് കഥാപാത്രത്തിന്റെ പേര് ബജ്റംഗി എന്നത് മാറ്റി ബൽദേവ് എന്നാക്കി.നന്ദി കാർഡിൽ നിന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപിയെ ഒഴിവാക്കിയിട്ടുണ്ട്.
അതേ സമയം ഇത് ചെയ്തത് എല്ലാവരുടെയും സമ്മതപ്രകാരം ആണെന്നും, സമ്മർദ്ദങ്ങൾക്ക് വഴങ്ങിയല്ലെന്നും നിർമാതാവ് ആന്റണി പെരുമ്പാവൂർ പറഞ്ഞു.തെറ്റുകള്‍ തിരുത്തുക എന്നത് ഞങ്ങളുടെ ചുമതല ആണെന്നും പൃഥ്വിരാജിനെ ഒറ്റപ്പെടുത്തേണ്ട കാര്യമില്ലെന്നും അദ്ദേഹം അറിയിച്ചു.
ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം മലയാളത്തിലെ എക്കാലത്തെയും വലിയ രണ്ടാമത്തെ കളക്ഷന്‍ എന്ന നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് എമ്പുരാന്‍. ടൊവിനോ തോമസ് നായകനായ 2018 എന്ന ചിത്രത്തെ മറികടന്നാണ് ഈ നേട്ടം. 175.4 കോടി ആയിരുന്നു 2018 ന്‍റെ നേട്ടം. എന്നാൽ വെറും അഞ്ച് ദിനങ്ങള്‍ കൊണ്ടാണ് എമ്പുരാന്‍ ഇതിനെ മറികടന്നിരിക്കുന്നത്.
മോഹന്‍ലാലിന്‍റെ ആദ്യ 200 കോടി ക്ലബ്ബ് ചിത്രവുമാണ് ഇത്. മഞ്ഞുമ്മല്‍ ബോയ്സ് മാത്രമാണ് മലയാളത്തില്‍ എമ്പുരാന് മുന്നില്‍ കളക്ഷനില്‍ അവശേഷിക്കുന്നത്. 240 കോടിയാണ് മഞ്ഞുമ്മലിന്‍റെ നേട്ടം.
ഹൈന്ദവ സംഘടനകളും സംഘപരിവാർ അനുകൂലികളും അതിരൂക്ഷമായി ആക്രമിച്ചതിനെ തുടർന്നാണ് വിവാദ ഭാഗങ്ങൾ മുറിച്ചുമാററാൻ നിർമാതാക്കൾ നിർബന്ധിതരായത്. എന്നാൽ ഇടതുപക്ഷവും കോൺഗ്രസ്സും അടക്കം നിർമാതാക്കളെ പിന്തുണച്ചുവെങ്കിലും അതിനു ഫലമുണ്ടായില്ല.
സിനിമയിലെ നായകൻ മോഹൻലാലിനെയും സംവിധായകൻ പൃഥ്വിരാജിനെയും അതിനിശിതമായി വിമർശിച്ച് ആർ എസ് എസ് മുഖപത്രമായ ഓർഗനൈസർ രംഗത്ത് വന്നിരുന്നു.
മോഹൻലാൽ കഥ മുൻകൂട്ടി അറിഞ്ഞില്ലെന്നത് വിശ്വസിക്കാനാവില്ല. സിനിമയിൽ പൃഥ്വിരാജ് അവതരിപ്പിച്ച കഥാപാത്രത്തിന്റെ പേര് സയീദ് മസൂദ് ആണെന്നത് യാദൃശ്ചികമാണെന്ന് കരുതുന്നില്ല. ജയ്ഷെ മുഹമ്മദ് ഭീകരൻ മസൂദ് അസ്ഹറിന്റെയും ലഷ്കറെ തയിബ ഭീകരൻ ഹാഫിസ് സയീദിന്റെയും പേരുകളുടെ ഒരു സംയോജിത രൂപമാണ് ഇതെന്നും ലേഖനത്തിൽ പറയുന്നു.
പൃഥ്വിരാജിന്റെ ഹിന്ദുവിരുദ്ധ നിലപാട് നേരത്തെ വ്യക്തമായിരുന്നു. കേരളത്തിലെ ചലച്ചിത്രമേഖലയിൽ ദീർഘകാലമായി നിലനിൽക്കുന്ന ഒരു പ്രത്യയശാസ്ത്ര പ്രസ്ഥാനത്തിന്റെ ഭാഗമാണ് പൃഥ്വിരാജ്.
വളച്ചൊടിച്ച ചരിത്രവും തീവ്രവാദത്തെ വെള്ളപൂശലുമാണ് സിനിമയിൽ കാണുന്നത്. ഹിന്ദു സമൂഹത്തെ വില്ലൻ വേഷത്തിൽ അവതരിപ്പിച്ചുകൊണ്ട് ഇസ്‌ലാമിക ഭീകരതയെ വെള്ളപൂശുന്നതാണ് തിരക്കഥ.
രാജ്യ ചരിത്രത്തിലെ ദാരുണവും സങ്കീർണവുമായ അധ്യായമാണ് നരേന്ദ്രമോദി മുഖ്യമന്ത്രിയായിരുന്ന കാലത്ത് നടന്ന ഗുജറാത്ത് കലാപം. സിനിമയിൽ വസ്തുതകളെ സൗകര്യപ്രദമായി വളച്ചൊടിക്കുകയാണ്. ഗോധ്രയിൽ 59 നിരപരാധികളായ ശ്രീരാമഭക്തരുടെ കൂട്ടക്കൊലയെ സിനിമ അവഗണിക്കുന്നു. വേദനാജനകമായ ഓർമകൾ പുനരുജ്ജീവിപ്പിക്കുക മാത്രമല്ല, രാജ്യത്തിന്റെ ഐക്യത്തെയും ജനാധിപത്യ സ്ഥാപനങ്ങളെയും തകർക്കുന്ന തരത്തിൽ ഭിന്നതയുടെ വിത്തുകൾ വിതയ്ക്കുകയും ചെയ്യുന്നതാണ് കഥ.
സിനിമയുടെ ആദ്യ ഭാഗമായ ലൂസിഫർ, രാജ്യത്തെ പാർട്ടികൾ അദൃശ്യമായ വിദേശ ശക്തികളാൽ നിയന്ത്രിക്കപ്പെടുന്ന വെറും പാവകളാണെന്ന ആശയം സൂക്ഷ്മമായി അവതരിപ്പിച്ചു. രണ്ടാം ഭാഗമായ എമ്പുരാൻ, അന്വേഷണ ഏജൻസികൾ, നിയമപാലകർ, ജുഡീഷ്യറി എന്നിവയെ ലക്ഷ്യം വെക്കുന്നു.
ഈ സിനിമ,ജനങ്ങളെ തിരഞ്ഞെടുപ്പ് സംവിധാനത്തിൽനിന്ന് അകറ്റാൻ സാധ്യതയുണ്ട്. ദേശീയ പ്രസ്ഥാനങ്ങളെ അപകീർത്തിപ്പെടുത്താനുള്ള ഒരു സൂക്ഷ്മമായ ശ്രമവും ഇതിൽ കാണാം. പ്രധാന കഥാപാത്രമായ സ്റ്റീഫൻ നെടുമ്പള്ളി നിയമത്തിന്റെ ചട്ടക്കൂടിന് പുറത്തു നിൽക്കുന്ന ആളാണ്. ഭരണഘടനാ വിരുദ്ധമായ മാർഗങ്ങളിലൂടെ മാത്രമേ നീതി നടപ്പാക്കാൻ കഴിയൂ എന്നു സിനിമ പറഞ്ഞുവെക്കുന്നുണ്ട് എന്നും ആർ എസ് എസ് മുഖപത്രം പറയുന്നു.