April 3, 2025 9:53 am

എന്നാലും എൻ്റെ എമ്പുരാനേ …….

ക്ഷത്രിയൻ.

എമ്പുരാനിൽ കറങ്ങുകയാണ് കേരളം. വെട്ട്, കടുംവെട്ട് അങ്ങനെയൊക്കായി കഴിഞ്ഞ ദിവസങ്ങൾ എമ്പുരാൻ മയം.

കാവിപ്പാർട്ടിക്കാരുടെ പ്രതിഷേധത്തിൽ ഭയന്നാണത്രേ സ്വന്തമായി 17 വെട്ടിനാണ് എമ്പുരാൻ്റെ  ആൾക്കാർ തയാറായിട്ടുള്ളത്. റിലീസിന് മുൻപുള്ള സ്വാഭാവിക സ്ക്രീനിങ്ങിൽ സെൻസർ ബോർഡ് രണ്ടുവെട്ട് വെട്ടിയിരുന്നു.

സെൻസർ ബോർഡ് കാണാത്ത ‘അസ്വീകാര്യത’യാണ് തിയറ്ററുകളിൽ നിറഞ്ഞാടിയ പ്രദർശനത്തിന് ശേഷം എമ്പുരാൻ്റെ ആൾക്കാർ സ്വന്തമായി കണ്ടെത്തിയത്. കാരണം നിസ്സാരം. കാവിക്കാർ കോപിച്ചിരിക്കുന്നു.

സെൻസർ ബോർഡ് ആദ്യം കട്ട് ചെയ്തതും  ഇപ്പോൾ കട്ട് ചെയ്യുന്നതുമായ ഭാഗങ്ങൾ കഴിഞ്ഞ് സിനിമയിൽ കാണാൻ എന്ത് ബാക്കിയുയുണ്ടാകെന്ന സംശയം ചലച്ചിത്രാസ്വാദകരിൽ ഉണ്ടായിക്കൂടായ്കയില്ല.

ലോനപ്പൻ നമ്പാടൻ എംഎൽഎ ആയിരുന്ന കാലത്ത് അദ്ദേഹത്തിൻ്റെ പ്രസംഗത്തിൽ നിന്ന് മിക്ക ഭാഗങ്ങളും സ്പീക്കർ തങ്കച്ചൻ നീക്കം ചെയ്യുമായിരുന്നു. ഇടത് മുന്നണിക്കൊപ്പമാണെങ്കിലും നമ്പാടന് സ്വതന്ത്ര അംഗത്തിൻ്റെ പരിഗണനയായിരുന്നു സഭയിൽ. അതിനാൽ മിക്ക ദിവസവും പ്രസംഗിക്കാൻ അവസരം ലഭിക്കും.

കിട്ടുന്ന സമയമാകട്ടെ ഒന്നൊര മിനുട്ടും. മതേറ്റെങ്കിലും സ്വതന്ത്ര അംഗത്തിൻ്റെ സമയം കൂടി വായ്പ വാങ്ങി അത് രണ്ടോ മൂന്നോ മിനുട്ടൊക്കെ ആയെന്ന് വരാം.

അതായത് ഇരിപ്പിടത്തിൽനിന്ന് എഴുത്ത് മൈക്കിലൊന്ന് തട്ടി തൊണ്ടയനക്കി സാർ എന്ന വിളിയിൽ തുടങ്ങും മുൻപെ പ്രസംഗം അവസാനിക്കേണ്ട സമയം ആയിക്കാണും. അതിനാൽ എഴുതി തയാറാക്കിയ പ്രസംഗവുമായാണ് നമ്പാടൻ എഴുന്നേൽക്കുക. നമ്പാടൻ ഇരിക്കുമ്പോഴേക്കും പ്രസംഗത്തിൽ നിന്ന് കുറേ ഭാഗം ഒഴിവാക്കിയതായി സ്പീക്കറുടെ റൂളിങ്ങ് വരും.

അത്രയും ഭാഗം സഭ്യേതരമാണെന്നാകും വിശദികരണം. എന്നും തൻ്റെ പ്രസംഗത്തിലെ മിക്ക ഭാഗങ്ങളും രേഖയിൽനിന്ന് നീക്കം ചെയ്യപ്പെടുന്നതിൽ ക്ഷോഭിതനായ നമ്പാടൻ ഒരു ദിവസം സ്പീക്കർ പി.പി.തങ്കച്ചനോട് ചോദിച്ചു. ‘ സാർ, എൻ്റെ പ്രസംഗത്തിലെ പല ഭാഗങ്ങളും ഒഴിവാക്കുന്നു. പ്രസംഗത്തിൽ പലയിടത്തും ഞാൻ സാർ, സാർ എന്ന് ഉപയോഗിച്ചിട്ടുണ്ട്. അതെങ്കിലും രേഖയിൽ കാണില്ലേ സാർ?’

സെൻസർ ബോർഡ് വക രണ്ടും സ്വന്തം വക 17ഉം വെട്ട് കഴിഞ്ഞെത്തുന്ന സിനിമയിൽ ഇനി കാണാനെന്ത് ബാക്കിയിരിക്കുമെന്ന സന്ദേഹം മലയാളികൾക്കുണ്ട്. സ്വന്തം വെട്ട് ആരംഭിക്കുന്നതിന് മുൻപെ സിനിമ കാണാൻ കാരണഭൂതം കുടുംബസമേതം തിയറ്ററിലെത്തിയത് അതിനാലാണ്.

ഒന്നാംഘട്ട വെട്ടും രണ്ടാംഘട്ട വെട്ടും സിനിമക്കാരെ സംബന്ധിച്ചെടുത്തോളം ലാഭമാണ്. 17 വെട്ട് വരുന്നുവെന്നറിഞ്ഞതോടെ രണ്ട് വെട്ട് മാത്രമുള്ള സിനിമ കാണാൻ ആളുകൾ ഒഴുകിയെത്തിയിട്ടുണ്ട്. ഇനി 17 വെട്ടുകൂടി കഴിഞ്ഞാൽ ഏതൊക്കെ ഭാഗങ്ങളാണ് വെട്ടിപ്പോയതെന്ന് കാണാനും ആദ്യം കണ്ട ആളുകൾ തന്നെ വരും.

കച്ചവട സിനിമയെടുത്താൽ മാത്രം പോരാ, കച്ചവടക്കണ്ണും വേണമെന്ന് പറയുന്നത് ഇതിനെയൊക്കെയാണ്. അല്ലങ്കിലും പശുത്തൊഴുത്തിൽ ഈച്ച (ക്ഷമിക്കണം ഇഡി) കയറുന്ന സാഹചര്യമുണ്ടാക്കാൻ ഒരു നിർമാതാവും സംവിധായകനും തയാറാകില്ലല്ലോ.

എമ്പുരാനെതിരെ കാവിപ്പാർട്ടി ഉറഞ്ഞുതുള്ളുന്നത് ചെങ്കൊടിക്കാർക്ക് സഹിക്കുന്നേയില്ല. കാരണഭൂതൻ തന്നെ നേരിട്ടിറങ്ങിയ സ്ഥിതിക്ക് സഖാക്കൾ മുഴുവൻ സിനിമ കാണാൻ വരിവരിയായി എത്തു. സിനിമ എന്ന സംവിധാനത്തോട് അത്രമാത്രം ഇഷ്ടമാണ് ചെങ്കൊടിക്കാർക്ക്. മൊയ്തു താഴത്ത് എന്നൊരു സംവിധായകൻ ടിപി- 51 എന്ന പേരിലൊരു സിനിമയെടുത്തിരുന്നു.

ആ സിനിമ കാണാനല്ല, കാണാതിരിക്കാനായിരുന്നു അന്ന് സഖാക്കൾക്ക് ഇഷ്ടം. കാര്യം നിസാരം. ടി.പി.ചന്ദ്രശേഖരൻ എന്ന കമ്യൂണിസ്റ്റുകാരൻ നിഷ്ഠൂരമായി കൊല്ലപ്പെട്ട സംഭവമായിരുന്നു സിനിമയുടെ ഇതിവൃത്തം. അമ്പത്തിരണ്ടാമത്തെ വെട്ട് സംവിധായകന് നേരെ വരാതിരുന്നത് കെട്ട്യോളുടെയും കുട്ട്യേളുടെയും ഭാഗ്യംകൊണ്ട് മാത്രം.

തങ്ങൾക്കിഷ്ടമില്ലത്ത സിനിമയോട് കാവിപ്പാർട്ടിക്കായാലും ചെങ്കൊടിക്കാർക്കായാലും ഒരുപോലെയിരിക്കും സമീപനമെന്ന് ചുരുക്കം. കുളിമുറിയിൽ എല്ലാവരും ഉടുതുണിയില്ലാത്തവരാണെന്ന് പറയുന്നത് വെറുതെയല്ല എമ്പുരാനെക്കൊണ്ട് വെട്ടിലായത് കാവിപ്പാർട്ടിയുടെ പുതിയ തമ്പ്രാനാണ്.

സിനിമ കാണുമെന്ന് ആദ്യം, കാണില്ലെന്ന് പിന്നീട്. തമ്പ്രാൻ. കണ്ടാലും കണ്ടില്ലെങ്കിലും സിനിമ കൊണ്ട് അതിൻ്റെ ആൾക്കാർ നേടേണ്ടതൊക്കെ നേടിക്കഴിഞ്ഞു. എന്നാലും കലാമേഖലയെക്കുറിച്ച് പ്രതികരിക്കാൻ ലഭിച്ച ആദ്യാവസരത്തിൽ തന്നെ ലാലേട്ടൻ്റെ ഒരു  സിനിമയിലെ പോലെ രണ്ട് ക്ലൈമാക്സിലെത്തേണ്ടിവന്നുവെന്നത് തമ്പ്രാനെ സംബന്ധിച്ചെടുത്തോളം നാണക്കേട് തന്നെ.

എമ്പുരാൻ ഉണ്ടാക്കിയിട്ടുള്ള പുകില് വേറെയുമുണ്ട്. ഇനി കാണേണ്ടിവരിക ‘എംബാം’ ‘പുരാൻ’ ആയിരിക്കുമെന്നാണ് കാവിപ്പാർട്ടിയുടെ മുൻ സംസ്ഥാന തമ്പ്രാൻ സുരേന്ദ്രൻ പറയുന്നത്. പേരു മാറ്റുന്നതിൽ അഗ്രഗണ്യനാണ് കക്ഷി.

കുരുമുളകിട്ട് വരട്ടിയെടുത്ത ഒന്നാംതരം ബീഫ് കറിയെ കണ്ടകാഴ്ചയിൽ ഉള്ളിക്കറിയാക്കി മാറ്റിയ വിരുതനാണ്. സത്യത്തിൽ പെട്ടത് മലയാളത്തിൻ്റെ മഹാനടനാണ്. കയ്ച്ചിട്ട് ഇറക്കാനും മധുരിച്ചിട്ട് തുപ്പാനും കഴിയാത്ത പരുവത്തിലായിട്ടുണ്ട് ലാലേട്ടൻ.

ആശാൻ്റെ ആഖ്യാനം കേട്ടാൽ തോന്നും കഥയൊന്നും കേൾക്കാതെ കോൾഷീറ്റ് നൽകുന്ന പഞ്ചപാവമാണ് മഹാനടനെന്ന്. മഹാനടനെ മെഴുകാൻ സിനിമാലോകത്തെ മേജർ പെടുന്ന പാട് അതിലും വലുതാണ്. മേജർ പറഞ്ഞ സ്ഥിതിക്ക് ലാലേട്ടൻ്റെ  ലഫ്റ്റനൻറ് കേണൽ പദവിയൊന്നും ആരും തിരിച്ചുവാങ്ങില്ലെന്ന് സമാധാനിക്കാം.

സൈനിക പദവിയുമായി ബന്ധപ്പെട്ട് സാക്ഷാൽ സുകുമാർ അഴീക്കോട് വർഷങ്ങൾക്ക് മുൻപ് നടത്തിയ പ്രസ്താവനയുടെ വീഡിയോ ദൃശ്യവും ചിലർ ഈ ഘട്ടത്തിൽ കുത്തിപ്പൊക്കുന്നുണ്ട്. പെറ്റമ്മ കേട്ടാൽ പൊറുക്കാത്ത വാക്കുകളാണ് ലാലേട്ടനെക്കുറിച്ച് അഴീക്കോട് പറഞ്ഞുവച്ചത്.

കാവിപ്പാർട്ടിയുടെ നോമിനികൾ കൂടിയുള്ള സെൻസർ ബോർഡാണ് സിനിമക്ക് പ്രദർശനാനുമതി നൽകിയത്. തങ്ങളുടെ നോമിനികൾ വേണ്ടത്ര ജാഗ്രത കാണിച്ചില്ലെന്നാണ് പാർട്ടി വിശദീകരണം.

സെൻസർ ബോർഡിന് മുൻപാകെ സിനിമ പ്രദർശിപ്പിച്ചപ്പോൾ ബിജെപി നോമിനികൾ ഉറങ്ങുകയായിരുന്നുവെന്നാണ് ആ പറഞ്ഞതിൻറെ അർഥം. ചില ഭാഗങ്ങൾ വരുമ്പോൾ നോമിനികൾ മൂത്രമൊഴിക്കാൻ പോയെന്ന് പറഞ്ഞാലും കുറ്റമില്ലായിരുന്നു.

കെ.മുരളീധരനെ തിരഞ്ഞെടുപ്പിൽ സ്ഥാനാർഥിയായി നിശ്ചയിക്കുന്ന സമയത്ത് കെ.കരുണാകരൻ മൂത്രമൊഴിക്കാൻ പോയതൊക്കെ രാഷ്ട്രീയ ചരിത്രത്തിലുള്ളതാണ്. അതുപോലെ സെൻസർ ബോർഡിലും സംഭവിക്കുന്നതല്ലേയുള്ളൂ.

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News