കൊച്ചി: നടി ദിവ്യ ഉണ്ണിയുടെ നേതൃത്വത്തിൽ ഗിന്നസ് റെക്കോഡ് ലക്ഷ്യമിട്ട് നടന്ന മൃദംഗ വിഷന്റെ മെഗാ നൃത്ത പരിപാടിക്കായി കല്യാണ്‍ സില്‍ക്‌സ് ഒരു സാരിക്ക് വാങ്ങിയത് 390 രൂപ. സംഘാടകർ ഒരോ സാരിയും വിററത് 1600 രൂപക്ക്.
കലൂര്‍ സ്‌റ്റേഡിയത്തില്‍ നടന്ന മൃദംഗ വിഷന്റെ മെഗാ നൃത്ത പരിപാടിയുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ വിശദീകരണവുമായി കല്യാണ്‍ സില്‍ക്‌സ് രംഗത്ത് വന്നിട്ടുണ്ട്.
സംഘാടകരുമായി ഉണ്ടാക്കിയത് വാണിജ്യ ഇടപാട് മാത്രമാണെന്നും വിവാദങ്ങളിലേക്ക് വലിച്ചിഴക്കരുതെന്നും സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ പങ്കുവെച്ച വാര്‍ത്താക്കുറിപ്പില്‍ കല്ല്യാണ്‍ സില്‍ക്‌സ് പറയുന്നു.
സംഘാടകര്‍ 12,500 സാരിയുടെ ഓര്‍ഡറാണ് നല്‍കിയതെന്നും പരിപാടിക്കുവേണ്ടി മാത്രം സാരി കുറഞ്ഞ സമയത്തിനുള്ളില്‍ ഡിസൈന്‍ ചെയ്ത് നല്‍കുകയായിരുന്നുവെന്നും കുറിപ്പില്‍ പറയുന്നു. ഓരോ സാരിക്കും 390 രൂപ വീതമാണ് വാങ്ങിയത്.
എന്നാല്‍ പിന്നീടാണ് സംഘാടകര്‍ ഒരു സാരിക്ക് 1600 രൂപ വീതമാണ് ഈടാക്കിയതെന്ന് അറിയുന്നതെന്നും കുറിപ്പിൽ വിശദീകരിക്കുന്നു.ഇതിൽ കടുത്ത അതൃപ്തിയുണ്ടെന്നും അവര്‍ അറിയിച്ചു.
ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ താത്ക്കാലികമായി നിര്‍മിച്ച സ്റ്റേജില്‍നിന്ന് ഉമ തോമസ് എം.എല്‍.എ വീണ് പരിക്കേറ്റതോടെയാണ് വിവാദങ്ങളുണ്ടായത്. തുടര്‍ന്ന് പരിപാടി അനുമതിയില്ലാതെ നടത്തിയതാണെന്നും പങ്കെടുത്ത നൃത്ത വിദ്യാര്‍ഥികളില്‍നിന്ന് 3600 രൂപ വീതം വാങ്ങിയിട്ടുണ്ടെന്നും വാര്‍ത്തകള്‍ പുറത്തുവന്നു. ഇതോടെ സംഘാടകര്‍ സംശയമുനയിലായി.
എം.എല്‍.എ. വീണ സംഭവത്തില്‍ സംഘാടകര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി പോലീസ് കേസെടുക്കുകയും ചെയ്തിട്ടുണ്ട്. മൃദംഗ വിഷന്‍ സി.ഇ.ഒ ഷമീര്‍, പന്തല്‍ നിര്‍മാണ ജോലികള്‍ ചെയ്ത മുളന്തുരുത്തി സ്വദേശി ബെന്നി, ഏകോപനം നടത്തിയ കൃഷ്ണ കുമാര്‍ എന്നിവര്‍ക്കെതിരെയാണ് കേസ്.