അഹിംസ പറയാൻ നല്ലതാണ്; പക്ഷെ എല്ലാവരും അതിനോടു യോജിച്ചാൽ മാത്രം

In Featured, Special Story
April 07, 2024
കൊച്ചി : “അഹിംസ പറയാൻ നല്ലതാണ്. പക്ഷെ എല്ലാവരും അതിനോടു യോജിച്ചു പ്രവർത്തിച്ചാൽ മാത്രം. ഒരാൾ അല്ലെങ്കിൽ ഒരു ഗ്രൂപ്പ് മാത്രം വിചാരിച്ചാൽ മതേതരത്വം ഉണ്ടാകില്ല.
നിങ്ങളുടെ മനസ്സിൽ എത്ര നന്മയുണ്ടെങ്കിലും, ബാക്കിയുള്ളവരുടെ മനസ്സിലും നന്മയില്ലെങ്കിൽ നിങ്ങളുടെ നന്മ നിങ്ങൾക്ക് ഉപദ്രവമാകുകയേയുള്ളൂ…എഴുത്തുകാരനും ഡോക്ടറുമായ മനോജ് ബ്രൈറ്റ് ഫേസ്ബുക്കിലെഴുതുന്നു 
“ഏതോ നോർത്ത് ഈസ്റ്റ് സംസ്ഥാനത്ത് ആളുകൾ റോഡിൽ ഇടതു വശം ചേർന്ന് അച്ചടക്കത്തോടെ വേണ്ട നിർത്തിയിരിക്കുന്ന ഫോട്ടോ എല്ലാവരും കണ്ടിരിക്കുമല്ലോ? എന്തുകൊണ്ടാണ് നമുക്ക് അങ്ങനെ പറ്റാത്തത്? കാരണം ക്യൂ തെറ്റിക്കുന്നവന് ഗുണമുണ്ട്. അതിനു ശിക്ഷയുമില്ല. അതുകൊണ്ട് എല്ലാവരും ക്യൂ തെറ്റിക്കും. ആർക്കും ഗുണമുണ്ടാകുകയുമില്ല.ക്യൂ തെറ്റിക്കുന്നവന് ഈ ഇനിയുള്ള കാലം മറന്നു പോകാത്ത തരത്തിൽ കനത്ത ഫൈൻ ഇട്ടു നോക്കിക്കേ. സ്വിച്ചിട്ടതുപോലെ എല്ലാവരും ആ ഫോട്ടോയിൽ കണ്ടപോലെ പെരുമാറുന്നതു കാണാം”. മനോജ്   തുടരുന്നു .
===================================================================
പോസ്റ്റിന്റെ പൂർണ രൂപം ചുവടെ ————————————
===========================================================================
നിങ്ങൾ ഒരു വനത്തിനുള്ളിലെ മരങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ? മരങ്ങളുടെ ഇലച്ചാർത്തുകൾ (canopy) ഏതാണ്ട് എല്ലാം ഒരേ ഉയരത്തിലായിരിക്കും. എന്തുകൊണ്ടാണ് അങ്ങിനെ എന്നു ചിന്തിച്ചിട്ടുണ്ടോ? മരങ്ങൾക്ക് എന്തിനാണ് ഇത്ര ഉയരം? ഇലകൾക്ക് സൂര്യപ്രകാശം കിട്ടാനാണെങ്കിൽ എന്തിനാണ് നൂറു കണക്കിന് അടി മുകളിലേക്കു വളരുന്നത്? വല്ല ഒന്നോ രണ്ടോ അടി ഉയരത്തിൽ വളർന്നാൽ പോരെ? എല്ലാ മരങ്ങളും ഒരേ ഉയരത്തിലാണെങ്കിൽ നൂറടി ഉയരമുള്ള മരത്തിനും വെറും ഒരടി മാത്രം ഉയരമുള്ള മരത്തിനും സൂര്യപ്രകാശം ഒരു പോലെ കിട്ടാം. വെറുതെ തടി വളർത്തുന്നത് അനാവശ്യ ചിലവാണ്. മരങ്ങൾക്ക് ഒന്നോ, രണ്ടോ അടി ഉയരം പോരെ?
==================================================================
മതി. പ്രകാശ സംശ്ലേഷണം നടക്കാൻ അധികം മുകളിലേക്കു വളരേണ്ട. പിന്നെ എന്തു കൊണ്ടായിരിക്കും നാച്ചുറൽ സെലക്ഷൻ അതിനെ അനുകൂലിക്കാത്തത്?
ശരി, ഒരു പ്രദേശത്തെ മരങ്ങൾ സഭ കൂടി എല്ലാവരും ഒരടി ഉയരത്തിൽ വളർന്നാൽ മതി എന്നു തീരുമാനിച്ചു എന്നു കരുതുക. എല്ലാവരും കിട്ടുന്ന സൂര്യപ്രകാശം തുല്യമായി പങ്കിട്ടെടുത്ത് സുഖമായി വളരാം.
======================================================================
പക്ഷെ കൂട്ടത്തിലെ ഒരു ചതിയൻ പക്ഷെ രണ്ടടി ഉയരത്തിൽ വളരാൻ തീരുമാനിക്കുന്നു എന്നു കരുതുക. ആ മരത്തിന്റെ ഇലകൾ വേറെ മരങ്ങളുടെ നിഴലിലായിപ്പോകില്ല എന്നതുകൊണ്ട് അല്പം കൂടുതൽ സൂര്യപ്രകാശം അതിനു സംഭരിക്കാൻ സാധിക്കുന്നു. താമസിയാതെ ഈ രണ്ടടി മരങ്ങളുടെ സന്തതികൾ പെരുകുന്നു. ഒരടി മരങ്ങൾ കുറ്റിയറ്റു പോകുന്നു. ഇപ്പോൾ ആ വനത്തിൽ രണ്ടടി മരങ്ങൾ മാത്രമേ ഉള്ളൂ. പക്ഷെ വീണ്ടും സ്വാർത്ഥ ലാഭത്തിനായി മൂന്നടി ഉയരത്തിൽ വളരാൻ ശ്രമിക്കുന്ന ഒരു മരത്തിന് മേൽകൈ കിട്ടും. താമസിയാതെ എല്ലാ മരങ്ങളും മൂന്നടിക്കാരാകും. അഥവാ രണ്ടടിക്കാർ കുറ്റിയറ്റു പോകും. ഇതിങ്ങനെ ആവർത്തിച്ച് ഉയരം കൂടിക്കൂടി സാധ്യമായ പരമാവധി ഉയരത്തിലെത്തും. ഒരു പരിധി കഴിഞ്ഞാൽ പിന്നെ ഉയരം കൂടാനാകില്ല. ഫിസിക്സിലെ നിയമങ്ങൾ ഒരു തടസ്സമാണ്. (വെള്ളം കാപ്പിലറി പ്രവർത്തനത്തിലൂടെ മുകളിലേക്ക് എത്തിക്കാവുന്ന ഉയരത്തിന് പരിധിയുണ്ട്.) ഉയരം കൂട്ടാനുള്ള തടിയും, അതിനെ താങ്ങാനുള്ള വേരുപടലങ്ങളും മറ്റും ഉണ്ടാക്കിയെടുക്കാനുള്ള ചെലവ് വേറെ.
——————————————————————————————————————–
ഇത്രയൊന്നും ബുദ്ധിമുട്ടില്ലാതെ എല്ലാ മരങ്ങൾക്കും ഒരടി പൊക്കത്തിൽ വളരാവുന്നതേയുള്ളൂ. എല്ലാവർക്കും ഗുണം അതാണ്. പക്ഷെ അത് എല്ലാ മരങ്ങളും ഒരുമിച്ചു വിചാരിക്കണം. ആരെങ്കിലും ഒരാളോ, കുറച്ചു പേരോ വിചാരിച്ചാൽ പോരാ. അതാണ് പ്രശ്‌നവും. ഞാൻ ആദ്യം ഉയരം കുറക്കാം. ബാക്കിയുള്ളവർ പുറകെ വരട്ടെ എന്നു വിചാരിക്കുന്നവൻ കുറ്റിയറ്റു പോകും. മുൻ ധാരണ തെറ്റിക്കുന്നവർക്ക് മേൽകൈ കിട്ടുന്ന കാലത്തോളം ഇത്തരം ഒരു കരാറും നടപ്പിലാകില്ല. മുൻ ധാരണ തെറ്റിക്കുന്നവർക്ക് ഗുണം കിട്ടുന്ന കാലത്തോളം മുൻ ധാരണ തെറ്റിക്കുന്നവർ ഉണ്ടാകുകയും ചെയ്യും.
——————————————————————————————————————
മെക്സിക്കൻ സ്റ്റാൻഡോഫ് പോലെയാണ് കാര്യങ്ങൾ. (മെക്സിക്കൻ സ്റ്റാൻഡോഫ് അറിയാത്തവർ the good the bad and the ugly യുടെ അവസാനത്തെ സീൻ കാണുക.) പരസ്പരം വെടിവച്ചു വീഴ്ത്താൻ നിൽക്കുന്ന മൂന്നു പേർ. മൂന്നു പേർക്കും വേണമെങ്കിൽ ജീവനും കൊണ്ട് രക്ഷപ്പെടാം. പക്ഷെ പ്രശ്‌നം തീർക്കണമെന്ന് മൂന്നു പേർക്കും തോന്നണം. മൂന്നു പേരും ഒരേ സമയം തോക്ക് താഴെയിടണം. ഒരാൾ അര സെക്കൻഡ് നേരത്തെ പോലും തോക്കു താഴെയിട്ടാൽ മിക്കവാറും അയാൾ വെടിയേറ്റു വീഴും. അതുകൊണ്ടു തന്നെ തോക്ക് താഴെയിടാൻ വൈകിക്കുന്നത് നല്ലതാണ്. പക്ഷെ മറ്റു രണ്ടു പേരും അതുതന്നെ വിചാരിക്കും. ഫലം ആർക്കും വിജയിക്കാൻ കഴിയാത്ത മെക്സിക്കൻ സ്റ്റാൻഡോഫ്.
ഏതോ നോർത്ത് ഈസ്റ്റ് സംസ്ഥാനത്ത് ആളുകൾ റോഡിൽ ഇടതു വശം ചേർന്ന് അച്ചടക്കത്തോടെ വേണ്ട നിർത്തിയിരിക്കുന്ന ഫോട്ടോ എല്ലാവരും കണ്ടിരിക്കുമല്ലോ? എന്തുകൊണ്ടാണ് നമുക്ക് അങ്ങനെ പറ്റാത്തത്? കാരണം ക്യൂ തെറ്റിക്കുന്നവന് ഗുണമുണ്ട്. അതിനു ശിക്ഷയുമില്ല. അതുകൊണ്ട് എല്ലാവരും ക്യൂ തെറ്റിക്കും. ആർക്കും ഗുണമുണ്ടാകുകയുമില്ല.ക്യൂ തെറ്റിക്കുന്നവന് ഈ ഇനിയുള്ള കാലം മറന്നു പോകാത്ത തരത്തിൽ കനത്ത ഫൈൻ ഇട്ടു നോക്കിക്കേ. സ്വിച്ചിട്ടതുപോലെ എല്ലാവരും ആ ഫോട്ടോയിൽ കണ്ടപോലെ പെരുമാറുന്നതു കാണാം.
=========================================================================
അഹിംസ പറയാൻ നല്ലതാണ്. പക്ഷെ എല്ലാവരും അതിനോടു യോജിച്ചു പ്രവർത്തിച്ചാൽ മാത്രം. ഒരാൾ അല്ലെങ്കിൽ ഒരു ഗ്രൂപ്പ് മാത്രം വിചാരിച്ചാൽ മതേതരത്വം ഉണ്ടാകില്ല.
നിങ്ങളുടെ മനസ്സിൽ എത്ര നന്മയുണ്ടെങ്കിലും, ബാക്കിയുള്ളവരുടെ മനസ്സിലും നന്മയില്ലെങ്കിൽ നിങ്ങളുടെ നന്മ നിങ്ങൾക്ക് ഉപദ്രവമാകുകയേയുള്ളൂ.