മാവോവാദികളും പോലീസും വീണ്ടും ഏറ്റുമുട്ടി

കണ്ണൂർ: തിങ്കളാഴ്ച രാത്രിയും കണ്ണൂർ അയ്യൻകുന്നിൽ മാവോവാദികളും പോലീസും തമ്മിൽ ഏറ്റുമുട്ടി. രാത്രി 2 തവണ വെടിവയ്പ്പുണ്ടായെന്നും ആരും കൊല്ലപ്പെട്ടിട്ടില്ലെന്നും ഡിഐജി പുട്ട വിമലാദിത്യ പറഞ്ഞു.

അതേസമയം, മാവോയിസ്റ്റുകൾക്ക് പരിക്കേറ്റിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. ആരും കസ്റ്റഡിയിൽ ഇല്ലെന്നും ആയുധങ്ങൾ കണ്ടെടുത്തെന്നും ഡിഐജി വ്യക്തമാക്കി. കൂടുതൽ സേന ഉൾവനത്തിൽ തുടരുകയാണ്. ചൊവ്വാഴ്ച്ച പുലർച്ചെയും വെടിയൊച്ച കേട്ടതായി നാട്ടുകാർ പറഞ്ഞു. എട്ട് മാവോയിസ്റ്റുകൾ ഉൾവനത്തിലുണ്ടെന്നാണ് പറയുന്നത്.

മാവോയിസ്റ്റുകളും തണ്ടര്‍ബോള്‍ട്ടുമായി ഉള്‍വനത്തില്‍ ഏറ്റുമുട്ടലുണ്ടായിരുന്നു. ഇതിനുപിന്നാലെ മേഖലയില്‍ പൊലീസ് വ്യാപകമായ തിരച്ചില്‍ നടത്തുന്നതിനിടെയാണ് രാത്രിയില്‍ വീണ്ടും വെടിവെയ്പ്പിന്‍റെ ശബ്ദം കേട്ടതായി നാട്ടുകാര്‍ പറയുന്നത്.

ഏറ്റുമുട്ടലിനിടെ രക്ഷപ്പെട്ട മാവോയിസ്റ്റുകൾക്കായി വ്യാപക തെരച്ചിലാണ് നടക്കുന്നത്. ഉൾവനത്തിൽ രണ്ടിലധികം ഷെഡുകളുണ്ടെന്ന സംശയമാണ് പൊലീസിനുള്ളത്. ഈ രണ്ട് ഷെഡ്ഡുകളിലാണ് മാവോയിസ്റ്റുകൾ ഉണ്ടായിരുന്നതെന്നാണ് സംശയിക്കുന്നത്. അതേസമയം, മാവോയിസ്റ്റുകള്‍ രക്ഷപ്പെടാതിരിക്കാന്‍ വനാതിർത്തിയിലെ റോഡുകൾ പൊലീസ് വളഞ്ഞു. അയ്യന്‍കുന്ന് മേഖലയില്‍ കൂടുതല്‍ പൊലീസിനെയും വിന്യസിച്ചിട്ടുണ്ട്.

ഉരുപ്പുംകുറ്റി മാവോയിസ്റ്റ് ആക്രമണം നടന്നപ്പോൾ കാട്ടിൽ ഉണ്ടായിരുന്നത് 8 മാവോയിസ്റ്റുകളാണെന്നാണ് എഫ്ഐആർ പറയുന്നു.