ഡോ.ജോസ് ജോസഫ്
വ്യക്തി ജീവിതത്തിൽ നേരിട്ട ട്രാജഡികളെ തുടർന്ന് ഉൾവലിഞ്ഞു പോയ പോലീസ് ഉദ്യോഗസ്ഥർ ത്രില്ലർ ചിത്രങ്ങളിലെ സ്ഥിരം കാഴ്ച്ചയാണ്.
കുടുംബം നഷ്ടപ്പെട്ടത് താങ്ങാനാവാതെ അവർ എല്ലാത്തിൽ നിന്നും പിന്മാറി ഒതുങ്ങി ജീവിക്കുന്നു. പിന്നീട് വെല്ലുവിളി ഉയർത്തുന്ന പ്രമാദമായ കേസ് അന്വേഷണത്തിലൂടെ അവർ ശക്തമായി തിരിച്ചു വരുന്നത് അനേകം സിനിമകളിൽ ആവർത്തിച്ചു കണ്ടു മടുത്ത സ്ഥിരം പ്രമേയമാണ്.
പൃത്ഥിരാജ് സുകുമാരൻ നായകനായ ജിത്തു ജോസഫ് ചിത്രം മെമ്മറീസിലും അടുത്ത കാലത്ത് ജോഷി – സുരേഷ് ഗോപി കൂട്ടുകെട്ടിൽ റിലീസായ പാപ്പനിലുമെല്ലാം കുടുംബത്തിൽ ട്രാജഡി നേരിടേണ്ടി വന്ന പോലീസ് ഓഫീസർമാരായിരുന്നു നായകന്മാർ.
കുടുംബത്തിനുണ്ടായ ട്രാജഡിയിൽ ഭൂതകാലവുമായി പൊരുത്തപ്പെടാനാവാതെ മനസ്സിക വ്യഥയും മതിഭ്രമവും അനുഭവിക്കുന്ന പോലീസ് ഓഫീസറുടെ കഥയാണ് മിഥുൻ മാനുവേൽ തോമസ് സംവിധാനം ചെയ്ത ഓസ്ലെർ.
മിഥുൻ സംവിധാനം ചെയ്ത അഞ്ചാം പാതിരയിലെയും തിരക്കഥയെഴുതിയ ഗരുഡനിലെയും പോലെ ഒരു സീരിയൽ കില്ലറും അയാളുടെ ഭൂതകാലം ചിത്രീകരിക്കുന്ന ഫ്ലാഷ്ബാക്കും ഓസ്ലലറിലുമുണ്ട്.
ഒരു മെഡിക്കൽ ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലറാണ് ഈ ചിത്രം. ഫോർമാലിനിൽ തുടങ്ങി ഹ്യുമൻ അനാട്ടമിയും മെഡിക്കൽ തിയറിയും ബാക്ടീരിയയും വരെയുള്ള ചേരുവകൾ സിനിമ വ്യത്യസ്തമാക്കാൻ തിരക്കഥാകൃത്ത് ഡോ.രൺധീർ കൃഷ്ണൻ എഴുതിച്ചേർത്തിട്ടുണ്ട്. അനാട്ടമി കൃത്യമായി പഠിച്ച് കൊല നടത്തുന്ന സീരിയൽ കില്ലറെ കഴിഞ്ഞ വർഷം ശരത് കുമാർ നായകനായ തമിഴ് ചിത്രം പോർതൊഴിലിലും കണ്ടിരുന്നു.
ഫ്ളോപ്പ് ചിത്രങ്ങളുടെ പരമ്പരകൾക്കു ശേഷം ജയറാമിൻ്റെ തിരിച്ചു വരവിനുള്ള ശ്രമം കൂടിയാണ് ഓസ്ലർ.ഇർഷാദ് എം ഹസ്സൻ, മിഥുൻ മാനുവേൽ തോമസ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. 124 മിനിറ്റാണ് ചിത്രത്തിൻ്റെ ദൈർഘ്യം.
തൃശൂർ എ സി പിയാണ് എബ്രഹാം ഓസ്ലർ (ജയറാം ). മൂന്നാറിൽ വെച്ച് ഒരു നിമിഷ നേരത്തെ അശ്രദ്ധ കൊണ്ട് ഓസ്ളർക്ക് കുടുംബത്തെ നഷ്ടപ്പെടുന്നു. മൂന്നു വർഷം കഴിഞ്ഞിട്ടും അയാൾക്ക് അതിൻ്റെ ആഘാതത്തിൽ നിന്നും കരകയറാനായിട്ടില്ല.
കഴിഞ്ഞ വർഷം പുറത്തിറങ്ങിയ അനുരാഗ് കശ്യപിൻ്റെ കെന്നഡിയിലെ നായകനായ പോലീസ് ഓഫീസറെ പോലെ ഉറക്കക്കുറവിൻ്റെ ഇൻസോമ്നിയ എന്ന അവസ്ഥയിലൂടെ കടന്നു പോവുകയാണ് ഓസ്ളർ.ഇടയ്ക്കിടെ ജയിലിൽ എത്തി ഭാര്യയെയും മകളെയും കൊന്ന ഘാതകനെ കാണുന്നുണ്ട് അയാൾ.
അതിനൊരു പ്രത്യേക ലക്ഷ്യവും ഉണ്ട്. ചിത്രത്തിൻ്റെ തുടക്കത്തത്തിൽ അഞ്ചാം പാതിരയിലെ ഡോ.അൻവർ ഹുസൈൻ (കുഞ്ചാക്കോ ബോബൻ ) ജയിലിലെത്തി കുറ്റവാളിയെ കാണുന്നത് പോലെ ഓസ്ളറും ജയിലിൽ എത്തി കൊലപാതകിയായ നവീനുമായി (അർജുൻ അശോകൻ)സംഭാഷണം നടത്തുന്നുണ്ട്.
സ്വന്തം വിപരീത മാനസ്സികാവസ്ഥയുമായി പോരടിച്ചു കഴിയുന്നതിനിടയിൽ ഒരു ചെറുപ്പക്കാരൻ്റെ കൊലപാതക അന്വേഷണം ഓസ്‌ലർ ഏറ്റെടുക്കുന്നു. പോലീസ് ഓഫീസർമാരായ സിജോയും (സെന്തിൽ കൃഷ്ണ) ദിവ്യ (ആര്യ സലിം)യുമാണ് സഹായികൾ. സംഭാഷണങ്ങളും കവിതാശകലങ്ങളും എഴുതിച്ചേർത്ത ആശംസാ കാർഡുകളല്ലാതെ മറ്റു തുമ്പുകളൊന്നും കേസ് അന്വേഷണത്തിനു ലഭിക്കുന്നില്ല.
ചിത്രത്തിൻ്റെ ആദ്യ പകുതി കൊലയാളിയെ തേടിയുള്ള അന്വേഷണമാണ്. അതു ചെന്നെത്തുന്നത് 1988-90 കാലഘട്ടം കേന്ദ്രീകരിച്ച് കോഴിക്കോട് മെഡിക്കൽ കോളേജ് കേന്ദ്രീകരിച്ചു നടന്ന ചില സംഭവങ്ങളിലും. ഓസ്ളറിൻ്റെയും സംഘത്തിൻ്റെയും അന്വേഷണം ഒരു ഘട്ടത്തിലും പ്രേക്ഷകരെ ഒപ്പം കൊണ്ടു പോകുന്നില്ല. സംഘത്തിലെ സിജോ, ദിവ്യ എന്നീ പോലീസ് ഓഫീസർമാരുടെ പ്രകടനം ഒട്ടും തൃപ്തിപ്പെടുത്തുന്നതേയല്ല.
എല്ലാ സീരിയൽ കൊലപാതകികൾക്കും അവരെ കുറ്റകൃത്യത്തിലേക്കു തള്ളി വിടുന്ന ഭൂതകാലത്തിൻ്റെ നോവിക്കുന്ന ഒരു പശ്ചാത്തലമുണ്ടാവും. കുറ്റവാളികൾ ആരാണെന്നും അവരുടെ ഭൂതകാലം എന്തായിരുന്നുവെന്നും വെളിപ്പെടുത്തുന്ന ഫ്ലാഷ്ബാക്കാണ് രണ്ടാം പകുതി. ഫ്ലാഷ്ബാക്കിന് മികവു പോര.ആദ്യ പകുതിയിലെ ആകാംഷയും ത്രില്ലും രണ്ടാം പകുതിയിൽ ആറി തണുക്കുന്നു.
രണ്ടാം പകുതിയിൽ മമ്മൂട്ടിയുടെ എത്തുന്നതോടെ ചിത്രത്തിന് വലിയ ഉണർവ്വുണ്ടാകും.എന്നാൽ അത് താൽക്കാലികമാണ്. ആ ഉണർവ്വ് പിന്നീട് നിലനിർത്താനാവുന്നില്ല. വലിയ ആഴമുള്ള കഥാപാത്രമല്ല മമ്മൂട്ടി അവതരിപ്പിക്കുന്ന അലക്സാണ്ടർ. അലക്സാണ്ടറുടെ കൂട്ടാളിയായ കൃഷ്ണ ദാസിനും ( സൈജു കുറുപ്പ്) പ്രതീക്ഷക്കൊത്ത് ഉയരാനാവുന്നില്ല.
ഒരേ മൂശയിൽ വാർത്തെടുത്തതു പോലുള്ള സീരിയൽ കില്ലർ ചിത്രങ്ങൾ ആവർത്തിച്ചു പുറത്തിറങ്ങുമ്പോൾ ത്രില്ലും സസ്പെൻസും നിലനിർത്തുന്നത് വലിയ വെല്ലുവിളിയാണ്. അതിൽ തിരക്കഥാകൃത്ത് രൺധീർ കൃഷ്ണനും സംവിധായകൻ മിഥുൻ മാനുവേൽ തോമസും പൂർണ്ണമായും വിജയിച്ചില്ല.
രണ്ടാം പകുതി ശരാശരിയിൽ ഒതുങ്ങി.അഞ്ചാം പാതിരയുമായി താരതമ്യപ്പെടുത്തുമ്പോൾ ഓസ്ളറിൽ മിഥുൻ ഒരടി പിന്നോക്കം പോയി.ഒരു രണ്ടാം ഭാഗത്തിൻ്റെ സൂചന നൽകിക്കൊണ്ടാണ് ഓസ്ളർ അവസാനിക്കുന്നത്.
പ്രത്യേക മാനസ്സികാവസ്ഥയിലൂടെ കടന്നു പോകുന്ന എബ്രഹാം ഓസ്ളർ എന്ന പോലീസ് ഓഫീസറെ ജയറാം ഭംഗിയായി അവതരിപ്പിച്ചു.കഥാപാത്രത്തിൻ്റെ മാനസ്സികാവസ്ഥ കാരണമാണോ എന്നറിയില്ല, ജയറാമിൻ്റെ സംഭാഷണങ്ങൾക്ക് ഉഷാറില്ല. മമ്മൂട്ടിയുടെ സാന്നിധ്യം ആശ്വാസകരമാണ്.
1980 കളുടെ അവസാനം കോഴിക്കോട് മെഡിക്കൽ കോളേജ് പശ്ചാത്തലത്തിൽ കഥാപാത്രങ്ങളുടെ ചെറുപ്പകാലത്തെ അവതരിപ്പിക്കുന്ന യുവനടന്മാരെല്ലാം പ്രകടനത്തിൽ മികച്ചു നിന്നു.മെഡിക്കൽ വിദ്യാർത്ഥിനിയായ സുജയെ അവതരിപ്പിച്ച അനശ്വര രാജനും ഡോ.സേവിയായി എത്തിയ ജഗദീഷും വേഷങ്ങൾ ഭംഗിയാക്കി.
സൈജു കുറുപ്പിൻ്റെയും സെന്തിൽ കൃഷ്ണയുടെയും പ്രകടനങ്ങൾ മനസ്സിൽ തങ്ങില്ല.അനൂപ് മേനോൻ, സായ്കുമാർ, ദിലീഷ് പോത്തൻ, അർജുൻ നന്ദകുമാർ, കുമരകം രഘുനാഥ്, അലക്സാണ്ടർ പ്രശാന്ത്, നന്ദൻ ഉണ്ണി,ബോബൻ ആലുമ്മൂട്, മാലാ പാർവ്വതി, ജോളി ചിറയത്ത്, എഴുത്തുകാരൻ ബെന്യാമിൻ തുടങ്ങി ഒരു നീണ്ട താരനിര തന്നെ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നുണ്ട്.
ചിത്രത്തിൻ്റെ ‘ത്രില്ലിംഗ് മൂഡ്’ നിലനിർത്തുന്നതിൽ മിഥുൻ മുകുന്ദൻ്റെ പശ്ചാത്തല സംഗീതം പരാജയപ്പെട്ടു .തേനി ഈശ്വറിൻ്റെ ക്യാമറ മികച്ചതാണ്.
—————————————————————————————————————
(കേരള കാർഷിക സർവ്വകലാശാലയുടെ തൃശൂർ വെളളാനിക്കര കാർഷിക കോളേജ് മുൻ പ്രൊഫസറാണ് ലേഖകൻ)
കൂടുതല്‍ വാര്‍ത്തകള്‍ക്കായി
http://www.newsboardindia.com
സന്ദര്‍ശിക്കുക
http://www.newsboardindia.com
സന്ദര്‍ശിക്കുക