April 3, 2025 9:58 am

വിവാദം ചൂടുപിടിച്ചപ്പോൾ ‘എമ്പുരാൻ’ 200 കോടി ക്ലബ്ബിൽ

കൊച്ചി : പൃഥ്വിരാജ് സംവിധാനം ചെയ്ത മോഹൻലാൽ നായകനായ ചിത്രമായ ‘എമ്പുരാൻ’ പ്രദർശനത്തിനെത്തി ഒരാഴ്ചയ്ക്കകം 200 കോടി ക്ലബ്ബിലെത്തി.

മലയാളത്തില്‍ അതിവേഗത്തിൽ 100 കോടിയും 200 കോടിയും നേടുന്ന ചിത്രവുമായി ഈ സിനിമ.48 മണിക്കൂറിനുള്ളിലാണ് ചിത്രം 100 കോടി ക്ലബില്‍ കയറിയത്. മാര്‍ച്ച് 27 ന് രാവിലെ ആറ് മണി മുതലാണ് എമ്പുരാന്റെ പ്രദര്‍ശനം ആരംഭിച്ചത്.

ഹൈന്ദവ സംഘടനകളുടെയും ആർ എസ് എസിൻ്റെയും വിമർശനങ്ങൾ രൂക്ഷമായപ്പോൾ നടൻ മോഹൻലാൽ ക്ഷമ ചോദിച്ചതോടെ ചിത്രം കൂടുതൽ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. പൃഥ്വിരാജ്, ഇതുസംബന്ധിച്ച മോഹൻലാലിൻ്റെ ഫേസ്ബുക്ക് പോസ്ററ് പങ്കുവെച്ചിരുന്നു. എന്നാൽ തിരക്കഥാകൃത്ത് മുരളി ഗോപി ഇതൂവരെ പ്രതികരിച്ചിട്ടില്ല.

വിവാദ ഭാഗങ്ങൾ മുറിച്ചു നീക്കിയ സിനിമ ചൊവ്വാഴ്ച പ്രദർശനത്തിനെത്തും എന്നാണ് സൂചന.സിനിമയിലെ മൂന്ന് മിനിറ്റ് രംഗങ്ങളാണ് വെട്ടി മാറ്റിയത്. പ്രതിനായക കഥാപാത്രങ്ങളിലൊരാള്‍ ഗര്‍ഭിണിയെ ബലാല്‍സംഗം ചെയ്യുന്ന രംഗമടക്കം ഒഴിവാക്കി. ഒപ്പം ചിത്രത്തിലെ പ്രതിനായകന്‍റെ ബജ്‍റംഗി എന്ന പേരും മാറ്റും.

2025ല്‍ രാജ്യത്ത് ആദ്യ ആഴ്ച ഏറ്റവും മികച്ച ഓപ്പണിങ് ലഭിച്ച സിനിമയെന്ന റെക്കോർഡും എമ്പുരാൻ സ്വന്തമാക്കി കഴിഞ്ഞു. വിക്കി കൗശൽ ചിത്രം ‘ഛാവ’യെ പിന്തുള്ളിയാണ് ‘എമ്പുരാൻ’ മുന്നിലെത്തിയത്. വേൾഡ് വൈഡ് ബോക്സ് ഓഫിസിലും ചിത്രം മൂന്നാമതാണ്. ഏകദേശം 19 മില്യൻ ഡോളറാണ് സിനിമയുടെ ആഗോള കലക്‌ഷൻ അതായത് ഏകദേശം 165 കോടി രൂപ.

ആഗോള കലക്‌ഷനിൽ ഡിസ്നിയുടെ സ്നോ വൈറ്റ്, ജേസൺ സ്റ്റാഥത്തിന്റെ വർക്കിങ് മാൻ എന്നീ സിനിമകൾക്കു തൊട്ടു പിന്നിലാണ് എമ്പുരാൻ. വിവാദം വന്നതോടെ സിനിമയ്ക്കു ടിക്കറ്റ് ഇല്ലാത്ത സാഹചര്യമാണ്. അവധി ദിവസമായ ഞായറും തിങ്കളും വെളുപ്പിന് നാല് മണി മുതൽ സിനിമയുടെ പ്രദർശനം ആരംഭിച്ചിരുന്നു. ഞായറാഴ്ച മാത്രം പത്ത് കോടിക്കു മുകളിൽ വരുമാനം കിട്ടി.

റിലീസ് ദിവസമായ വ്യാഴാഴ്ച കേരളത്തിൽ നിന്നും ലഭിച്ചത് 14 കോടി രൂപയാണ്.രണ്ടാം ദിവസം 8.45 കോടിയും മൂന്നാം ദിവസം 9.02 കോടിയും നാലാം ദിനം 11 കോടിയും ലഭിച്ചു എന്നാണ് കണക്ക്.

ആടുജീവിതം, ആവേശം എന്നീ സിനിമകളെ പിന്തള്ളി മലയാളത്തിൽ ഏറ്റവുമധികം വരുമാനം ലഭിക്കുന്ന സിനിമയുടെ പട്ടികളിൽ ഇപ്പോൾ രണ്ടാം സ്ഥാനത്താണ് എമ്പുരാൻ.

രാജ്യത്തിന് പുറത്ത് എമ്പുരാന്‍ ഇതുവരെ നേടിയത് 85 കോടിയിലേറെ രൂപയാണെന്ന വിവരം മോഹൻലാൽ സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News