‘മഞ്ഞുമ്മല്‍ ബോയ്‌സ്’: 40 കോടിയുടെ നികുതി വെട്ടിപ്പ് പിടിച്ചു

കൊച്ചി: മഞ്ഞുമ്മല്‍ ബോയ്‌സ് എന്ന മലയാള സിനിമ വാരിക്കൂട്ടിയത് 140 കോടിയിലേറെ രുപ. എന്നാൽ കണക്കുള്ളത് നൂറ് കോടിക്ക് മാത്രം -നടന്‍ സൗബിന്‍ ഷാഹിറിന്റെ കൊച്ചി ഓഫിസില്‍ ആദായ നികുതി വകുപ്പ് നടത്തിയ പരിശോധനയിലാണ് ഈ വെട്ടിപ്പ് കണ്ടെത്തിയത്. പരിശോധന തുടരുകയാണ് ഇപ്പോഴും.

സൗബിന്‍ ഷാഹിറിന്റെ ഉടമസ്ഥതയിലുള്ള പറവ ഫിലിംസ് കമ്പനിയുടെ സാമ്പത്തിക ഇടപാടുകള്‍ പരിശോധിച്ചാണ് കോടിക്കണക്കിന് രൂപയുടെ നികുതി വെട്ടിപ്പ് കണ്ടെത്തിയത്. പറവ ഫിലിംസ് കമ്പനി, ഡ്രീം ബിഗ് ഡിസ്ട്രിബ്യൂട്ടേഴ്സ് ഓഫിസ് അടക്കമുള്ള സ്ഥലങ്ങളിലാണ് പരിശോധന തുടരുന്നത്.

മഞ്ഞുമ്മല്‍ ബോയ്സ് സിനിമയുടെ സാമ്പത്തിക വിജയത്തിന്റെ പേരില്‍ വലിയ തോതില്‍ കള്ളപ്പണ ഇടപാട് നടന്നുവെന്ന ആരോപണം സൗബിന്‍ ഷാഹിര്‍ നേരിട്ടിരുന്നു. ഇഡിയുടെ അന്വേഷണവും നടക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ടാണ് ഇന്‍കംടാക്സിന്റെ കൊച്ചി യൂണിറ്റും അന്വേഷണം നടത്തിയത്.

അന്വേഷണത്തില്‍ ചിത്രം 140 കോടിയിലെറെ രൂപ വരുമാനം വന്നുവെന്ന് തെളിഞ്ഞു. എന്നാല്‍, 100 കോടി രൂപ മാത്രമാണ് കണക്കില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. 40 കോടിയുടെ നികുതി കമ്പനി വെട്ടിച്ചതെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. സഹായിയായ ഷോണ്‍ ആണ് കണക്കുകള്‍ കൈകാര്യം ചെയ്തതെന്നാണ് സൗബിന്റെ മൊഴി. വരവ് ചെലവ് കണക്കുകളിലും പൊരുത്തക്കേടുകൾ കണ്ടെത്തിയിട്ടുണ്ട്.

മഞ്ഞുമ്മല്‍ ബോയ്സിന്റെ നിര്‍മാതാക്കള്‍ വഞ്ചിച്ചെന്ന് കാണിച്ച് ആലുവ സ്വദേശിയായ സിറാജ് നേരത്തെ പരാതി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇ ഡി കേസ് എടുത്തത്. സിനിമയ്ക്ക് ലഭിക്കുന്ന ലാഭവിഹിതത്തില്‍ നിന്ന് 40 ശതമാനം നല്‍കാമെന്ന് കാണിച്ച് പണം വാങ്ങിയെന്നും നിര്‍മാണച്ചെലവ് കൂട്ടിക്കാണിച്ചെന്നുമായിരുന്നു സിറാജ് നല്‍കിയ പരാതി.നിര്‍മാണച്ചെലവ് 22 കോടി രൂപയാണെന്ന് കാണിച്ച് എഴുകോടി രൂപ വാങ്ങിയെന്നും സിറാജ് പറഞ്ഞിരുന്നു.

എന്നാല്‍ 22 കോടി രൂപ ചെലവായെന്നത് കള്ളമാണെന്നും സിനിമയ്ക്കായി നിര്‍മാതാക്കള്‍ ഒരു രൂപ പോലും മുടക്കിയിട്ടില്ലെന്നും പോലീസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. 18.65 കോടി രൂപമാത്രമാണ് ചിത്രത്തിനായി ചെലവായതെന്നും വാങ്ങിയ പണത്തിന്റെ ഒരു ഭാഗം പോലും പരാതിക്കാരന് പറവ ഫിലിം കമ്പനി തിരികെ നല്‍കിയിട്ടില്ലെന്നും ചതിക്കാന്‍ മുന്‍കൂട്ടി പദ്ധതി ഉണ്ടായിരുന്നു എന്നാണ് ഇതിനര്‍ഥമെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.

കൊച്ചിയിലെ മഞ്ഞുമ്മല്‍ എന്ന സ്ഥലത്തുനിന്ന് ഒരു സംഘം യുവാക്കള്‍ കൊടൈക്കനാലിലേക്ക് യാത്ര പോകുന്നതും അതേത്തുടര്‍ന്ന് അവരുടെ ജീവിതത്തില്‍ സംഭവിക്കുന്ന കാര്യങ്ങളുമാണ് മഞ്ഞുമ്മല്‍ ബോയ്‌സ് എന്ന ചിത്രത്തില്‍ പറയുന്നത്.

ചിദംബരം രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രത്തില്‍ സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ബാലു വര്‍ഗീസ്, ഗണപതി, ജീന്‍ പോള്‍ ലാല്‍, അഭിറാം രാധാകൃഷ്ണന്‍, ദീപക് പറമ്പോല്‍, ഖാലിദ് റഹ്‌മാന്‍, അരുണ്‍ കുര്യന്‍, വിഷ്ണു രഘു, ചന്തു തുടങ്ങിയവരായിരുന്നു കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News