കൊച്ചി: മലയാള സിനിമയിലെ സ്ത്രീകളുടെ പ്രശ്നങ്ങൾ മനസ്സിലാക്കാൻ സർക്കാർ നിയോഗിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിനെ പരിപൂർണമായും സ്വാഗതം ചെയ്യുന്നുവെന്ന് താരങ്ങളുടെ സംഘടനയായ അമ്മ. റിപ്പോർട്ടിലെ കണ്ടെത്തലുകളും നിർദേശങ്ങളും തികച്ചും സ്വാഗതാർഹമാണെന്ന് സംഘടനയുടെ ജനറൽ സെക്രട്ടറി സിദ്ധിഖ് പറഞ്ഞു. അതിലെ നിർദേശങ്ങൾ എല്ലാം നടപ്പിലാക്കണം
അമ്മയുടെ പ്രതികരണം വൈകിയെന്ന് പൊതുവേ വിമർശനമുണ്ട്. റിപ്പോർട്ട് പുറത്തുവരുമ്പോൾ ഒരു ഷോയുടെ റിഹേഴ്സൽ നടക്കുകയായിരുന്നു. 22ന് വെളുപ്പിനാണ് അത് അവസാനിച്ചത്. പ്രസിഡന്റ് മോഹൻലാൽ സ്ഥലത്തില്ല.
എല്ലാവരോടും ചർച്ച ചെയ്യാനാണ് സമയമെടുത്തത്. അതിനെ ഒളിച്ചോട്ടമെന്ന് വിശേഷിപ്പിക്കുന്നത് ശരിയല്ല.
റിപ്പോർട്ട് പുറത്തുവരുന്നതിനെ എതിർത്തിട്ടില്ല. റിപ്പോർട്ടിൽ എന്തു നടപടിയെടുക്കണം എന്ന് തീരുമാനിക്കുന്നത് സർക്കാരാണ്. റിപ്പോർട്ട് അമ്മയ്ക്കെതിരെയല്ല. അമ്മയിലെ അംഗങ്ങൾ തൊഴിലിടങ്ങളിൽ സുരക്ഷിതമായിരിക്കണമെന്നത് അമ്മയുടെ കൂടെ ആവശ്യമാണ്.മാധ്യമങ്ങൾ അമ്മയെ പ്രതിസ്ഥാനത്ത് നിർത്തുന്നത് സങ്കടകരമാണ്.
സിനിമ മേഖല മുഴുവൻ മോശമാണെന്ന് സാമാന്യവത്കരിക്കുന്നതിനോട് യോജിപ്പില്ല. അടച്ചാക്ഷേപിച്ചുള്ള ആരോപണങ്ങൾ വിഷമങ്ങളുണ്ടാക്കി. സിനിമ മേഖലയിലെ പവർ ഗ്രൂപ്പിനെക്കുറിച്ച് അറിയില്ല. അങ്ങനെ ആരെങ്കിലും പവർ ഗ്രൂപ്പായി പ്രവർത്തിച്ചാൽ സിനിമ മേഖല മുന്നോട്ടുപോകില്ല. മാഫിയ എന്നൊക്കെ പറയുന്നത് അതേക്കുറിച്ച് അറിയാത്തതുകൊണ്ടാണ്.
2006ൽ നടന്ന സംഭവത്തെക്കുറിച്ച് 2018ൽ ഒരു പെൺകുട്ടി പരാതി നൽകിയിരുന്നു. അന്ന് ഞാൻ വെറും എക്സിക്യൂട്ടിവ് മെമ്പർ മാത്രമായിരുന്നു. അന്ന് പരാതി ശ്രദ്ധയിൽപ്പെട്ടില്ല. അത് തെറ്റായിപ്പോയി. അങ്ങനെയുണ്ടാകാൻ പാടില്ലാത്തതാണ്.അല്ലാതെ ലൈംഗികാതിക്രമങ്ങളെക്കുറിച്ച് മറ്റു പരാതികൾ അമ്മയ്ക്ക് ലഭിച്ചിട്ടില്ല.
ലൈംഗികാതിക്രമത്തേക്കാൾ കൂടുതൽ പ്രതിഫലം ലഭിക്കാതെ പോകുന്നു എന്ന പ്രശ്നമാണ് സിനിമ മേഖല നേരിടുന്ന വലിയ പ്രശ്നം. ലൈംഗികാതിക്രമ ആരോപണങ്ങളിൽ വേട്ടക്കാരുടെ പേരു പുറത്തുവിടണമെന്നും കേസെടുക്കണമെന്നും സർക്കാരിനോട് ആവശ്യപ്പെടുന്ന കാര്യം ആലോചിച്ചു തീരുമാനമെടുക്കും.
സംഘടനയിലെ ഭൂരിഭാഗം പേരെയും കമ്മിറ്റി മൊഴിയെടുക്കാൻ വിളിപ്പിച്ചിട്ടില്ല. എന്നെ വിളിച്ചിട്ടില്ല. മമ്മൂട്ടി, മോഹൻലാൽ തുടങ്ങിയവരെ വിളിച്ചിരുന്നു. അവരോട് പ്രതിഫലം സംബന്ധിച്ച ചില കാര്യങ്ങൾ മാത്രമാണ് ചോദിച്ചതെന്നാണ് അറിഞ്ഞത്.
ഡബ്ല്യു.സി.സി അംഗങ്ങൾക്ക് അവസരം നിഷേധിക്കാൻ ആവില്ല. ഒരു കഥാപാത്രത്തിന് ഏറ്റവും അനുയോജ്യരായ ആളുകളെയാണ് ആദ്യം പരിഗണിക്കുന്നത്. അവരെ ലഭ്യമായില്ലെങ്കിൽ മാത്രമാണ് മറ്റൊരാളെ തിരഞ്ഞെടുക്കുക.
നടി പാർവതി തിരുവോത്തിന് സിനിമ കിട്ടുന്നതിൽ ഇടവേളയുണ്ടായ കാര്യത്തിൽ മറുപടി പറയാൻ പറ്റില്ല. പല ഘടകങ്ങൾ ഒന്നിച്ചുചേരുമ്പോഴാണ് ഒരു സിനിമ ജനിക്കുന്നത്. എല്ലാവർക്കും സിനിമ ലഭിക്കുന്നത് അങ്ങനെയാണ്. ഇടവേള എനിക്കും ഉണ്ടായിട്ടുണ്ട്. പാർവതി കഴിവുള്ള നടിയാണ്. തനിക്കുണ്ടായ ദുരനുഭവം തുറഞ്ഞുപറഞ്ഞ നടൻ തിലകന്റെ മകൾ സോണിയ തിലകനെ അഭിനന്ദിക്കുന്നു.
സിനിമ സെറ്റുകളിൽ പ്രാഥമികാവശ്യത്തിനുള്ള സൗകര്യം പോലുമില്ലെന്ന പരാതി ഇപ്പോൾ ശരിയല്ല.നാലഞ്ച് വർഷം മുമ്പായിരുന്നെങ്കിൽ അത് ശരിയായിരുന്നു. ഇപ്പോൾ സാഹചര്യം മാറി. ഭൂരിഭാഗം സെറ്റിലും സൗകര്യങ്ങൾ ഒരുക്കുന്നുണ്ട്. കാസ്റ്റിങ് കൗച്ചിനെക്കുറിച്ച് ആരും സംഘടനയോട് പരാതി പറഞ്ഞിട്ടില്ല. അറിയാത്ത കാര്യത്തിൽ എങ്ങനെയാണ് നടപടിയെടുക്കുകയെന്നും സിദ്ധിഖ് ചോദിച്ചു.
Association of Malayalam Movie Artists (AMMA),
justice Hema Commission report, malayalam film industry,
Kerala,