തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്‌ടാവ് എം.സി ദത്തനെ തടഞ്ഞ് പൊലീസ്. ആളറിയാതെയാണ് ദത്തനെ പൊലീസുകാർ തടഞ്ഞതെങ്കിലും സഹായിക്കാനെത്തിയ മാദ്ധ്യമപ്രവർത്തകരോടാണ് ദത്തൻ അരിശം തീർത്തത്. നിനക്കൊന്നും വേറെ പണിയില്ലേടാ..നീയൊക്കെ തെണ്ടാൻ പോ എന്നായിരുന്നു മുഖ്യമന്ത്രിക്ക് ഉപദേശം നൽകുന്ന എം.സി ദത്തന്റെ പ്രതികരണം.
സെക്രട്ടേറിയേറ്റിന് മുന്നിലെ അനക്സ് കെട്ടിടത്തിന് മുന്നിൽ സ്ഥാപിച്ച ബാരിക്കേഡിന് മുന്നിലായിരുന്നു സംഭവം.
യുഡിഎഫിന്റെ ഉപരോധത്തിനിടയിൽ സെക്രട്ടേറിയേറ്റിലേക്ക് എത്തിയ ദത്തന്, പൊലീസ് സ്ഥാപിച്ച ബാരിക്കേഡിന് മുന്നിൽ കാത്തുനിൽക്കേണ്ടി വന്നു. ഈ സമയത്ത് മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവാണെന്നും കടത്തിവിടണമെന്നും മാദ്ധ്യമപ്രവർത്തകർ പൊലീസിനെ അറിയിച്ചു.
അബദ്ധം മനസിലായതോടെ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ എത്തി ദത്തനെ കടത്തിവിടുകയായിരുന്നു. തുടർന്ന്, എന്തെങ്കിലും ബുദ്ധിമുട്ടുണ്ടായോ എന്ന് മാദ്ധ്യമപ്രവർത്തകർ ചോദിച്ചപ്പോഴാണ് ”നിനക്കൊന്നും വേറെ പണിയില്ലേടാ..നീയൊക്കെ തെണ്ടാൻ പോ” എന്ന് ദത്തൻ കയർത്തത്.
Post Views: 178