ആർ. ഗോപാലകൃഷ്ണൻ
ഗഹനചിന്തകളും നർമ്മസംഭവങ്ങളും ചരിത്ര’ചിത്ര’ങ്ങളും എല്ലാം ഇടകലർത്തി പണ്ഡിതനെയും പാമരനേയും ഒരുപോലെ രസിപ്പിച്ചുവായിപ്പിച്ച ഒരു പ്രതിവാര ‘സാഹിത്യ പംക്തി’ ആയിരുന്നുവല്ലോ എം. കൃഷ്ണൻ നായരുടെ ‘സാഹിത്യവാരഫലം’. സാഹിത്യനിരൂപണങ്ങളുടെ ശുഷ്കശൈലിയിൽ നിന്നു വ്യത്യസ്തമായി അദ്ദേഹം ഇതിൽ എഴുതി.
ഈ പംക്തിയിൽ പല പ്രബലന്മാരും വിമർശിക്കപ്പെട്ടു; അതെസമയം, നവാഗതരിൽ പലരെയും ശ്ലാഘിക്കുകയും ചെയ്തിട്ടുണ്ട്. സാഹിത്യവും ഇതര വിഷയങ്ങളുമായി ബന്ധപ്പെട്ട ചെറിയ കഥകളും അനുഭവാഖ്യാനങ്ങളും ചേർന്ന ഒരു കോളം; “ഇത് ഒരു ‘സാഹിത്യ നിരൂപണ’മല്ല, വെറും ജർണ്ണലിസം – (പെരിയോഡിക്കൽ കോളം മാത്രം)” എന്ന്
കൃഷ്ണൻ നായർ തന്നെ പറഞ്ഞിട്ടുണ്ട്.
കൃഷ്ണൻ നായർ , 36-ൽപരം വർഷത്തോളം തുടർച്ചയായി (1969 മുതൽ 2006-ൽ മരണത്തിനു ഒരാഴ്ച്ച മുൻപു വരെ) എഴുതിയ ‘സാഹിത്യവാരഫലം’ ഒരുപക്ഷേ, ലോകത്തിലെ തന്നെ ഏറ്റവും കൂടുതൽ കാലം പ്രസിദ്ധീകരിച്ച സാഹിത്യ പംക്തി ആയിരിക്കും. ‘മലയാളനാട്’ വാരികയിൽ അദ്ദേഹം തൻ്റെ പംക്തി എഴുതിത്തുടങ്ങി.
‘മലയാളനാട്’ നിന്നുപോയതിനു ശേഷം ‘കലാകൗമുദി’ ആഴ്ചപ്പതിപ്പിലും അതിനു ശേഷം ‘സമകാലിക മലയാളം’ വാരികയിലും സാഹിത്യ വാരഫലം പ്രസിദ്ധീകരിച്ചു. ലോകസാഹിത്യത്തിൽ അഗാധമായ അറിവുണ്ടായിരുന്ന അദ്ദേഹം തെക്കേ അമേരിക്ക മുതൽ യൂറോപ്പുവരെയും, ആഫ്രിക്ക മുതൽ ജപ്പാൻ വരെയുമുള്ള എഴുത്തുകാരെ കേരളത്തിലെ വായനക്കാർക്കു പരിചയപ്പെടുത്തി…
കൃഷ്ണൻ നായർ സാറിന്റെ ഫലിതങ്ങളുടെ ഒരു സാമ്പിൾ:
“സ്ത്രീകളുടെ സ്നേഹം ഇന്ത്യൻ കോഫീ ഹൗസിലെ ഉപ്പു പാത്രം പോലെയാണ്. ഒന്നുകിൽ എത്ര കുടഞ്ഞാലും വീഴില്ല..അല്ലെങ്കിൽ അടപ്പ് തെറിച്ച് മുഴുവനോടെ വീഴും.”
-പ്രൊഫ. എം കൃഷ്ണൻ നായർ
(ചില വിരുതന്മാർ ഇതിന് ഒരു രണ്ടാം ഭാഗം കൂടി എഴുതി ചേർത്തിട്ടുണ്ട്: “ആണുങ്ങളുടെ സ്നേഹം ഇന്ത്യൻ കോഫി ഹൗസിലെ ബീറ്റ്റൂട്ട് പോലെയും… കട്ലൈറ്റ് മുതൽ മസാലദോശ വരെ സകലതിലും അതു കൊണ്ടുപോയി ഇടും…. “
വി. കെ. മാധവൻ പിള്ളയുടെയും ശാരദാമ്മയുടെയും മകനായി 1923 മാർച്ച് 3-നു കൃഷ്ണൻ നായർ ജനിച്ചു. അച്ഛനമ്മമാർ വടക്കൻ പറവൂരിൽ ജനിച്ചവരാണെങ്കിലും കൃഷ്ണൻ നായരുടെ ജനനം തിരുവനന്തപുരത്തായിരുന്നു…
സ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദം നേടി. പഠനത്തിനു ശേഷം മലയാള സാഹിത്യാധ്യാപകനായി അദ്ദേഹം പല കലാലയങ്ങളിലും സേവനം അനുഷ്ഠിച്ചു.
എറണാകുളം മഹാരാജാസ് കോളജിൽ നിന്നു മലയാള വിഭാഗം തലവനായി വിരമിച്ചു.
എറണാകുളം മഹാരാജാസ്കോളേജിൽ ജോലിചെയുമ്പോൾ KSRTC ബസ്സ്റ്റാൻഡിന് സമീപമുള്ള ഹോട്ടൽ ലൂസിയയിലാണ് സാർ താമസിച്ചിരുന്നത്. തൊടുപുഴയിൽ കോളേജ് വിദ്യാർഥികളായ ‘തോമസ് മാത്യു തൊടുപുഴ’യും ഞാനും കൃഷ്ണൻ നായർ സാറിനെ സ്ഥിരമായി സന്ദർശിക്കാറുണ്ടായിരുന്നു…
സാർ താഴ്ന്ന സ്വരത്തിൽ ധാരാളം സംസാരിക്കും; ഓംലെറ്റും (സാറിന്റെ ഇഷ്ട വിഭവമാണ് ഇത്) ചായയും വരുത്തിച്ചു സൽകരിച്ചിട്ടുമുണ്ട്. സാർ, ഒരിക്കൽ ഞങ്ങളുടെ സന്ദർശനത്തെക്കുറിച്ചെന്തോ ‘സാഹിത്യവാരഫല’ത്തിൽ എഴുതുകയും ചെയ്തു.
ആദ്യ ലക്കം ‘സാഹിത്യ വാരഫലം’ അച്ചടിച്ച ‘മലയാളനാട്’ വരിക (ആദ്യ ലക്കം) താളും ചിത്രകാരൻ പി. വി. കൃഷ്ണൻ വരച്ച കാരികേച്ചറും .
==========================================================
പാബ്ലോ നെരൂദ, മാർക്വേസ്, തോമസ് മാൻ, യമക്കാവ തുടങ്ങിയ വിശ്വസാഹിത്യകാരന്മാരെ മലയാളികളുടെ വായനാ മേശയിലെത്തിക്കുന്നതിൽ കൃഷ്ണൻ നായരുടെ പങ്കു ചെറുതല്ല.
സൗമ്യസ്വഭാവിയും ശാന്തനും ആഥിത്യ മര്യാദക്കാരനുമായിരുന്ന കൃഷ്ണൻ നായർ സാഹിത്യ വിമർശനത്തിൽ രചിതാവിന്റെ പേരുനോക്കാതെ കണിശതയും വിട്ടുവീഴ്ചയില്ലായ്മയും ദയയില്ലായ്മയും പുലർത്തി.
സ്വന്തം പംക്തിയിലെ ലേഖനങ്ങളെപ്പോലും ‘സാഹിത്യ പത്രപ്രവർത്തനത്തിന്റെയും ഏഷണിയുടെയും ഒരു അവിയൽ’ എന്നു വിശേഷിപ്പിച്ച അദ്ദേഹം, അനുബന്ധമായി, “അതുകൊണ്ടാണല്ലൊ, ചുമട്ടുതൊഴിലാളികൾ വരെയും 35 വർഷമായി ‘സാഹിത്യ വാരഫലം’ വായിക്കുന്നത്” എന്നും കൂട്ടിച്ചേർത്തു.
രസകരമായ രചനാശൈലിയും കുറിക്കു കൊള്ളുന്ന നർമവും മലയാളികളുടെ ജീവിത ശൈലിയെക്കുറിച്ചുള്ള നിശിതവും ഹാസ്യാത്മകവുമായ നിരീക്ഷണങ്ങളും ‘സാഹിത്യവാരഫല’ത്തെ വായനക്കാർക്കു പ്രിയങ്കരമാക്കി.
അതിഗഹനമായ വായനയുടെ ഉടമയായിരുന്നു കൃഷ്ണൻ നായർ. ഓട്ടോറിക്ഷാ ഡ്രൈവർമാർ മുതൽ കോളേജ് പ്രൊഫസർമാർ വരെയും നവ കവികൾ മുതൽ വിദ്യാർത്ഥികൾ വരെയും സാഹിത്യവാരഫലത്തിന്റെ പുതിയ ലക്കങ്ങൾക്കുവേണ്ടി കാത്തിരുന്നു. മലയാള സാഹിത്യത്തിൽ മൗലികമായ എഴുത്തുകാർ ഇല്ലെന്നും ടോൾസ്റ്റോയിയും തോമസ് മാനുമായി താരതമ്യപ്പെടുത്തുമ്പോൾ മലയാള സാഹിത്യകാരന്മാർ കുള്ളന്മാരാണെന്നും അദ്ദേഹം വിശ്വസിച്ചു.
തിരുവനന്തപുരത്തെ സായാഹ്ന നടത്തക്കാർക്ക് പരിചിതനായിരുന്നു കൃഷ്ണൻ നായർ. ‘ഇന്ത്യൻ കോഫി ഹൌസി’ൽ പതിവു സന്ദർശകനുമായിരുന്നു, അദ്ദേഹം. തിരുവനന്തപുരത്തെ ‘മോഡേൺ ബുക് സ്റ്റാളി’ൽ അദ്ദേഹം സ്ഥിരം സന്ദർശകനും ഉപയുക്താവുമായിരുന്നു. അദ്ദേഹത്തിന്റെ മരണശേഷം ഈ ഗ്രന്ഥ ശേഖരം എറണാകുളം കാക്കനാട് സഹകരണ ഗ്രന്ഥശാല വാങ്ങി.
സാഹിത്യ രംഗത്തെ സേവനങ്ങൾക്ക് അദ്ദേഹത്തിനു ‘ജി.കെ. ഗോയെങ്ക പുരസ്കാരം’ ലഭിച്ചു. കേരള യൂണിവേഴ്സിറ്റി ലൈബ്രറി അദ്ദേഹത്തിന്റെ രചനകൾക്കായി ഒരു പ്രദർശനം നടത്തി. അദ്ദേഹത്തിന്റെ ആദ്യ കാല ഉപന്യാസങ്ങളായ ‘സ്വപ്ന മണ്ഡലം’ (1976), ‘സൗന്ദര്യത്തിന്റെ സന്നിധാനത്തിൽ’ (1977), ‘ചിത്രശലഭങ്ങൾ പറക്കുന്നു’ (1979), ‘സാഹിത്യ വാരഫല’ത്തിന്റെ ആദ്യ പ്രതികൾ തുടങ്ങിയവ ഈ പ്രദർശനത്തിൽ ഉൾക്കൊള്ളിച്ചിരുന്നു.
2006 ഫെബ്രുവരി 23-ന് വൈകീട്ട് 3:30-ന് തിരുവനന്തപുരത്തെ ഒരു സ്വകാര്യ ആശുപത്രിയിൽ കൃഷ്ണൻ നായർ അന്തരിച്ചു. ന്യുമോണിയയും ഹൃദയാഘാതവുമായിരുന്നു മരണകാരണം. ഭാര്യയും അഞ്ച് പെണ്മക്കളുമുണ്ട്. ഏക മകൻ വേണുഗോപാൽ 1986-ൽ ഒരു വാഹനാപകടത്തിൽ മരിച്ചു; ഈ വേർപാട് അദ്ദേഹത്തെ വല്ലാതെ ദുഃഖപ്പിച്ചിരുന്നു.
കൃഷ്ണൻ നായർ സാറിന്റെ കൃതികൾ: ‘വായനക്കാരാ നിങ്ങൾ ജീവിച്ചിരിക്കുന്നോ?’; ‘പനിനീർ പൂവിന്റെ പരിമളം പോലെ’; ‘ശരത്കാല ദീപ്തി’; ‘ഒരു ശബ്ദത്തിൻ രാഗം’; ‘എം. കൃഷ്ണൻ നായരുടെ പ്രബന്ധങ്ങൾ’; ‘സാഹിത്യ വാരഫലം’ (25 വർഷത്തെ രചനകൾ ക്രോഡീകരിച്ച് കറന്റ് ബുക്സ് പ്രസിദ്ധീകരിച്ചു.) ഇപ്പോൾ ‘മാതൃഭൂമി ബുക്ക്സ്’ 37 വർഷത്തെ സാഹിത്യവാരഫലം സമാഹരിച്ച് ആറ് വാല്യങ്ങളുള്ള ഗ്രന്ഥ സമാഹാരമാക്കിയിട്ടുണ്ട്.
കൃഷ്ണൻ നായർ സാറിൻ്റെ സഹോദരി പുത്രനും എഴുത്തുകാരനുമായ ടി.പി. ശാസ്തമംഗലം, അമ്മാവനെക്കുറിച്ച് ഒരു സമഗ്ര ഗ്രന്ഥം തയ്യാറാക്കി വരികയാണ്……
____________
അനുബന്ധം: ‘സാഹിത്യ വാരഫല’ത്തിൽ നിന്ന്:
█ >>> “സന്ധ്യക്കു ദേവീക്ഷേത്രത്തിന്റെ മുന്പില്ക്കൂടി പോകുന്നവന് അവിടെ നില്ക്കും. കൈകൂപ്പി “ദേവീ എന്നെ രക്ഷിക്കണേ” എന്നു പ്രാര്ത്ഥിക്കും. അല്ലാതെ “ഗുഡ് ഈവനിങ് മാഡം. ഹൗ ഡൂ യു ഡൂ? ഗറ്റിങ് ഓണ് വെരിവെല്?” എന്നു ചോദിക്കുമോ? അതുപോലെ മദാമ്മയെ കണ്ടാല് ഗുഡ് ഈവനിങ് തുടങ്ങിയ വാക്കുകള് പറയാം. അവളോടു് “ദേവി എന്നെ രക്ഷിക്കണേ!” എന്നു പറഞ്ഞാല് അവള്ക്കു മലയാളം അറിയാമെങ്കില് അടികിട്ടും. സന്ദര്ഭത്തിനു യോജിച്ചവിധത്തിലേ പദങ്ങള് പ്രയോഗിക്കാവു.”
ഈ സാരസ്വതരഹസ്യം പൈങ്കിളിക്കഥാകാരന്മാര് മറന്നുപോകുന്നതുകൊണ്ടാണു് വിവേകമുള്ളവര് അവരെ പരിഹസിക്കുന്നതു്.
-‘സാഹിത്യവാരഫല’ത്തിൽ കൃഷ്ണൻ നായർ <<< █
K Balachandran Nair added this text:
എംജി. സർവകലാശാല വൈസ് ചാൻസലർ ആയിരുന്ന യു.ആർ. അനന്തമൂർത്തി കേരളത്തിന്റെ സാംസ്ക്കാരിക ഭൂമികയിൽ ഇണങ്ങിച്ചേർന്നു കഴിഞ്ഞിരുന്നു. അവിസ്മരണീയ മുഹൂർത്തങ്ങൾ സമ്മാനിക്കാറുള്ള പതിവ് കൂടിക്കാഴ്ചകൾക്കിടയിൽ ഒരിക്കൽ അദ്ദേഹം ചോദിച്ചു:
“പ്രൊഫസർ എം കൃഷ്ണൻ നായർക്ക് കേരളം അദ്ദേഹം അർഹിക്കുന്ന ആദരം നൽകിയോ?”
“കൃഷ്ണൻ നായർ സാറിന്റെ ഔന്നത്യം ഋഷി തുല്യമായ ആ നിർമ്മമതയാണ്. ലോക-സഹിത്യത്തെ മലയാളികളുടെ കൈവെള്ളയിലെ നെല്ലിക്കയായി മാറ്റി മാന്ത്രികത കാട്ടിയ അദ്ദേഹം എന്നും അതൊരു നിസ്സാര കാര്യമാണെന്ന് കരുതാനാണ് ഇഷ്ടപെട്ടത്.
അതിനു വേണ്ടി ഒരു പുരസ്‌കാരവും ആദരവും താൻ അർഹിക്കുന്നുണ്ടെന്നു അദ്ദേഹം കരുതിയിരുന്നില്ല എന്നു നമ്മെ ധരിപ്പിക്കുന്നതിലായിരുന്നു അദ്ദേഹത്തിനുകൗതുകം…” എന്നു ഞാൻ പറഞ്ഞപ്പോൾ അനന്തമൂർത്തി സാറിന്റെ മറുപടി “കേരളത്തിലെന്നല്ല ഭാരതത്തിൽ തന്നെ സമൂഹത്തെ സാഹിത്യ ബോധം കൊണ്ടു വിമലീകരിക്കുന്നതിൽ അദ്ദേഹം ചെയ്ത സേവനം അത്യപൂർവമാണ്. സ്വയം ചെറുതാക്കി കാട്ടാൻ ആഗ്രഹിക്കുന്ന ആ മനസ്സിന്റെ ഔന്നത്യം കണ്ടറിഞ്ഞു ബഹുമാനിക്കാൻ സമൂഹത്തിനു കടമയില്ലേ?”
കേരളം വരുത്തത്തിയ അക്ഷന്തവ്യമായ വീഴ്ച പരിഹരിക്കാൻ തനിക്കു എന്തുചെയ്യാനാവും എന്നു ചിന്തിക്കുന്ന തരത്തിലുള്ള മനോഗതിയുടെ സൂചന എനിക്ക് ലഭിച്ചു. ഏതാനും നാളുകൾക്കു ശേഷമുള്ള കൂടിക്കാഴ്ചയിൽ അദ്ദേഹം അത് വെളിപ്പെടുത്തുകയും ചെയ്തു. ഇന്ത്യൻ എക്സ്പ്രെസ്സിന്റെ “ഗോയങ്കാ പുരസ്ക്കാര സമിതി”യുടെ ആ വർഷത്തെ അധ്യക്ഷൻ എന്ന നിലയിൽ താൻ തന്നെ പ്രൊഫെസറുടെ പേര് ചർച്ചയ്ക്കെടുത്തു ഏകകണ്ഠമായി സമ്മാനത്തിന് ശുപാര്ശ ചെയ്തതായി അനന്തമൂർത്തി സർ പറഞ്ഞു.
“സ്വയം നിസ്സാരവൽക്കരിച്ചു അപൂർവമായ ഔന്നത്യം പ്രാപിക്കുന്ന” തികഞ്ഞ തുലനാവസ്ഥ കൈവരിച്ച ഭാരതീയ മനസ്സിന്റെ വിജയം അംഗീകരിക്കാൻ കര്ണാടകത്തിൽ നിന്നുള്ള ഒരു ‘സാഹിതി പെരുമാൾ’ വേണ്ടിവന്നു. കുളത്തിലെ തവളകളെ സാഹിത്യത്തിന്റെ വിശാല ചക്രവാളം കാട്ടുമ്പോഴും സ്വയം കൂപമാണ്ഡൂകമായി ഭാവിച്ച ആ സർഗധനന്റെ ഓര്മയ്ക്കുമുന്നിൽ പ്രണാമം.
ഗോയങ്കാ പുരസ്ക്കാരം വാങ്ങാൻ ദില്ലിയിലേയ്ക്കു നടത്തിയത് തന്റെ ആദ്യ വിമാനയാത്രയായിരുന്നു എന്നു അദ്ദേഹം എഴുതി. അതിൽ ആഴത്തിൽ ചിന്തിച്ചാൽ എന്തൊക്കെ അർഥങ്ങൾ!
– കെ.ബാലചന്ദ്രൻ നായർ.
============================== ========================
(കേരള സാഹിത്യ അക്കാദമിയുടെ സെക്രട്ടറിയായിരുന്നു ലേഖകന്‍)
______________________________
കൂടുതല്‍ വാര്‍ത്തകള്‍ക്കായി
http://www.newsboardindia.com
സന്ദര്‍ശിക്കുക
-—————————————————————————————