April 12, 2025 4:05 pm

മകൻ രേവണ്ണയുടെ പീഡനക്കേസ് ദേവഗൗഡ ഒതുക്കി ?

ബെം​ഗളൂരു: ജെഡിഎസ് ദേശീയ അധ്യക്ഷൻ എച്ച്. ഡി. ദേവഗൗഡയുടെ മകൻ എച്ച്,ഡി രേവണ്ണയ്ക്കെതിരെ ഇംഗ്ലണ്ടിൽ വന്ന ലൈംഗിക പീഡന പരാതി ഒതുക്കിത്തീർത്തതായി ആരോപണം. അന്ന് ദേവഗൗഡ പ്രധാനമന്ത്രിയായിരുന്നു.

ബിജെപി നേതാവും മുൻ എംപിയുമായ എൽ.ആർ. ശിവരാമ ഗൗഡയാണ് ഈ ​ഗുരുതര ആരോപണവുമായി രം​ഗത്തെത്തിയത്.

1996-ൽ താമസിച്ചിരുന്ന ഹോട്ടലിൽ വെച്ച് സ്ത്രീയോട് രേവണ്ണ ലൈംഗികാതിക്രമം നടത്താൻ ശ്രമിച്ചുവെന്നാണ് അദ്ദേഹത്തിൻ്റെ വെളിപ്പെടുത്തൽ.

കേസ് കഷ്ടപ്പെട്ടാണ് അന്ന് ഒതുക്കി തീർത്തതെന്നും യുകെയിൽ അന്വേഷിച്ചാൽ കേസ് രേഖകൾ ഇപ്പോഴും ഉണ്ടാകുമെന്നും ശിവരാമ ഗൗഡ പറയുന്നു. രേവണ്ണയുടെ കൂടെ അന്ന് ശിവരാമ ഗൗഡ ഉണ്ടായിരുന്നു. രേവണ്ണ അന്ന് കർണാടക ഹൗസിങ് മന്ത്രി ആയിരുന്നുവെന്നും ശിവരാമ ​ഗൗഡ പറഞ്ഞു.

ബലാത്സംഗ പരാതിയുടെ അടിസ്ഥാനത്തിൽ നേരത്തെ എംഎൽഎ കൂടിയായ രേവണ്ണയെ പ്രത്യേകാന്വേഷണസംഘം കസ്റ്റഡിയിലെടുത്തിരുന്നു. ദേവഗൗഡയുടെ പത്മനാഭനഗറിലെ വസതിയിൽ നിന്നാണ് രേവണ്ണ പൊലീസിന്‍റെ പിടിയിലാകുന്നത്.

രേവണ്ണയുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. രേവണ്ണയ്ക്കും മകൻ പ്രജ്വലിനുമെതിരെ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. ലൈംഗിക പീഡന പരാതി ഉന്നയിച്ച ഇരയുടെ അമ്മയെ തട്ടിക്കൊണ്ടുപോയതിനാണ് രേവണ്ണയ്ക്കെതിരെ പ്രത്യേക അന്വേഷണ സംഘം കേസെടുത്തത്.

രേവണ്ണയുടെ മകനും ഹാസനിലെ ജെഡിഎസ് എംപിയുമായ പ്രജ്വല്‍ രേവണ്ണയ്ക്കെതിരെ ബലാത്സംഗ പരാതി ഉന്നയിച്ച കെ ആർ നഗർ സ്വദേശിനിയുടെ അമ്മയെ തട്ടിക്കൊണ്ടു പോയി എന്നതാണ് കേസ്. ഹാസൻ സ്വദേശി സതീഷ് ബാബണ്ണ എന്നയാൾ ആണ് രേവണ്ണയുടെ നിർദേശ പ്രകാരം തന്‍റെ അമ്മയെ തട്ടിക്കൊണ്ട് പോയതെന്നും പരാതിയിൽ പറയുന്നുണ്ട്.കേസിൽ രേവണ്ണ ഒന്നാം പ്രതി ആണ്. സതീഷ് ബാബണ്ണ രണ്ടാം പ്രതിയും..

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News