കൊച്ചി : “എന്റെ അച്ഛൻ ആത്മഹത്യ ചെയ്തതാണ്. എനിക്ക് ഏഴു വയസ്സും എന്റെ സഹോദരിക്ക് അഞ്ചു വയസ്സും ഉള്ളപ്പോൾ. അതിനുശേഷം എന്റെ അമ്മ ജീവിതത്തിൽ എത്രമാത്രം കഷ്ടപ്പെട്ടിട്ടുണ്ടെന്നും ആ വേദന എന്തെന്നും നേരിട്ട് അറിയാം.’’– നടൻ വിജയ് ആന്റണിയുടെ വാക്കുകളാണിത്. ഏഴാം വയസ്സിൽ സ്വന്തം അച്ഛനെ നഷ്ടപ്പെട്ട ആ മകന് ഇന്ന് സ്വന്തം മകളെയാണ് നഷ്ടപ്പെട്ടത് . വിജയ് ആന്റണിയുടെ മകൾ മീരയെ പുലർച്ചെ മൂന്നു മണിയോടെ വീട്ടിലെ ഫാനിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
സംഗീതസംവിധായകനായി പേരെടുത്ത വിജയ് ആന്റണി നിർമാതാവ്, നടൻ, ഗാനരചയിതാവ്, എഡിറ്റർ, ഓഡിയോ എൻജിനീയർ, സംവിധായകൻ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.
മാനസിക സമ്മർദം മൂലമാണ് മീര ആത്മഹത്യ ചെയ്തെന്നാണ് വിവരം. ഇതുമായി ബന്ധപ്പെട്ട് ചികിത്സ തേടിയിരുന്നതായും പറയുന്നു. ജീവിതത്തിൽ തനിയെ പോരാടി ഇവിടെ വരെ എത്തിയ വ്യക്തിയാണ് വിജയ് ആന്റണി. അതുകൊണ്ടു തന്നെ അദ്ദേഹത്തിന്റെ വാക്കുകൾ കേൾക്കാനും അനുകരിക്കാനും ഒരുപാട് പേർ ഉണ്ടായിരുന്നു. ചെറുപ്പത്തിൽത്തന്നെ ആത്മഹത്യയുടെ ആഘാതം എന്തെന്ന് അനുഭവിച്ചറിഞ്ഞതുകൊണ്ടു തന്നെ പല അഭിമുഖങ്ങളിലും അദ്ദേഹം ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസാരിക്കാറുണ്ടായിരുന്നു.
https://twitter.com/offl_trollmafia/status/1703983171283669464
സഹപ്രവർത്തകരടക്കം നിരവധിപ്പേരാണ് വിജയ് ആന്റണിക്കും കുടുംബത്തിനും ആശ്വാസവാക്കുകളുമായി എത്തുന്നത്. കുടുംബം ഈ വേർപാട് എങ്ങനെ സഹിക്കുമെന്നും അതിനുള്ള ശക്തി അച്ഛനും അമ്മയ്ക്കും നൽകട്ടെ എന്നുമാണ് ഇവർ പ്രാർഥിക്കുന്നത്.ഫാത്തിമയാണ് വിജയ് ആന്റണിയുടെ ഭാര്യ. മീര മൂത്തമകളാണ്. ലാര എന്ന മകള്‍ കൂടിയുണ്ട്.
പഠനത്തിലും പാഠ്യേതര പ്രവർത്തനങ്ങളിലും മികവ് പുലർത്തിയിരുന്ന പന്ത്രണ്ടാം ക്ലാസ് വിദ്യാർഥിനിയായ മീരയുടെ വിയോഗ വാർത്ത ഇപ്പോഴും വിശ്വസിക്കനാവാതെ വിജയ് ആന്റണിയുടെ സഹപ്രവർത്തകരും സുഹൃത്തുക്കളും. പഠിക്കാൻ ഏറെ മിടുക്കിയായിരുന്നു മീര പാഠ്യേതര പ്രവര്‍ത്തനങ്ങളിലും താല്‍പര്യമുള്ള വിദ്യാർഥിയായിരുന്നു. സ്കൂളിലെ കള്‍ച്ചറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് മീരയെ തിരഞ്ഞെടുത്തത് ഇക്കഴിഞ്ഞ ജൂണിലാണ്.
മകളുടെ നേട്ടത്തെക്കുറിച്ചുള്ള പോസ്റ്റുകൾ വിജയ്‌യുടെ ഭാര്യ ഫാത്തിമ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ടായിരുന്നു. മകളുടെ സ്‌കൂളിലെ നേട്ടം പ്രകീർത്തിച്ചുകൊണ്ടുള്ള ഫാത്തിമയുെട കുറിപ്പ് ആണ് ആരാധകരെ വേദനയിലാഴ്ത്തുന്നത്. ഫാത്തിമ മാർച്ചിൽ പങ്കുവച്ച പോസ്റ്റാണിത്. സ്‌കൂൾ യൂണിഫോമിലുള്ള മീരയുടെ ഫോട്ടോയിൽ സ്‌കൂളിൽ മകൾ ഒരു നാഴികക്കല്ല് കൈവരിച്ചതായി രേഖപ്പെടുത്തിയിട്ടുണ്ട്. ‘‘’എന്റെ ശക്തിക്ക് കരുത്തു പകരുന്നവൾ, എന്റെ കണ്ണുനീരിലെ സാന്ത്വനം, എന്റെ സമ്മർദവും (വികൃതി സൂപ്പർ ലോഡഡ്) എന്റെ തങ്കക്കട്ടി-ചെല്ലക്കുട്ടി. മീര വിജയ് ആന്റണി, അഭിനന്ദനങ്ങൾ ബേബി.’’– വെള്ള നിറത്തിലുള്ള യൂണിഫോം ധരിച്ച മീരയുടെ ഫോട്ടോ പങ്കിട്ടുകൊണ്ട് ഫാത്തിമ ഇങ്ങനെ എഴുതി.