ന്യൂഡൽഹി: നിക്ഷിപ്ത താൽപ്പര്യക്കാർ നീതിപീഠ സംവിധാനങ്ങളെ അട്ടിമറിക്കാൻ ശ്രമിക്കുന്നതിനെ ചെറുക്കണമെന്ന് മുതിർന്ന അഭിഭാഷകരായ ഹരീഷ് സാൽവെയും പിങ്കി ആനന്ദും ഉൾപ്പെടെ യുള്ള അറുന്നൂറിലധികം അഭിഭാഷകർ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന് അയച്ച കത്തിൽ അഭ്യർഥിച്ചു.
രാഷ്ട്രീയ നേതാക്കളും അഴിമതി ആരോപണങ്ങളും ഉൾപ്പെടുന്ന കേസുകളിൽ നീതിപീഠത്തിൻ്റെ വിധി പോലും സ്വാധീനിക്കുപ്പെടുന്നു. ഇത് ജനാധിപത്യ ഘടനയ്ക്കും ജുഡീഷ്യൽ പ്രക്രിയകളിൽ അർപ്പിക്കുന്ന വിശ്വാസത്തിനും കാര്യമായ ഭീഷണിയാണ്.ചില അഭിഭാഷകർ രാഷ്‌ട്രീയക്കാരെ സംരക്ഷിക്കുകയും രാത്രിയിൽ മാധ്യമങ്ങളിലൂടെ ജഡ്ജിമാരെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്യുന്നത് കാണുന്നത് ദു:ഖകരമാണ് – കത്തിൽ പറയുന്നു
ചിലർ ജഡ്ജിമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നുവെന്നും അവരുടെ കേസുകളിൽ പ്രത്യേക രീതിയിൽ തീരുമാനമെടുക്കാൻ ജഡ്ജിമാരെ സമ്മർദ്ദത്തിലാക്കാൻ സോഷ്യൽ മീഡിയയിൽ നുണകൾ പ്രചരിപ്പിക്കുകയാണെന്നും അഭിഭാഷകരുടെ സംഘം ആരോപിച്ചു.
വ്യക്തിപരവും രാഷ്ട്രീയവുമായ കാരണങ്ങളാൽ കോടതികളെ ഇകഴ്ത്താനും കൈകാര്യം ചെയ്യാനുമുള്ള ഈ ശ്രമങ്ങൾ ഒരു കാരണവശാലും അനുവദിക്കാനാവില്ല. ശക്തമായി നിലകൊള്ളാനും ഈ ആക്രമണങ്ങളിൽ നിന്ന് കോടതികളെ സംരക്ഷിക്കാൻ നടപടികൾ സ്വീകരിക്കാനും സുപ്രീം കോടതിയോട് അഭ്യർത്ഥിക്കുന്നു – കത്തിൽ പറയുന്നു.