തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഓഫീസിന് നേരെ ഇടതുമുന്നണി എം എൽ എ യായ പി വി അൻവർ പ്രയോഗിച്ച ഉഗ്രസ്ഫോടന ശേഷിയുള്ള ബോംബ് കണ്ട് പ്രതിസന്ധിയിലായ സർക്കാർ രക്ഷപ്പെടാൻ പഴുതുകൾ തേടുന്നു.
സി പി എം സംസ്ഥാന നേതൃത്വമാകട്ടെ, ആകെ പരിഭ്രാന്തിയിലും. പ്രതിപക്ഷം പോലും ഉന്നയിക്കാൻ മടിക്കുന്ന ആരോപണ ശരങ്ങൾ അൻവർ തുടർച്ചയായി തൊടുത്തുവിടുമ്പോൾ പ്രതിരോധിക്കാനാവാതെ പതറി നിൽക്കുകയാണ് നേതാക്കൾ.
അതീവ ഗുരുതരമായ ആരോപണങ്ങൾക്ക് വിധേയനായ ക്രമസമാധാന ചുമതലയുള്ള എഡിജിപി: അജിത് കുമാറിനെ സ്ഥാനത്ത് നിലനിർത്തിക്കൊണ്ട് അദ്ദേഹത്തിനെതിരായ ആരോപണങ്ങളിൽ അന്വേഷണം നടത്താനാണ് സർക്കാർ തീരുമാനം.
എം.വി. ഗോവിന്ദൻ
സംസ്ഥാന ആഭ്യന്തര വകുപ്പ് പ്രത്യേക അന്വേഷണസംഘത്തെ ഇതിനായി ചുമതലപ്പെടുത്തും.സംസ്ഥാന പോലീസ് മേധാവി ഷെയ്‌ക് ദർവേസ് സാഹിബ് നേരിട്ടാണ് അന്വേഷണം നടത്തുക.
ഐജി സ്‌പർജൻ കുമാർ, ഡിഐജി തോംസൺ ജോസ്, എസ്‌പി മധുസൂദൻ, എസ്‌പി ഷാനവാസ് എന്നിവരുൾപ്പെട്ടതാണ് അന്വേഷണ സംഘം. ഒരു മാസത്തിനകം അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയൻ, സംസ്ഥാന പോലീസ് മേധാവിക്ക് നിർദ്ദേശം നൽകിയത്.
ആരോപണ വിധേയനായ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിയെയും സ്ഥാനത്ത് നിന്ന് മാറ്റില്ല.അജിത്ത് കുമാറിനെ സ്ഥാനത്ത് നിന്ന് മാറ്റിയാൽ പി ശശിയെയും മാറ്റേണ്ടി വരും. സി പി എം പാർടി സമ്മേളങ്ങൾ തുടങ്ങാനിരിക്കെ, ശശിയെ മാററാൻ സി പി എം തയാറല്ല.
ശശി – അജിത് കുമാര്‍ കൂട്ട്കെട്ടിനെ ദാവൂദ് ഇബ്രാഹിമിൻ്റെ സംഘത്തോട് ഉപമിച്ച് അൻവർ നടത്തിയ വാര്‍ത്താസമ്മേളനം സിപിഎം കേന്ദ്രങ്ങളെ ഞെട്ടിച്ചു. എന്താണ് സംഭവിക്കുന്നതെന്ന് അന്തം വിട്ടവരില്‍ പൊളിറ്റ് ബ്യൂറോ അംഗങ്ങള്‍ വരെയുണ്ട്.
പി,വി,അൻവർ, എം.ആർ. അജിത് കുമാർ
ഏറെ നാളായി ആഭ്യന്തരവകുപ്പ് ഭരിക്കുന്നത് ശശിയും അജിത്കുമാറും ചേര്‍ന്നാണ് എന്നാണ് ആരോപണം. സംസ്ഥാന പോലീസ് മേധാവിയെ വരെ നോക്കുകുത്തിയാക്കി ഇവര്‍ നടത്തുന്ന നീക്കങ്ങൾക്ക് മുഖ്യമന്ത്രിയുടെ പിന്തുണയുണ്ട് എന്നാണ് പൊതുധാരണ. സി പി എം നേതൃത്വമാകട്ടെ, ഇതൊന്നും അറിഞ്ഞതായി നടിക്കുന്നുമില്ല.
പോലീസിലെ ഉന്നതർ, തൃശൂര്‍ പൂരം കലക്കി ബിജെപിക്ക് അനുകൂലമായ അന്തരീക്ഷം സൃഷ്ടിച്ചു എന്ന ഗുരുതര സ്വഭാവമുള്ള ആരോപണം വരെയുണ്ടായിട്ടും പാർടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പോലും അത് കാര്യമായെടുത്തില്ല.
എന്നാല്‍, മുഖ്യമന്ത്രി പിണറായി വിജയൻ്റെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ഉൾപ്പെട്ട സ്വർണ്ണക്കടത്ത് കേസ് വന്ന കാലത്തേക്കാള്‍ ഗുരുതര സ്വഭാവമുള്ള ആരോപണങ്ങളുമായി ഭരണകക്ഷി എംഎല്‍എ രംഗത്തെത്തിയതോടെ എല്ലാം തകിടം മറിഞ്ഞു. അന്‍വറിനെ പാര്‍ട്ടി തള്ളുമെന്ന് കരുതിയെങ്കിലും അതുമുണ്ടായില്ല.
പോലീസ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തില്‍ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയതോടെ ആരോപണത്തിന്‍റെ ആദ്യഘട്ടത്തില്‍ സര്‍ക്കാര്‍ അന്‍വറിനൊപ്പമാണെന്ന് വ്യക്തമായി. പാർടിയ്ക്ക് അകത്തു നിന്ന് ശക്തമായ പിന്തുണയില്ലെങ്കിൽ, അന്‍വര്‍ ഇത്ര വലിയ ആരോപണം ഉന്നയിക്കുമോ എന്ന് ചോദിക്കുന്ന വിഭാഗവും പാർടിയിലുണ്ട്.