മുന്നണിയിൽ അതൃപ്തി: എഡിജിപിക്ക് കവചം തീർത്ത് മുഖ്യമന്ത്രി

തിരുവനന്തപുരം: ആർഎസ്എസ് നേതാക്കളുമായി എഡിജിപി:എം.ആർ.അജിത് കുമാർ കൂടിക്കാഴ്ച നടത്തിയതിനെക്കുറിച്ചും അന്വേഷിക്കുന്നുണ്ട് എന്ന് മുഖ്യമന്ത്രി ഇടതുമുന്നണി യോഗത്തിൽ അറിയിച്ചു.

‘നടപടിക്രമങ്ങൾ പാലിച്ചു മാത്രമേ അന്വേഷണം നടത്താൻ കഴിയൂ.അന്വേഷണ റിപ്പോർട്ട് കിട്ടിയാൽ അത് പരിശോധിച്ചശേഷം നടപടിയുണ്ടാകും. കൃത്യമായ അന്വേഷണം നടക്കും.’ – അദ്ദേഹം പറഞ്ഞു.

ടി.പി.രാമകൃഷ്ണൻ കൺവീനറായശേഷം ചേർന്ന ആദ്യ എൽഡിഎഫ് യോഗത്തിന്റെ പരിഗണനാ വിഷയങ്ങളിൽ അജിത് കുമാർ, ആർഎസ്എസ് നേതാക്കളെ കണ്ട വിഷയം ഉൾപ്പെടുത്തിയിരുന്നില്ല. ആർ ജെ ഡി നേതാവ് വർഗീസ് ജോർജ് വിഷയം യോഗത്തിൽ ഉന്നയിച്ചതോടെയാണ് മുഖ്യമന്ത്രി മറുപടി പറഞ്ഞത്.

ഫലത്തിൽ ഘടകകക്ഷികളുടെ കടുത്ത സമ്മർദ്ദം തള്ളി അജിത് കുമാറിന് അസാധാരണ സംരക്ഷണം തുടരുകയായിരുന്നു മുഖ്യമന്ത്രി. ആർഎസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തി അജിത് കുമാറിനെ മാറ്റണമെന്ന് മുന്നണി യോഗത്തിൽ സിപിഐയും എൻസിപിയും ആർജെഡിയും കടുത്ത നിലപാട് എടുത്തെങ്കിലും മുഖ്യമന്ത്രി വഴങ്ങിയില്ല. സംസ്ഥാന പോലീസ് മേധാവി നടത്തുന്ന അന്വേഷണം തീരട്ടയെന്നും മാറ്റാൻ നടപടിക്രമങ്ങളുണ്ടെന്നുമുള്ള സാങ്കേതികവാദമാണ് അദ്ദേഹം നിരത്തിയത്.

സിപിഎം മുഖ്യശത്രുവായി കാണുന്ന ആർഎസ്എസിൻ്റെ പ്രമുഖ നേതാക്കളെ കണ്ട അജിത് കുമാറിൻ്റെ നടപടിയിൽ ഉള്ളത് അടിമുടി ദുരൂഹതയാണെന്ന അഭിപ്രായമാണ് മുന്നണി ഘടക കക്ഷികൾക്ക് ഉള്ളത്. മുന്നണി
യോഗം എഡിജിപിയെ മാറ്റാൻ തീരുമാനിക്കുമെന്നായിരുന്നു അവരുടെ പ്രതീക്ഷ>

പക്ഷെ യോഗത്തിൻ്റെ പരിഗണനാ വിഷയങ്ങളിൽ പോലും വിഷയം വന്നില്ല. ആർജെഡി നേതാവ് വർഗ്ഗീസ് ജോർജ്
ഇക്കാര്യത്തിൽ ചർച്ചയാവശ്യപ്പെട്ടു. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും എൻസിപി നേതാവ് പി.സി.ചാക്കോയും പിന്നീട് ഈ  വിഷയം ഉന്നയിച്ചു.

അജിത് കുമാറിനെ മാറ്റണമെന്ന് ബിനോയ് വിശ്വവും ശക്തമായി ആവശ്യപ്പെട്ടു.  പിസി ചാക്കോയും ആവശ്യപ്പെട്ടത് നടപടി തന്നെ. പക്ഷെ അമ്പരിപ്പിക്കുന്ന സംരക്ഷണം തുടരുകയായിരുന്നു പിണറായി പിജയന്‍.

മുഖ്യമന്ത്രി അന്വേഷണം നടത്തി നടപടിയെടുക്കുമെന്ന് വ്യക്തമാക്കിയതോടെ പിന്നീട് ഈ വിഷയത്തിൽ ചർച്ച നടന്നില്ല. ഉപതിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങളാണ് പിന്നീട് ചർച്ച ചെയ്തത്. തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ആരംഭിക്കാൻ യോഗത്തിൽ തീരുമാനമായി.

മുഖ്യമന്ത്രിയുടെ നിലപാടിൽ കടുത്ത അതൃപ്തിയാണ് ഘടകകക്ഷികൾക്കുള്ളത്. ആർജെഡി അത് പരസ്യമാക്കുന്ന അസാധാരണ സാഹചര്യവുമുണ്ടായി. വെറുമൊരു പൊലീസ് ഉദ്യോഗസ്ഥനെ സ്ഥാനത്ത് മാറ്റാൻ മുന്നണി യോഗത്തിൽ അതിശക്തമായ ആവശ്യം ഉയർന്നിട്ടും മുഖ്യമന്ത്രി നൽകുന്ന സംരക്ഷണം അജിത് കുമാറിനെതിരെ ഉയർന്ന ആരോപണങ്ങളും സംശയങ്ങളും ബലപ്പെടുത്തുന്ന വിധത്തിലാണ്.

ക്രമസമാധാന ചുമതലയിൽ നിന്ന് അജിത് കുമാറിനെ ഇനിയും മാറ്റാൻ ഒരുമാസം നീളുന്ന അന്വേഷണം വരെ എന്തിന് കാത്തുനിൽക്കണമെന്ന ചോദ്യം ഇടതു മുന്നണി കേന്ദ്രങ്ങളിൽ നിന്നടക്കമുയരുന്നു. ആർ എസ് എസിനെതിരായ പോരാട്ടം വാക്കിൽ മാത്രമാണെന്ന തോന്നിപ്പികകും വിധം,മുന്നണിയുടെ അടിത്തറ ഇളക്കും വിധത്തിലാണ് പൊലീസ് ഉദ്യോഗസ്ഥനുള്ള പിണറായിയുടെ പിന്തുണയെന്ന് സി പി എമ്മിലെ ഒരു വിഭാഗം നേതാക്കളും കരുതുന്നുണ്ട്.

അതിനിടെ നാല് ദിവസത്തെ അവധി എഡിജിപി അജിത് കുമാർ പിൻവലിച്ചു. വിവാദം മുറുകുന്നതിനിടെയാണ് ശനിയാഴ്ച മുതൽ നാല് ദിവസം അവധിയെടുക്കാനുള്ള തീരുമാനം അദ്ദേഹം മാറ്റിയത്. ഇന്നലെ മലപ്പുറത്തെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ കൂട്ടത്തോടെ മാറ്റിയതിന് പിന്നാലെയാണ് തീരുമാനം.

അവധി നീട്ടാനുള്ള ആവശ്യം നേരത്തെ സർക്കാർ തള്ളിയിരുന്നു. അവധിയെടുക്കുന്നത് തെളിവ് നശിപ്പിക്കാനാണെന്ന ആക്ഷേപം സി പി എം സ്വതന്ത്ര എം എൽ എയായ പി.വി.അൻവർ അടക്കം ഉന്നയിച്ച സാഹചര്യത്തിലാണോ പിന്മാറ്റമെന്ന് വ്യക്തമല്ല.

ചില സ്വകാര്യ ആവശ്യങ്ങൾക്കായിരുന്നു അവധി ചോദിച്ചിരുന്നത്. അൻവറിന് ഒപ്പം അജിത് കുമാറിൻ്റെയും പരാതി ഉള്ളതിനാൽ അജിത് കുമാറിൻ്റെയും മൊഴി സംസ്ഥാന പോലീസ് മേധാവി രേഖപ്പെടുത്തും. അപ്പോഴും അൻവറിൻ്റെ പരാതിയിലെ അന്വേഷണത്തിനപ്പുറം ആർഎസ്എസ് കൂടിക്കാഴ്ചയിൽ എഡിജിപിക്കെതിരായ നടപടി എന്ത് എന്ന ചോദ്യം ഇനിയും ഉത്തരമില്ലാതെ തുടരുന്നു..