തിരുവനന്തപുരം: ; ചിന്നക്കനാലിൽ ഭൂമിയും കെട്ടിടവും വാങ്ങിയതിലെ ക്രമക്കേടിൽ മാത്യു കുഴൽനാടൻ എം.എൽ.എയ്ക്കെതിരെയുള്ള വിജിലൻസ് അന്വേഷണത്തിൽ കോട്ടയം റേഞ്ച് എസ്.പി വിനോദ്‌കുമാറിന് അന്വേഷണ ചുമതല. . ഈ മാസം 20നായിരുന്നു മാത്യു കുഴൽനാടൻ എം.എൽ.എയ്ക്കെതിരെ വിജിലൻസിന്റെ പ്രാഥമിക അന്വേഷണത്തിന് സർക്കാർ അനുമതി നൽകിയത്. മുഖ്യമന്ത്രിക്കും മകൾ വീണാ വിജയനുമെതിരായ മാസപ്പടി തട്ടിപ്പ് ഉന്നയിച്ചതിന് പിന്നാലെ കുഴൽനാടനെതിരെ സി.പി.എം ഭൂമി ക്രമക്കേട് ആരോപണം ഉയർത്തുകയും വിജിലൻസിന് പരാതി നൽകുകയും ചെയ്‌തിരുന്നു.
ആഭ്യന്തര അഡി. സെക്രട്ടറിയാണ് വിജിലൻസ് ഡയറക്ടർക്ക് അന്വേഷണത്തിന് അനുമതി നൽകിയത്. ബിനാമി ഇടപാടിലൂടെ ആറുകോടിയോളം രൂപ വിലമതിക്കുന്ന ഭൂമിയും ആഡംബര റിസോർട്ടും സ്വന്തമാക്കിയെന്നാണ് കേസ്. മൂന്നരക്കോടി രൂപ വിലയുണ്ടെന്ന് മാത്യു കുഴൽനാടൻ തന്നെ സാക്ഷ്യപ്പെടുത്തുന്ന വസ്തുവകകളാണ് 1,92,60, 000 രൂപയ്ക്ക് രജിസ്റ്റർ ചെയ്തത്.
സ്ഥലപരിശോധന പോലും നടത്താതെ ഇടുക്കി രാജകുമാരി സബ് രജിസ്ട്രാർ ഈ തുകയ്ക്ക് മാത്രമായി 15,40,800 രൂപ മുദ്രവില ചുമത്തി രജിസ്ട്രേഷനും നടത്തിക്കൊടുത്തു. . ഇതിലൂടെ യഥാർത്ഥ സ്റ്റാമ്പ് ഡ്യൂട്ടിയും രജിസ്ട്രേഷൻ ഫീസുമായി വൻതുകയും തട്ടിച്ചുവെന്നാണ് പരാതി. സി.പി.എം എറണാകുളം ജില്ലാ സെക്രട്ടറി സി.എൻ. മോഹനനാണ് മാത്യുവിനെതിരെ ആരോപണം ഉന്നയിച്ചത്.
ഏത് അന്വേഷണത്തിനും തയ്യാർ —- മാത്യു കുഴൽനാടൻ
“എത്ര അന്വേഷണം വേണമെങ്കിലും ഏത് നിലയ്ക്കും സർക്കാരിന് നടത്താം. എം എൽ എ എന്ന നിലയിലല്ല, മറിച്ച് പൗരനെന്ന നിലയിൽ എല്ലാ അന്വേഷണത്തിനും സഹകരിക്കും. കേന്ദ്രസർക്കാരിനെ പലപ്പോഴും വിമർശിക്കുന്ന സർക്കാർ എങ്ങനെയാണ് സർക്കാർ സംവിധാനങ്ങളെ ദുരുപയോഗപ്പെടുത്തി രാഷ്‌ട്രീയ എതിരാളികളെ നേരിടുന്നതെന്ന് പൊതുജനങ്ങൾക്ക് മുന്നിൽ തുറന്നുകാട്ടാനുള്ള ഒരവസരമായി ഇതിനെ കാണുന്നു. അധികാര സ്ഥാനങ്ങൾ ഉപയോഗിച്ച് എതിരാളികളെ വേട്ടയാടുന്നു.
വിജിലൻസും പൊലീസ് സംവിധാനങ്ങളും എങ്ങനെയാണ് ഇന്ന് പ്രവർത്തിക്കുന്നതെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താനുള്ള അവസരമാണ്. വിജിലൻസിനെ ഉപയോഗിച്ച് തകർത്തുകളയാമെന്നോ തളർത്തിക്കളയാമെന്നോ വിചാരിക്കുന്നുവെങ്കിൽ അതേ ആർജവത്തോടെ നിയമപരമായി പോരാടും. എൽ എൽ എയാണെന്ന ആനുകൂല്യം തനിക്ക് തരേണ്ടതില്ല. സർക്കാരിന്റെ എല്ലാ അന്വേഷണവും നടത്താം. എം എൽ എ എന്ന ആനുകൂല്യം വേണ്ടന്നുവയ്ക്കാൻ തയ്യാറാണ്’- കുഴൽനാടൻ വ്യക്തമാക്കി.