പോസ്റ്റിന്റെ പൂർണ രൂപം ചുവടെ
”ചാരം പൂശിയ നഗ്നത ഇന്ത്യയെ ലോകത്തിനു മുന്നിൽ നാണം കെടുത്തുകയാണോ?” കുംഭമേളയുടെ വഴികളിൽ നിന്നു കേൾക്കുന്ന വിമർശനത്തിൻ്റെ ചോദ്യമാണിത്. ഒരിക്കലൊരു വട്ടമേശയ്ക്കു ചുറ്റുമിരുന്ന ത്രീ പീസ് സ്യൂട്ടുകൾക്കിടയിൽ കാണപ്പെട്ട ‘അർദ്ധനഗ്നനായ സന്യാസി’യായിരുന്നു നമ്മുടെ രാഷ്ട്രീയ അടയാളം!നഗ്നത എന്നുമുതൽക്കാണ് നമുക്ക് നാണക്കേടായത്?
സ്വാതന്ത്ര്യത്തിൻ്റെ പരമ വൈഭവമാണ് നഗ്നത. ഭൗതികമായായും ആത്മീയമായുമതങ്ങനെ തന്നെ. ബ്രാ ഊരി കത്തിച്ച് ‘ബെയർ ബൂബ്സ്’ ആഘോഷിക്കുന്ന സ്ത്രീ സ്വാതന്ത്ര്യവാദികളും ന്യൂഡ്ബീച്ചുകളിൽ പുളയ്ക്കുന്ന വിനോദിനികളും ആ ഭൗതിക സ്വാതന്ത്ര്യത്തിൻ്റെ പരമരസം നുണയുന്നവരാണ്. ആത്മീയക്കാരൻ്റെ നഗ്നതയാവട്ടെ അവൻ്റെ ദാരിദ്ര്യത്തിൻ്റെ അടയാളമല്ല,പ്രപഞ്ചബോധത്തിൻ്റെ വിളംബരമാണ്. ഞാൻ ബോധത്തിൻ്റെയും ആനന്ദത്തിൻ്റെയും രൂപമാണ് എന്നയാൾ തിരിച്ചറിഞ്ഞിരിക്കുന്നു. ചിദാനന്ദരൂപം ശിവോഹം ശിവോഹം എന്നു ജപിച്ചു കൊണ്ടേയിരിക്കുന്നു. മറയ്ക്കാൻ ഒന്നുമില്ലാത്തിടത്ത് ‘അഹമേവ വിശ്വതനു’ എന്ന ആത്മബോധത്തോടെ നഗ്നനായി സഞ്ചരിക്കുന്നു.
ഇന്ത്യ അറിവും ഐശ്വര്യവും കൊണ്ട് ലോകത്തെ ഭ്രമിപ്പിക്കുകയും ആകർഷിക്കുകയും ചെയ്തിട്ടുണ്ട്. യൂറോപ്പിൻ്റെയും മധ്യേഷ്യയുടെയും അത്യാർത്തികളെയത് സമ്പത്തു കൊണ്ടാകർഷിച്ച കാലങ്ങളുണ്ട്.
അക്രമികളും സഞ്ചാരികളുമായി അനേകരിവിടെ വന്നു പോയത് അക്കാലങ്ങളിലാണ്. ഒടുവിൽ ‘ഗംഗയുടെ തീരങ്ങളെ പിഴിഞ്ഞു കുടിച്ച് തെംസിൻ്റെ തീരങ്ങൾ തടിച്ചു കൊഴുക്കും വരെ’ അതു തുടർന്നു. ചടച്ചു മെല്ലിച്ച് ദരിദ്രയായ ഇന്ത്യ പിന്നെയും ലോകത്തെ ആകർഷിച്ചത് അതിൻ്റെ ആത്മീയതയാലായിരുന്നു. അവിടങ്ങളിൽ നിന്നുയർന്നു കേട്ട ‘ത്യാഗം’ എന്ന വാക്ക് അതിൻ്റെ തീക്ഷ്ണ സൗന്ദര്യത്താൽ ലോകത്തിൻ്റെ ദുരാർത്തികളെ ലജ്ജിപ്പിക്കുകയും എരിച്ച് ഭസ്മമാക്കുകയും ചെയ്തു. ആ ആത്മീയതയാണ് ചാരം പൂശി നഗ്നമായി ഗംഗയിലേക്ക് നടക്കുന്നത്.
കൊളംബോ മുതൽ അൽമോറ വരെയും എഴാം കടൽ കടന്നും ഒരു ‘യുവയോഗി’ അതു പ്രസംഗിച്ചു നടന്നിരുന്നു. ലോകം അനശ്വരതയുടെ വാഗർത്ഥത്താൽ ഭ്രമിക്കപ്പെട്ടതന്നാണ്. “പാപികളേ” എന്ന വിളിക്കു പകരം ‘അമൃതസ്യ പുത്രാ’ എന്നു സംബോധന ചെയ്യപ്പെട്ടതന്നാണ്. അമേരിക്ക എഴുന്നേറ്റു നിന്നു കയ്യടിച്ചതന്നാണ്. ‘അമൃത്’ വിമോഹനമായ ഒരു വാക്കാണ്. അത് നിത്യതയുമായി ഇണ ചേർന്നിരിക്കുന്നു. നശ്വരമായ ലോകത്തിനെ അത് സനാതനമാക്കിമാറ്റുന്നു. ആ അമൃതകലശങ്ങളുടെ ‘സ്മരണകൾ തൻ ദൂര സാഗരം തേടുന്ന ഹൃദയ രേഖകളുടെ സഞ്ചാരമാണ് കുംഭമേള’ ; തികച്ചും സനാതനമായ ഒന്ന്!
ആദിഗുരുവിൻ്റെ ജടാകടാഹ സംഭ്രമങ്ങളിൽ നിന്നുഴറിയൊഴുകിയ ജ്ഞാനഗംഗ ദ്വാപര സ്മരണകളുടെ കേശവാംശ പ്രവാഹിനിയായ യമുനയെ അദൃശ്യ ബോധധാരയായി ഒഴുകിപ്പടരുന്ന സരസ്വതിയുമായി കണ്ടുമുട്ടുന്ന വിശുദ്ധ ഘട്ടമാണ് പ്രയാഗ്. ജ്ഞാനവും ഭക്തിയും വിശുദ്ധിയും ഒന്നിച്ചൊന്നായ് ചേരുന്നിടം. ജ്യോതിർഗോളങ്ങളുടെ സ്ഥാനമാനങ്ങൾക്കപ്പുറം ഈ ഭാവാത്മകത കുംഭമേളയെ ആത്മീയമാക്കി മാറ്റുന്നു.കേവലം കുളിക്കടവല്ല അത്. തന്ത്ര സാധനകളുടെ സംഗമ ഭൂമി കൂടിയാണ്. ലോകത്തെ ആകർഷിച്ച എല്ലാ രത്നങ്ങൾക്കുമപ്പുറത്ത് അത് ‘ചാരം’ കൊണ്ട് മൂല്യവത്താകുന്നതങ്ങനെയാണ്. പട്ടുകുപ്പായങ്ങളെ നഗ്നതയുടെ താണ്ഡവം ജയിക്കുന്നതങ്ങനെയാണ്.
നാളെ നമ്മെ അടിക്കാനുള്ള വടി ഇന്നേ നമ്മെക്കൊണ്ട് വെട്ടിക്കുകയാണ് വിമർശകർ. കുംഭമേളയുടെ വരവു ചെലവു കണക്കുകൾക്കു പിന്നിലതാണ്. രാജ്യസമ്പത്ത് ധൂർത്തടിക്കുന്നു എന്ന ചെലവിൻ്റെ ആക്ഷേപങ്ങൾക്കു മുന്നിൽ വരവിൻ്റെ സർവ്വായുധങ്ങളും നിരത്തി വച്ച് നാം യുദ്ധം ചെയ്യുന്നു. സർക്കാരിനു വരുമാനമുണ്ടാക്കാനുള്ള ഒരു മഹാമഹം മാത്രമാണത് എന്നതായിരിക്കും നാളത്തെ ആരോപണം. ആത്മീയ പ്രാധാന്യത്തെ സാമ്പത്തിക പ്രാധാന്യം കൊണ്ട് ഹരിച്ചു കളയാനാകും നാളത്തെ ശ്രമം.ലാഭമല്ല കുംഭമേളയുടെ മുടക്കിനടിസ്ഥാനം. വിഭൂതി നൽകുന്ന സന്ദേശവും ലാഭത്തിൻ്റേതല്ല ത്യാഗത്തിൻ്റേതാണ്. ആത്മീയതയുടെ തെങ്ങിനു നനയ്ക്കുമ്പോൾ ഭൗതികതയുടെ ചീര കൂടി നനഞ്ഞു കൊള്ളട്ടെ . വരുമാനം ഉണ്ടാവട്ടെ പക്ഷെ ലക്ഷ്യം അതാണ് എന്ന് കരുതിപ്പോകരുത്. ഋണം കൃത്വഃ ഘൃതം പിബേത് എന്ന് ചാർവ്വാകൻ പറഞ്ഞത് ഭൗതിക ജീവിതത്തെക്കരുതിയാണെങ്കിലും ഈ ആത്മീയകാര്യത്തിലും അതായിരിക്കണം പാഠം.ഇന്ത്യയുടെ വരുമാനം അതിൻ്റെ ആത്മീയ നിവൃത്തികളുടെ ചെലവിനു കൂടിയുള്ളതാണ്.
നഗ്നതയിലേക്ക് മടങ്ങിവരാം.
കുംഭമേളയിലെ നഗ്നതയെ കുളിമുറിയിലെ നഗ്നത പോലെ കാണുന്നതാണ് അശ്ലീലം. ശീതോഷ്ണ സുഖദുഃഖങ്ങളെ സർവ്വത്ര സമദർശനം ചെയ്യുന്ന,മിഴികളുയർത്തി ആകാശത്തിലേക്ക് നോക്കുന്നവൻ്റെ നഗ്നതയാണവിടെ ഗംഗയിലേക്ക് നടക്കുന്നത്. അത് നിശ്ചലമായി ഭൂമിയെ നോക്കിയിരിക്കുന്നു. ഭൂമിയിലേക്ക് മാത്രം നോക്കി ഇതിനൊയൊക്കെ വിമർശിക്കുന്നവൻ്റെ നഗ്നതയാവട്ടെ ഇതൊക്കെ കണ്ട് ആകാശത്തെയും നോക്കി അടങ്ങാതെയിരിക്കുന്നു. സെമിറ്റിക് തീർത്ഥാടനങ്ങളെ മൗനം കൊണ്ട് വിശുദ്ധരാക്കുന്നവർ കുംഭമേളയെ വിമർശനം കൊണ്ട് മലിനമാക്കി മതേതരത്വം രക്ഷിക്കുന്നു.ഇന്ത്യൻ ആത്മീയതയെ മനസ്സിലാക്കാൻ നല്ല വെളിച്ചം ആവശ്യം ഉണ്ട്. പക്ഷെ അതിനുള്ള സൂര്യൻ ഉള്ളിലാണ് ഉദിക്കേണ്ടത്. അതില്ലാത്തവർ നിത്യാന്ധകാരത്തിലിരുന്ന് കറുത്ത പൂച്ചയെ തപ്പിക്കൊണ്ടേയിരിക്കും.
മകര സംക്രാന്ത്രി മുതൽ മഹാശിവരാത്രി വരെ മോക്ഷം തേടുന്നവർ അമ്മയിൽ മുങ്ങി നിവരുകയാണ്. ജനിക്കാനും ജനിമൃതികളുടെ വേരറുക്കാനും അമ്മയിൽ മുങ്ങേണ്ട വിശുദ്ധനാടിതല്ലാതെ വേറെ ഏതാണ് ? ഗംഗാ മാതാവ് പാപനാശിനിയായി മോക്ഷദായിനിയായി യുഗങ്ങളിലൂടെ ഒഴുകിക്കൊണ്ടേയിരിക്കുന്നു. അനേകം ഗിരിതടങ്ങളിൽ നിന്നും പുറപ്പെട്ടു വന്ന മനുഷ്യർ ഒരേ കടലിലേക്കെന്നപോലെ അവളിലൂടെ ശിവനിലേക്കും !
“നൃണാമേകാ ഗമ്യസ്ത്വമസി പയസാമർണവ ഇവ”
അമൃതു പടരട്ടെ…. അമരരാവട്ടെ!