സ്കൂളുകളിലെ മതാചാരങ്ങള്‍

പി.രാജന്‍

പ്രതീക്ഷിച്ച പോലെ എയ്ഡഡ് സ്കൂളുകളില്‍ മതപരമായ ആചാരങ്ങള്‍ സംഘടിപ്പിക്കുന്നതില്‍ മത്സരങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. കോഴിക്കോട് ജില്ലയിലെ നെടുവന്നൂര്‍ എയ്ഡഡ് പ്രൈമറി സ്കൂളില്‍ ഗണപതി ഹോമം നടത്തിയതിനെതിരേ സി.പി.എം. പ്രവര്‍ത്തകര്‍ പരാതി ഉന്നയിച്ചതിനെ തുടര്‍ന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി വിദ്യാഭ്യാസ ഡയറക്ടറോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരിക്കുന്നു. സര്‍ക്കാര്‍ ഗ്രാന്‍റ് വാങ്ങി പ്രവര്‍ത്തിക്കുന്ന സ്കൂളുകളെ കാവിവല്‍ക്കരിക്കാനുള്ള ശ്രമമെന്നാണ് സി.പി.എംകാരുടെ ആരോപണം.

ഇന്‍ഡ്യയില്‍ ഏറ്റവും കൂടുതല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്തുന്ന സ്വകാര്യ ഏജന്‍സിയാണ് ആര്‍.എസ്.എസ് എന്നതും മതപരമായ ആചാരങ്ങള്‍ അനുഷ്ഠിക്കുന്നതില്‍ അവരുടെ സ്കൂളുകളോട് വിവേചനം കാണിക്കാന്‍ കഴിയില്ല എന്നതും വസ്തുതകളാണ്.

മലപ്പുറം ജില്ലയിലെ പല സ്കൂളുകളിലും മുസ്ലിംകള്‍ക്ക് നിസ്ക്കരിക്കാന്‍ പ്രത്യേകം മുറികള്‍ അനുവദിച്ചിട്ടുണ്ടെന്ന് എന്‍റെ ഒരു സുഹൃത്തായ ഇന്ദിര പറഞ്ഞിട്ടുണ്ട്. കര്‍ശനമായി പറഞ്ഞാല്‍ ഏതെങ്കിലും മതത്തിന്‍റെ പ്രചരണത്തിന് പൊതുഫണ്ട് ഉപയോഗിക്കുന്നത് ഭരണഘടനക്ക് എതിരാണ്. മതേതര പ്രവര്‍ത്തനങ്ങള്‍ക്കായി ദേവസ്വം ഫണ്ട് ഉപയോഗിക്കാന്‍ അനുമതിയില്ല എന്ന കാര്യവും നാം ഓര്‍ക്കണം.

ന്യൂനപക്ഷ ക്രിസ്ത്യന്‍ സ്കൂളുകളില്‍ പ്രാര്‍ത്ഥനക്കായി ചാപ്പലുകള്‍ പണിഞ്ഞാല്‍ ആ സ്കൂളുകള്‍ക്ക് മെയിന്‍റനന്‍സ് ഗ്രാന്‍റിന് അര്‍ഹതയുണ്ടാകുമോ എന്ന ചോദ്യം പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ഞാന്‍ ഉന്നയിച്ചിരുന്നു. ഇത്തരം ചോദ്യങ്ങള്‍ ഉയര്‍ന്നാല്‍ അവ മൂടി വക്കാന്‍ ഇനി കഴിയില്ല. പരമാവധി യുക്തിയുടേയും മിതമായ മതബോധത്തിന്‍റേയും അടിസ്ഥാനത്തില്‍ അവ തീര്‍പ്പാക്കേണ്ടി വരും. ഒരു മതേതര രാഷ്ട്രമായി നിലനില്‍ക്കാന്‍ പ്രതിജ്ഞാബദ്ധമായ ഭാരതത്തില്‍ ഇതെല്ലാം അനിവാര്യമാണ് താനും.

—————————–———————————–
{പ്രമുഖ രാഷ്ടീയ നിരീക്ഷകനായ പി.രാജന്‍,

മാതൃഭൂമിയുടെ അസി. എഡിറ്ററായിരുന്നു )


കൂടുതല്‍ വാര്‍ത്തകള്‍ക്കായി
http://www.newsboardindia.com

സന്ദര്‍ശിക്കുക