കെ. ഗോപാലകൃഷ്ണൻ
കഴിഞ്ഞ ശനിയാഴ്ച കൊല്ലത്തുനിന്ന് നിലമേലിലെ സദാനന്ദാശ്രമത്തിലേക്കുള്ള യാത്രയ്ക്കിടെ കേരള ഗവർണർക്കെതിരേ 22 ഇടതുപക്ഷക്കാരായ യുവാക്കൾ കരിങ്കൊടി വീശി നടത്തിയ പ്രകടനത്തെ നിയന്ത്രിക്കുന്നതിൽ നൂറോളം വരുന്ന പോലീസ് സേന പരാജയപ്പെട്ടത് എന്തുകൊണ്ടാണെന്ന് വ്യക്തമല്ല.
കേരള പോലീസ് ഉദ്യോഗസ്ഥരുടെ മുൻകാല പ്രകടനമികവും അവിടെയുണ്ടായിരുന്നവരുടെ എണ്ണവും കണക്കിലെടുത്താൽ 22 പേരെ വളരെ എളുപ്പത്തിൽ മാറ്റിനിർത്താനും ഗവർണറുടെ വാഹനവ്യൂഹം തടസമില്ലാതെ ഏതാനും മിനിറ്റുകൾക്കുള്ളിൽ കടത്തിവിടാനും കഴിയേണ്ടതായിരുന്നു.
മുതിർന്ന നേതാവും അഭിഭാഷകനുമായ എഴുപത്തിരണ്ടുകാരനായ ഖാൻ, ദേശീയ രാഷ്ട്രീയത്തിലെ മലക്കംമറിച്ചിലുകൾ പലതും നേരിട്ട ഒരു സമ്പൂർണ രാഷ്ട്രീയക്കാരനാണ്. മാത്രമല്ല ഭീഷണികൾക്കും പ്രകോപനങ്ങൾക്കും വഴങ്ങില്ലെന്ന് അദ്ദേഹം തെളിയിച്ചിട്ടുമുണ്ട്. പൊതുജനങ്ങളെ സംബന്ധിച്ച പ്രശ്നങ്ങളിൽ എല്ലാവശങ്ങളും നന്നായി പരിഗണിച്ചശേഷമാണ് അദ്ദേഹം തീരുമാനങ്ങൾ എടുക്കുന്നത്. ചുരുക്കത്തിൽ, കാര്യക്ഷമമായ പോലിസിംഗും അച്ചടക്കത്തിന്റെ കർശനമായ നിർവഹണവും നടന്നിരുന്നെങ്കിൽ ശനിയാഴ്ചത്തെ ദൗർഭാഗ്യകരമായ സംഭവം ഒഴിവാക്കാമായിരുന്നു.
നേതാക്കളുടെയും പൊതുജനങ്ങളുടെയും സംഘാടകരുടെയുമുൾപ്പെടെ ആരുടെയും വികാരം വ്രണപ്പെടുത്താതെ ഇത്തരം പരിപാടികൾ സുഗമമായും സമാധാനപരമായും നടത്തുന്നതിൽ പോലീസ് ഉദ്യോഗസ്ഥർ പ്രധാന പങ്ക് വഹിക്കുന്നുണ്ടോയെന്ന് പരിശോധിക്കേണ്ടതുണ്ട്. ചില വീഴ്ചകൾ പലരെയും നിരാശപ്പെടുത്തുന്ന തരത്തിൽ കാര്യങ്ങൾ താളംതെറ്റിക്കും.
തന്റെ കാറിന്റെ പിന്നിൽ എന്തോ ഇടിക്കുന്നത് ശ്രദ്ധയിൽപ്പെട്ട ഗവർണർ ഖാൻ ആക്രോശിച്ചുകൊണ്ട് പുറത്തിറത്തിറങ്ങുകയായിരുന്നു.വിദ്യാർഥികൾ ഗോ ബാക്ക് മുദ്രാവാക്യങ്ങൾ തുടരുകയും ചെയ്തു. പോലീസും അംഗരക്ഷകരും അദ്ദേഹത്തെ സംരക്ഷിക്കുന്നതിനിടയിൽ അദ്ദേഹം അടുത്തുള്ള ഒരു കടയിലേക്കു കയറി ഒരു കസേരയിൽ ഇരുന്നു. ഗവർണറെ അനുനയിപ്പിക്കാൻ പോലീസ് ശ്രമിച്ചെങ്കിലും പ്രതിഷേധക്കാർക്കെതിരേ കേസെടുത്തതിന്റെ എഫ്ഐആർ കാണണമെന്ന് അദ്ദേഹം ശഠിച്ചു.
കേന്ദ്ര നേതാക്കളുമായി ബന്ധപ്പെട്ട അദ്ദേഹം എഫ്ഐആർ പരിശോധിച്ച ശേഷം മാത്രമേ നീങ്ങൂ എന്ന് തീർത്തുപറഞ്ഞു. ഏകദേശം രണ്ടു മണിക്കൂറോളം അദ്ദേഹം അവിടെ തുടർന്നു. എഫ്ഐആർ പരിശോധിച്ച ശേഷം, മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണ് പ്രതിഷേധക്കാരെ പോലീസ് കാറുകളിൽ കൊണ്ടുവന്നതെന്ന് അദ്ദേഹം അവിടെ തടിച്ചുകൂടിയവരെ അറിയിച്ചു. അധികം താമസിയാതെ അദ്ദേഹം പരിപാടി നടക്കുന്ന സ്ഥലത്തേക്കു പോയി. ഉച്ചയോടെ ഗവർണറുടെ സുരക്ഷ രാജ്ഭവനിലും പുറത്തും സിആർപിഎഫ് നോക്കുമെന്ന നിർദേശം വന്നു. ഇതിനു പിന്നാലെയാണ് മുഖ്യമന്ത്രിയും ഗവർണറും വ്യത്യസ്ത അഭിപ്രായങ്ങൾ പ്രകടിപ്പിച്ചുകൊണ്ട് പ്രതികരിച്ചത്.
മുഖ്യമന്ത്രിയുടെ യാത്രയും പോലീസിന്റെ ഉത്തരവാദിത്വവും
കേരളത്തിൽ ഇത്തരം സന്ദർഭങ്ങൾ ഇടയ്ക്കിടെ ഉണ്ടാകാറുണ്ട്. മുഖ്യമന്ത്രി റോഡ് മാർഗം യാത്ര ചെയ്യുമ്പോൾ പോലീസിന്റെ ഉത്തരവാദിത്വം ഭാരിച്ചതാണ്. റോഡുകൾ പ്രശ്നരഹിതമായി സൂക്ഷിക്കുക, സൈഡ് റോഡുകളിൽനിന്ന് വാഹനങ്ങൾ പ്രവേശിക്കുന്നത് തടയുക, മറ്റ് വാഹനങ്ങൾ അസൗകര്യമുണ്ടാക്കാതെ റോഡ് ക്ലിയർ ചെയ്യുക എന്നിവയൊക്കെ മുഖ്യമന്ത്രിയുടെ പരിവാരങ്ങൾക്ക് സുഗമമായി യാത്രചെയ്യാൻ സഹായിക്കുന്നു.
വളരെയധികം വാഹനങ്ങൾ മുഖ്യമന്ത്രിയെ അനുഗമിക്കുമ്പോൾ ഇതിന് മുൻകൂട്ടിയുള്ള ആസൂത്രണവും റിഹേഴ്സലും ആവശ്യമാണ്. ഏതൊരു ജനാധിപത്യ സമൂഹത്തിലും സാധാരണമായ രാഷ്ട്രീയ എതിരാളികളൊഴികെ മറ്റാരോടും ഏതെങ്കിലും പാർട്ടിയോടും ശത്രുത പുലർത്തുന്നയാളല്ല മുഖ്യമന്ത്രി എന്നതിനാൽ ഇത്രയും വാഹനങ്ങളുടെ ആവശ്യമെന്തെന്ന് വ്യക്തമല്ല.
നല്ല ആസൂത്രണവും കാര്യക്ഷമമായ മാനേജ്മെന്റും ഉണ്ടെങ്കിൽ വാഹനങ്ങൾ തടഞ്ഞിടുന്നതിന്റെ സമയം ചുരുക്കാം. എന്നാൽ ഇതിന് പരിചയസമ്പന്നരായ പോലീസുകാരും മതിയായ ട്രാഫിക് പോലീസുകാരും ആവശ്യമായ സമയത്ത് വാഹനങ്ങൾ വേഗത്തിൽ വഴിതിരിച്ചുവിടുന്നതിൽ വൈദഗ്ധ്യം നേടേണ്ടതുണ്ട്. സുരക്ഷാ ചുമതലയുള്ള വ്യക്തികൾക്ക് സ്ഥലത്തിനും സമയത്തിനും അനുസൃതമായി കാര്യങ്ങൾ വിലയിരുത്തുകയും പുനർനിർണയിക്കുകയും ചെയ്ത് സുഗമമായ യാത്രയ്ക്കു സഹായിക്കാനാകും.
സാധാരണക്കാരുടെയും സർക്കാർ ജീവനക്കാരുടെയും എല്ലാറ്റിനുമുപരിയായി മുഖ്യമന്ത്രിയുടെയും അദ്ദേഹത്തിന്റെ ജീവനക്കാരുടെയും ധാരാളം സമയം ലാഭിക്കാനും കഴിയും. ദൂരയാത്രയുടെ കാര്യത്തിൽ വിമാനം, റെയിൽ, ബോട്ട് തുടങ്ങിയവ ഉപയോഗിക്കാം. ഇതു മുഖ്യമന്ത്രിക്കും സംഘത്തിനും യാത്ര സുഖകരമായ അനുഭവമാക്കി മാറ്റുന്നു. ചുരുക്കത്തിൽ, സാധാരണക്കാരെ ബുദ്ധിമുട്ടിക്കുന്നത് പരമാവധി കുറയ്ക്കുന്ന തരത്തിലാണ് യാത്ര ആസൂത്രണം ചെയ്യുന്നതെങ്കിൽ, അത് പ്രശ്നങ്ങൾ ഇല്ലാതാക്കുകയും എല്ലാവരും സ്വാഗതം ചെയ്യുകയും ചെയ്യും.
എഴുത്തുകാരായിരുന്ന ഗവർണർമാർ
കേരളത്തിലെയും മറ്റു ചില സംസ്ഥാനങ്ങളിലെയും മറ്റൊരു പ്രശ്നം ഗവർണർമാരും മുഖ്യമന്ത്രിമാരും തമ്മിലുള്ള അഭിപ്രായവ്യത്യാസം വർധിച്ചുവരുന്നതാണ്. ചില ഗവർണർമാർ തീരുമാനങ്ങൾ എടുക്കുമ്പോൾ കേന്ദ്രത്തിന്റെ താത്പര്യങ്ങൾ സംരക്ഷിക്കാൻ ശ്രമിക്കുന്നു, അത് മുഖ്യമന്ത്രിമാർക്ക് ഹിതകരമായി കാണാനാകില്ല.
കോൽക്കത്തയിലെ ധരം വീരയെപ്പോലുള്ള ഗവർണർമാരും മുതിർന്ന സിവിൽ സർവീസുകാരും പ്രശസ്ത രാഷ്ട്രീയ നേതാക്കളും വിരമിച്ച ജഡ്ജിമാരും തീരുമാനങ്ങളിലും നയങ്ങളിലും തങ്ങളുടെ അഭിപ്രായം പ്രകടിപ്പിക്കാൻ നമുക്കുണ്ടായിരുന്നു. ഡോ. കെ.എം. മുൻഷി, പി.സി. അലക്സാണ്ടർ തുടങ്ങിയവർ തങ്ങളുടെ ഒഴിവുസമയം ഉപയോഗപ്രദമായ എഴുത്തിന് വിനിയോഗിക്കാൻ ഇഷ്ടപ്പെട്ടു. ഇന്നത്തെ ഗോവ ഗവർണർ, പ്രശസ്ത എഴുത്തുകാരൻ ശ്രീധരൻ പിള്ളയും തന്റെ ഒഴിവുസമയങ്ങളിൽ പുസ്തകങ്ങൾ എഴുതുന്നു. അദ്ദേഹത്തിന്റെ 199-ാമത്തെ പുസ്തകം ‘ഓൺ ദി സൈഡ്സ് ഓഫ് ഏഞ്ചൽസ്’, ചെറുകഥകളുടെ സമാഹാരം 2023 നവംബറിൽ രാജ്ഭവനിൽ പ്രകാശനം ചെയ്തു. രാജ്ഭവനുകളിൽ എഴുത്തുകാരായിരുന്ന ഗവർണർമാരുടെ എണ്ണമെടുത്താൽ വളരെ കൂടുതലാണ്.
14 പുസ്തകങ്ങൾ എഴുതിയ ഒരു ഗവർണർ പട്ടാഭി സീതാരാമയ്യ ആയിരുന്നു എന്നത് ശ്രദ്ധേയമാണ്. അദ്ദേഹത്തിന് 10.30ന് ഉച്ചഭക്ഷണവും 7.30ന് അത്താഴവും തനിച്ചായിരുന്നു. രാഷ്ട്രപതിയും പ്രധാനമന്ത്രിയും രാജ്ഭവനിൽ ഉണ്ടായിരുന്നപ്പോഴും അദ്ദേഹം ഭക്ഷണ സമയത്തിൽ മാറ്റം വരുത്തിയിരുന്നില്ല. അദ്ദേഹം തന്റെ കാർക്കശ്യത്തിന് പേരുകേട്ടതാണ്. പഴയ പേപ്പറും കവറുകളും കുറിപ്പുകൾ എഴുതാൻ ഉപയോഗിച്ചു. അദ്ദേഹത്തിന്റെ മകൻ മാസം ഒരു രൂപ ശമ്പളത്തിൽ അദ്ദേഹത്തിന്റെ പിഎ ആയിരുന്നു.
തിരുവനന്തപുരത്തെ ഖാന്റെ രാജ്ഭവനിലെ അനുഭവങ്ങളെക്കുറിച്ചുള്ള ഏതാനും പുസ്തകങ്ങൾ ഒരുപക്ഷേ നമുക്ക് പ്രതീക്ഷിക്കാം. അദ്ദേഹം തന്റെ ജോലി വളരെ തീവ്രതയോടെ തുടങ്ങിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനുമായി നല്ല ബന്ധമായിരുന്നു. അക്കാദമിക് സ്ഥാപനങ്ങളിലെ നിയമനങ്ങളിൽപോലും പിണറായിയുടെ പ്രത്യേക അഭ്യർഥനകൾ അദ്ദേഹം അംഗീകരിച്ചു.
എന്നിരുന്നാലും, അവരുടെ വ്യക്തിപരമായ നിലപാടുകളെ അടിസ്ഥാനമാക്കിയുള്ള ശിപാർശകളുടെ റിപ്പോർട്ടുകളുള്ള അത്തരം ചില നിയമനങ്ങളിൽ അദ്ദേഹം വ്യത്യസ്തനായിരുന്നു. ഇത് കൂടുതൽ ഭിന്നതകളിലേക്ക് നയിച്ചെങ്കിലും സുപ്രീംകോടതി വിധിയിൽ ഗവർണർ സ്വീകരിച്ച നിലപാട് ന്യായമാണെന്നു കണ്ടെത്തി. എന്നിരുന്നാലും, ദിവസങ്ങൾ കഴിഞ്ഞപ്പോൾ ഭിന്നതകൾ തുടർന്നു. ചില മന്ത്രിമാരും കാര്യങ്ങൾ മെച്ചപ്പെടുത്താത്ത നിലപാടാണ് സ്വീകരിച്ചത്.
ഭിന്നതകൾ പരിഹരിക്കണം
സംസ്ഥാന സർക്കാരിന്റെ പ്രകടനവും മികച്ചതായി രേഖപ്പെടുത്തിയിട്ടില്ല. സാമ്പത്തിക സ്ഥിതി ദുഷ്കരമായ അവസ്ഥയിലായിരിക്കുന്നു. ചില മേഖലകളിൽ ശമ്പളവും പെൻഷനും നൽകുന്നതിൽ സർക്കാർ പരാജയപ്പെട്ടു. ക്രമസമാധാനവും മോശമായി. ഭിന്നതകൾ പരിഹരിച്ച് ഭരണം മെച്ചപ്പെടുത്തേണ്ട സമയമാണിത്.
നിക്ഷേപങ്ങൾ ക്ഷണിക്കാനും തൊഴിൽ സാധ്യതകൾ മെച്ചപ്പെടുത്താനുമുള്ള സമയം കൂടിയാണിത്. ഉയർന്ന തലങ്ങളിലെ ഏറ്റുമുട്ടലുകളും അഭിപ്രായവ്യത്യാസങ്ങളും സംസ്ഥാനത്ത് നിക്ഷേപം ആകർഷിക്കാൻ നല്ലതല്ല.
മെച്ചപ്പെട്ട കാര്യബോധം നിലനിൽക്കുമെന്നും എല്ലാ തലങ്ങളിലും സ്ഥിതി മെച്ചപ്പെടുത്തുന്നതിനുള്ള സംരംഭങ്ങൾ ഉണ്ടാകുമെന്നും പ്രതീക്ഷിക്കുന്നു.
———————————————————————————————————————————————————-
കടപ്പാട് : ദീപിക
———————————————
( പ്രമുഖ രാഷ്ടീയ നിരീക്ഷകനായ കെ.ഗോപാലകൃഷ്ണൻ, മാതൃഭൂമിയുടെ എഡിറ്ററായിരുന്നു )
കൂടുതല് വാര്ത്തകള്ക്കായി
http://www.newsboardindia.com
സന്ദര്ശിക്കുക