പി. രാജൻ
എം.എ. ജോണിനും പരിവർത്തനവാദികൾക്കും എന്ന തലക്കെട്ടിൽ മാർക്സിസ്റ്റ് നേതാവ് ഇ.എം.എസ്സ്. എഴുതിയ തുറന്ന കത്ത് ഇന്ന് ഓർമ്മ വന്നത് സ്വാഭാവികമാണ്. പരിവർത്തനവാദികൾക്ക് രാഷ്ട്രീയ രംഗത്ത് ലഭിച്ച വലിയ അംഗീകാരമായിരുന്നൂ അത്.
ഒരു പക്ഷെ സംസ്ഥാന നിയമസഭകളിലോ പാർളിമെൻ്റിലോ പ്രാതിനിധ്യമില്ലാത്ത ഒരു രാഷ്ടീയ ഗ്രൂപ്പിനു ഇത്തരത്തിൽ ഒരു ഉന്നതനായ രാഷ്ട്രീയ നേതാവിൽ നിന്ന് അംഗീകാരം ലഭിച്ചതായി ഓർക്കുന്നില്ല. ഈ കത്തിന് എം.എ. ജോൺ എഴുതിയ മറുപടിയും ദേശാഭിമാനി പ്രസിദ്ധീകരിച്ചിരുന്നു.
കോൺഗ്രസ്സിനേയോ സി.പി.ഐയേയോ സിപി. എം നേയോ എതിർക്കുകയില്ലെന്നും ലീഗിനേയും കേരളാ കോൺഗ്രസ്സിനേയും എതിർക്കുമെന്നുമുള്ള തെരഞ്ഞെടുപ്പ് നയത്തിലേക്ക് പരിവർത്തനവാദികൾ എത്തിച്ചേരുന്നത് സംബന്ധിച്ച ചർച്ച നടക്കുന്ന കാലമായിരുന്നൂ അത്.
1975 ജൂണിൽ അടിയന്തരാവസ്ഥ വന്നതോടെ പരിവർത്തനവാദികൾ ഇടത് പക്ഷ സഖ്യത്തിൻ്റെ ഭാഗമായി. അതിനു മുമ്പ് പരിവർത്തനവാദികളുടെ നയം ഇ.എം.എസ്സ്. എതിർത്തിരുന്നു. കോൺഗ്രസ്സിൽ ഒരു പുരോഗമന പക്ഷമുണ്ടെന്ന സി.പി.ഐ. വാദത്തിനുള്ള അംഗീകാരമാവും പരിവർത്തനവാദികളുടെ നിലപാട് എന്ന് ഇ.എം.എസ്സ്. കരുതുന്നതായാണ് എനിക്കു തോന്നിയത്.
പക്ഷെ അടിയന്തരാവസ്ഥയിലെ തെരഞ്ഞെടുപ്പിൽ സി.പി.എമ്മും സംഘടനാ കോൺഗ്രസ്സും ജനസംഘവും പരിവർത്തനവാദികളും ഒന്നിച്ച് തെരഞ്ഞെടുപ്പ് സഖ്യമുണ്ടാക്കിയാണ് ‘ മത്സരിച്ചത്. പരിവർത്തനവാദികളുടെ ജിഹ്വയായ ‘നിർണ്ണയ’ത്തിൻ്റെ പത്രാധിപർ ആയ എംഎ ജോണിനെ രാജ്യരക്ഷാ ചട്ടമനുസരിച്ചു തടവിലാക്കി കുറ്റവിചാരണ നടത്തി.
‘ഇന്ദിരയുടെ അടിയന്തരം’ എന്ന പേരിൽ ലഘുലേഖ യെഴുതിയ എന്നേയും തടവിൽ ആക്കുകയും കുറ്റവിചാരണ നടത്തുകയും ചെയ്തിരുന്നു. പക്ഷെ താമസിയാതെ പരിവർത്തനവാദികളിൽ ഒരു വിഭാഗം എം.എ.ജോണിൻ്റെ നേതൃത്വത്തിൽ സജീവ രാഷ്ട്രീയ ത്തിൽ നിന്നു മാറി പ്രകൃതി ചികിത്സാ പ്രചരണം ,ഉപഭോക്തൃ പ്രസ്ഥാനം, ഗാന്ധിയൻ ആശയപ്രചരണം എന്നിങ്ങനെയുളള പ്രവർത്തനങ്ങളിൽ വ്യാപൃതരായി.
അടിയന്തരാവസ്ഥയിൽ ഇന്ദിരാഗാന്ധി കൊണ്ട് വന്ന ഭരണഘടനാ ഭേദഗതി സംബന്ധിച്ച് ദൽഹിയിൽ നടത്തിയ ചർച്ചാ യോഗത്തിൽ പരിവർത്തനവാദികളോടൊന്നിച്ച്ഞാനും പങ്കെടുത്തിരുന്നു. ഇ.എം എസ്സ്. ആ യോഗത്തിൽ പ്രസംഗിക്കുകയും ചെയ്തു.
പരിവർത്തനവാദികളെക്കുറിച്ച് അദ്ദേഹം പ്രതിപക്ഷ നേതാക്കളോട് മുമ്പേ പറഞ്ഞിരുന്നത് കൊണ്ട് അവർക്കു ആ യോഗത്തിൽ വലിയ അംഗീകാരമാണ് ലഭിച്ചത്. ജയപ്രകാശ് നാരായണൻ്റെ നേതൃത്വത്തിൽ നടന്ന പ്രക്ഷോഭത്തിനു പിന്തുണ നൽകിയതിൻ്റെ പേരിൽ കോൺഗ്രസ്സ് വർക്കിങ്ങ് കമ്മിറ്റിയംഗം എസ്സ്. ചന്ദ്രശേഖറിനെ സംഘടനയിൽ നിന്നു പുറത്താക്കിയിരുന്നു.
പിന്നീട് അദ്ദേഹമാണ് ജനതാ പാർട്ടിയുടെ അഖിലേന്ത്യാ പ്രസിഡൻ്റായത്. മുമ്പ് തന്നെ അദ്ദേഹത്തെ പിന്തുണച്ചവരാണ് പരിവർത്തനവാദികൾ. ചന്ദ്രശേഖറിൻ്റെ അഭ്യർത്ഥന മാനിച്ച് എസ്സ്. കെ. മാധവൻ്റെ നേതൃത്വത്തിൽ കേരളത്തിൽ പ്രതിപക്ഷത്തുണ്ടായിരുന്ന പരിവർത്തനവാദികൾ ജനതാ പാർട്ടിയിൽ ലയിച്ചു.
പരിവർത്തനവാദികൾ കോൺഗ്രസ്സിനോട് സ്വീകരിച്ചിരുന്ന മൃദുസമീപനത്തെ എതിർത്ത് തുറന്ന കത്ത് എഴുതിയ ഇ.എം.എസ്സിനോട് അദ്ദേഹത്തിന്റെ ശൈലിയിൽ ഇപ്പോൾ ചോദിക്കുന്നത് മര്യാദയല്ല. എങ്കിലും മാർക്സിസ്റ്റ് പാർട്ടി ഇപ്പോൾ എവിടെയെത്തി നിൽക്കുന്നുവെന്ന് ചിന്തിക്കുന്നത് നന്നായിരിക്കും.
—————————————————————-
പ്രമുഖ രാഷ്ടീയ നിരീക്ഷകനായ പി.രാജന്‍,
മാതൃഭൂമിയുടെ അസി. എഡിറ്ററായിരു
കൂടുതല്‍ വാര്‍ത്തകള്‍ക്കായി
http://www.newsboardindia.com
സന്ദര്‍ശിക്കുക