April 12, 2025 4:58 pm

മമ്മൂട്ടിയും മോഹൻലാലും തന്നെയാണ് പവര്‍ ഗ്രൂപ്പ്:ഷക്കീല

തിരുവനന്തപുരം: മലയാള സിനിമാ രംഗത്ത് ‘സിനിമയില്‍ പവർ ഗ്രൂപ്പ് ഉണ്ടെന്നും അതിൽ മോഹൻലാലും മമ്മൂട്ടിയും ഉൾപ്പെടുന്നുവെന്നും നടി ഷക്കീല. ഹേമ കമ്മിറ്റി റിപ്പോർട്ടിനെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അവർ.

പണ്ട് കാലത്ത് സിനിമാ സെററുകളിൽ വസ്ത്രം മാറാന്‍ സ്ഥലം ഇല്ലായിരുന്നു. അതുകൊണ്ട് തന്നെ മലയുടെയും കായലിന്റേയുമൊക്കെ മറവില്‍ നിന്നാണ് വസ്ത്രം മാറിയിരുന്നത്.

ഒരാള്‍ തുണി പിടിച്ചുതരും ഞങ്ങള്‍ വസ്ത്രം മാറും. ഇപ്പോള്‍ കാരവന്‍ ഉണ്ട്. വസ്ത്രം മാറാൻ വേണ്ടി മാത്രമാണോ കാരവാൻ ഉപയോഗിക്കുന്നത് ?  അവിടെ എല്ലാം നടക്കുന്നുണ്ട്.  ഡിന്നറും ലെഞ്ചും സെക്സും എല്ലാം നടക്കും.

നടിമാരുടെ വാതിലില്‍ മുട്ടുന്നത് താന്‍ നേരിട്ട് കണ്ടിട്ടുണ്ടെന്നും ഷക്കീല വെളിപ്പെടുത്തി. ‘ഒരു സിനിമയുടെ സെററ് ആണ് സംഭവ സ്ഥലം. സിനിമയുടെ പേരറിയില്ല. ആ സിനിമയില്‍ കലാഭവന്‍ മണി ഉണ്ടായിരുന്നു. കൊച്ചു പമ്പയിലായിരുന്നു ഷൂട്ടിങ്. അവിടെ ഞാൻ ഒരു വീട്ടില്‍ ജോലി ചെയ്യുന്ന സ്ത്രീയായിട്ടാണ് വേഷമിടുന്നത്. അന്നൊന്നും ഞാൻ ഷക്കീല എന്ന താരമായിരുന്നില്ല.

രൂപശ്രീയായിരുന്നു സിനിമയിലെ നായിക. അവരുടെ എതിർവശത്തെ മുറിയിലായിരുന്നു ഞാന്‍ താമസിച്ചിരുന്നത്. ഒരിക്കല്‍ പോലും അവർ എന്നോട് ഹായ് എന്ന് പോലും പറഞ്ഞിട്ടില്ല. അവർ നായിക നടിയാണല്ലോ. രാത്രി പന്ത്രണ്ട്-പന്ത്രണ്ടരയായപ്പോള്‍ ആരോ വാതിലിന് മുട്ടുന്നു, എടീ വെളിയില്‍ വാടി എന്നും പറഞ്ഞാണ് മുട്ടുന്നത്. ഞങ്ങള്‍ വാതില്‍ തുറന്നു. രൂപശ്രീയുടെ വാതിലിലാണ് മുട്ടുന്നത്.

ഞാന്‍ അയാളോട് പോകാന്‍ പറഞ്ഞു. നീ ആരാടി, നീ ഇടപെടരുതെന്ന് അയാള്‍ പറഞ്ഞു. ഞാനും മേയ്ക്കപ്പ് മാനും ഇടപെട്ട് അയാളെ പറഞ്ഞ് വിട്ടു. ദേഷ്യത്തില്‍ അയാള്‍ പോയി. ഞങ്ങള്‍ താമസിച്ചിരുന്ന ഗസ്റ്റ് ഹൗസ് മുഴുവന്‍ ലോക്ക് ചെയ്തു.

അവിടെ അമേരിക്കൻ അച്ചായൻ എന്ന് വിളിക്കുന്ന ഒരാളുണ്ടായിരുന്നു. നല്ല മനുഷ്യനായിരുന്നു. ഞാൻ അദ്ദേഹത്തോട് പറഞ്ഞു:  ഈ കുട്ടിയെ എങ്ങനെയെങ്കിലും രക്ഷപ്പെടുത്തണമെന്ന്. അദ്ദേഹം ഇടപെട്ട് പുലർച്ചയോടെ ആ കുട്ടിയെ ട്രെയിൻ കയറ്റി വിട്ടു. ആ കുട്ടിയുടെ സീനുകളൊക്കെ കഴിഞ്ഞതായിരുന്നു. അതാണ് അവരെ ശല്യം ചെയ്തത് – ഷക്കീല പറഞ്ഞു

മീടു ആരോപണങ്ങളോട് പൂർണമായി വിയോജിക്കുന്നുവെന്നും താരം വ്യക്തമാക്കി. ‘അതിക്രമം ഉണ്ടായി വര്‍ഷങ്ങള്‍ കഴിഞ്ഞ് ആരോപണം ഉയര്‍ത്തുന്നത് ശരിയല്ല. ഉപദ്രവിക്കാന്‍ ആരെങ്കിലും വന്നാല്‍ ചെരിപ്പൂരി അടിക്കണം.

മുൻപ് നേരിട്ട അതിക്രമങ്ങള്‍ ഇപ്പോള്‍ വന്ന് പറയുന്നത് നാണക്കേടല്ലേ.എല്ലാ ഭാഷയിലും സിനിമകളില്‍ സ്ത്രീകള്‍ ചൂഷണം നേരിടുന്നുണ്ട്. ഹേമ കമ്മിറ്റി റിപ്പോർട്ടിൻ മേല്‍ കുറ്റാരോപിതരെ ശിക്ഷിച്ചാല്‍ നല്ലത് തന്നെ. അല്ലാതെ ഇത്തരത്തില്‍ എത്ര കമ്മിറ്റി വന്നാലും ഒന്നും ഇവിടെ നടക്കാൻ പോകുന്നില്ല.-അവർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News