ബെംഗളൂരു: യുവാവിന്റെ പരാതിയില്‍ സിനിമ സംവിധായകൻ രഞ്ജിത്തിനെതിരെ പ്രകൃതിവിരുദ്ധ പീഡനം അടക്കമുള്ള വകുപ്പുകള്‍ ചുമത്തി കേസെടുത്ത് ബെംഗളൂരു പൊലീസ്.
നേരത്തെ ബംഗാളി നടിയുടെ പരാതിയില്‍ രഞ്ജിത്തിനെതിരെ കേരളത്തിൽ മറ്റൊരു കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്. ആരോപണം ഉയർന്നുവന്ന സാഹചര്യത്തില്‍ നേരത്ത കേരള ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം അദ്ദേഹം രാജിവെച്ചിരുന്നു.
യുവാവിന്റെയും രഞ്ജിത്തിന്റെയും മൊഴികള്‍ ഒരാഴ്ചയ്ക്കകം ബെംഗളൂരു പൊലീസ് രേഖപ്പെടുത്തുമെന്നാണ് അറിയുന്നത്.സിനിമയില്‍ അവസരം വാഗ്ദാനം നല്‍കി ഹോട്ടല്‍ മുറിയില്‍ വിളിച്ചുവരുത്തി ലൈംഗിക അതിക്രമണത്തിന് ഇരയാക്കി എന്നാണ് കോഴിക്കോട് സ്വദേശിയായ യുവാവിന്റെ പരാതി.
2012-ല്‍ ബാവൂട്ടിയുടെ നാമത്തില്‍ എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ നടന്മാരെ കാണാൻ പോയപ്പോഴാണ് രഞ്ജിത്തിനെ പരിചയപ്പെട്ടത്. അന്ന് പ്ലസ് ടു വിദ്യാർഥിയായിരുന്നു. പിന്നീട് ബെംഗളൂരുവിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ വരാനാവശ്യപ്പെടുകയും അവിടെവെച്ച് സിനിമയില്‍ അവസരം വാഗ്ദാനംചെയ്ത് ക്രൂരമായി പീഡിപ്പിച്ചെന്നുമാണ് പരാതി.
പരാതിയില്‍ കോഴിക്കോട് കസബ പൊലീസാണ് ആദ്യം കേസ് രജിസ്റ്റർ ചെയ്തത്. പിന്നീട് കർണാടക പൊലീസിന് കേസ് കൈമാറുകയായിരുന്നു.പരാതി നല്‍കിയതിനു പിന്നാലെ പ്രത്യേക അന്വേഷണസംഘത്തിനു മുന്നില്‍ യുവാവ് മൊഴി നല്‍കിയിരുന്നു. ആരോപണങ്ങങ്ങളില്‍ ഉറച്ചുനില്‍ക്കുന്നെന്നും കൈയിലുള്ള തെളിവുകള്‍ അന്വേഷണ സംഘത്തിന് കൈമാറുമെന്നും യുവാവ് പറഞ്ഞിരുന്നു. കേസ് പിൻവലിക്കാൻ സമ്മർദവും ഭീഷണിയും ഉണ്ടെന്നും യുവാവ് വെളിപ്പെടുത്തിയിരുന്നു.