ശമ്പളമില്ലെങ്കിലും, പിരിച്ചുവിടില്ല….

തിരുവനന്തപുരം : കേരള കലാമണ്ഡലത്തിലെ അധ്യാപകര്‍ അടക്കമുള്ള താത്കാലിക ജീവനക്കാരുടെ കൂട്ടപ്പിരിച്ചുവിടല്‍ ഒഴിവാക്കാൻ സർക്കാർ തീരുമാനിച്ചു.

ഇതു സംബന്ധിച്ച കലാമണ്ഡലം സർവകലാശാല രജിസ്റ്റാറുടെ ഉത്തരവ് റദ്ദാക്കാന്‍ സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ നിർദേശം നൽകി. കെ രാധാകൃഷ്ണന്‍ എംപിയും സജി ചെറിയാനും തമ്മില്‍ നടത്തിയ ചര്‍ച്ചയെ തുടർന്നാണ് ഈ നീക്കം.

120 ഓളം വരുന്ന അധ്യാപക അനധ്യാപകരായിട്ടുള്ള താല്‍ക്കാലിക ജീവനക്കാരെയാണ് പിരിച്ചുവിട്ടത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നാണ് നടപടിയെന്ന് രജിസ്ട്രാറുടെ ഉത്തരവില്‍ പറയുന്നു. പിരിച്ചുവിട്ടവരില്‍ 68 അധ്യാപകര്‍ ഉള്‍പ്പെടുന്നത് കലാമണ്ഡലത്തിന്റെ പ്രവര്‍ത്തനങ്ങളെ തന്നെ സാരമായി ബാധിക്കും.

അധ്യാപകരുടേത് ഉള്‍പ്പടെയുള്ള സ്ഥിരം തസ്തികകളില്‍ നിയമനം ഇല്ലാതിരുന്നതോടെയാണ് താല്‍ക്കാലിക ജീവനക്കാരെ നിയമിച്ച് പ്രവര്‍ത്തനം മുന്നോട്ടു കൊണ്ടുപോയിരുന്നത്. ഇവരുടെ ശമ്പളം ഉള്‍പ്പടെ മുടങ്ങുന്നത് പതിവായിരുന്നു.

അധ്യാപകരടക്കമുള്ള മുഴുവന്‍ താല്‍ക്കാലിക ജീവനക്കാരെയും ഒറ്റയടിക്കു പിരിച്ചു വിട്ട നടപടി അങ്ങേയറ്റം അപലപനീയമാണെന്ന് കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല പറഞ്ഞു. നൂറുകണക്കിന് വിദ്യാര്‍ഥികളുടെ പഠനത്തെ സമ്പൂര്‍ണമായും അവതാളത്തിലാക്കുന്ന നടപടിയാണിത്.

വെറും 61 അധ്യാപകരെ വെച്ച് 140 ല്‍ പരം കളരികള്‍ എങ്ങനെ നടത്തും എന്ന കാര്യം കൂടി കലാമണ്ഡലം ചെയര്‍മാനും സാംസ്‌കാരിക മന്ത്രിയും വ്യക്തമാക്കണം. കലാണ്ഡലത്തിന്റെ ഉന്നതമായ കലാപാരമ്പര്യത്തെയും കലാപഠനത്തെയും നിഷേധിക്കുന്ന നടപടികള്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടാകരുത് – അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News