വീണ്ടും ഫേസ്ബുക്കില്‍ വിമർശനവുമായി എൻ.പ്രശാന്ത്

കൊച്ചി: ഐ എ എസിലെ ഉന്നതർ തമ്മിലുള്ള ചളിവാരിയേറ് തുടരുന്നു. ‘കർഷകനാണ്‌, കള പറിക്കാൻ ഇറങ്ങിയതാ…’ എന്ന തലക്കെട്ടില്‍ പൊതുമേഖലാ സ്ഥാപനമായ കാംകോ (കേരള അഗ്രോ മെഷീനറി കോർപറേഷൻ ലിമിറ്റഡ്) യുടെ വീഡറിന്റെ ചിത്രം പോസ്റ്റ് ചെയ്താണ് കൃഷിവകുപ്പ് സ്പെഷല്‍ സെക്രട്ടറി എൻ
പ്രശാന്തിന്റെ പുതിയ ഫേസ്ബുക്ക് കുറിപ്പ്.

‘ഫലഭൂയിഷ്ടമായ കൃഷിയിടത്തെ ഉത്പാദനവും വിളവും നശിപ്പിക്കുന്ന കളകളെ പൂർണ്ണമായും കാംകോയുടെ വീഡർ നശിപ്പിക്കുന്നു. കളകളെ ഇനി ഭയപ്പെടേണ്ടതില്ല‌, ഒന്നാന്തരം വീഡർ വന്ന് കഴിഞ്ഞു! ‘ – എന്നാണ് കുറിപ്പിലുള്ളത്.

അഡ‍ീഷണല്‍ ചീഫ് സെക്രട്ടറി എ ജയതിലകിനെതിരെ പ്രശാന്ത് നടത്തിവരുന്ന വിമർശനങ്ങളുടെ തുടര്‍ച്ചയാണ് ഈ കുറിപ്പ്.ജൂനിയർ ഉദ്യോഗസ്ഥരുടെ കരിയറും ജീവിതവും ജയതിലക് നശിപ്പിച്ചെന്നാണ് ഇന്നലെ ആരോപിച്ചത്. സ്പൈസസ് ബോർഡ് ചെയർമാനായിരുന്ന ജയതിലകിനെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യണമെന്ന സിബിഐ അഴിമതിവിരുദ്ധ ബ്യൂറോ ശുപാർശ സംബന്ധിച്ച പത്രവാർത്ത സഹിതമായിരുന്നു പ്രശാന്തിന്റെ വിമർശനം.

ഐഎഎസ് ഉദ്യോഗസ്ഥരുടെ ചേരിപ്പോര് സമൂഹമാധ്യമങ്ങളിലൂടെ മറ നീക്കിയതോടെ സർക്കാർ നടപടി സ്വീകരിക്കാൻ ഒരുങ്ങുകയാണ്. മതാടിസ്ഥാനത്തില്‍ വാട്സാപ്പ്ഗ്രൂപ്പ് ഉണ്ടാക്കി തെളിവ് നശിപ്പിച്ച വ്യവസായ വാണിജ്യ ഡയറക്ടർ കെ ഗോപാലകൃഷ്ണനെതിരെ നടപടിക്ക് ശുപാർശ ചെയ്ത് ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ മുഖ്യമന്ത്രിക്ക് റിപ്പോർട്ട് കൈമാറി.

ഫോണ്‍ ഹാക്ക് ചെയ്തെന്ന ഗോപാലകൃഷ്ണന്റെ വിശദീകരണം തള്ളുന്നതാണ് പൊലീസ് റിപ്പോർട്ടെന്നും ഉചിതമായ നടപടി വേണമെന്നുമാണ് ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ട്. എന്നാല്‍, പെരുമാറ്റ ചട്ടം ലംഘിച്ച എൻ പ്രശാന്തിനെതിരെ മുഖ്യമന്ത്രി നടപടി എടുക്കട്ടെ എന്നാണ് ചീഫ് സെക്രട്ടറിയുടെ നിലപാട്.