എസ്. ശ്രീകണ്ഠൻ
എന്താവും ബാലഗോപാലൻ്റെ പ്ളാൻ ബി?. മനസ്സിലാകെ ഉദ്വേഗം നിറയുന്നു. ഒരു കാലിലെ മന്ത് മറ്റേക്കാലിലേക്ക് മാറ്റി രണ്ടു കാലിലും മന്തെന്ന അവസ്ഥയിൽ നിൽക്കുന്ന കേരളത്തിൽ എന്തു പ്ളാൻ ബിയാവും ബാലഗോപാലൻ മനസ്സിൽ കണ്ടിരിക്കുന്നത്?.
സംസ്ഥാനത്തിൻ്റെ ധന മാനേജ്മെൻറ് അതി മോശം അവസ്ഥയിലെന്ന് കേന്ദ്രം സുപ്രിം കോടതിയിൽ നൽകിയ കുറിപ്പിൽ പറയുന്നു. ഏറ്റവും അധികം കടമുള്ള 5 സംസ്ഥാനങ്ങളിൽ ഒന്ന്. മൊത്തം വരുമാനവുമായുള്ള കടത്തിൻ്റെ തോത് അടിക്കടി കൂടി വരുന്നു. പലിശ ഭാരത്താൽ വീർപ്പുമുട്ടുന്നു. കടം വാങ്ങി ശമ്പളവും പെൻഷനും . എല്ലാറ്റിനും പുറമെ കിഫ്ബി എന്ന തൊന്തരവും.
ഇപ്പോൾ നാഴികയ്ക്ക് നാൽപ്പതു വട്ടം സ്വകാര്യ മുതൽ മുടക്ക് എന്നു പറഞ്ഞു കൊണ്ടേയിരിക്കുന്നു. പക്ഷെ, ഇവർ പ്രതീക്ഷിക്കുന്ന പോലെ സ്വകാര്യ മുതൽമുടക്ക് വരുമോ?. മുമ്പ് പറഞ്ഞ പോലെ വന്നോ?. വെറുതെയങ്ങ് ഫ്രീ മാർക്കറ്റിലേക്ക് കടക്കാൻ പറ്റുമോ? കൊണ്ടു പിടിച്ചാഘോഷിച്ച സോഷ്യലിസം ഉപേക്ഷിച്ച് ഫ്രീ മാർക്കറ്റിലേക്ക് പോയ പഴയ കാല കമ്മ്യൂണിസ്റ്റ് രാജ്യങ്ങൾ ചെന്നുപെട്ട ദുരവസ്ഥകളെക്കുറിച്ച് പ്രൊഫ.ഡഗ്ലസ് നോർത്ത് നടത്തിയ പoനം ഒന്നെടുത്ത് വായിക്കൂ.

നോബൽ സമ്മാനം നേടിയ കക്ഷിയാ. സ്വകാര്യ മുതൽ മുടക്ക് വരണമെങ്കിൽ അതിനുള്ള സാഹചര്യം ഒരുക്കണം. പിള്ളേരുടെ വിദേശത്തേക്കുള്ള ഒഴുക്ക് തടയാൻ വിദേശ സർവ്വകലാശാലകളുടെ കാമ്പസ്സുകൾ . നല്ല കാര്യം.
പക്ഷെ, സഖാവെ അവിടെ ഈ എസ്എഫ്ഐ ഉണ്ടാവുമോ?. നീതി വാഴ്ച ഉറപ്പാക്കാതെ നയം ഉദാരമാക്കിയാലൊന്നും സ്വകാര്യ മൂലധനം വരില്ല. അതിന് കാശു മുടക്കുന്നവന് ചില ഉറപ്പുകൾ കിട്ടണം. മോദി ഗ്യാരൻ്റി എന്നു പറയും പോലെ . ഭരണവും സമരവും കൊണ്ട് കണ്ണിൽ പൊടിയിടാനാവില്ല. അല്ലപ്പാ… എന്താ ഈ പ്ളാൻ ബി?.
——————————————————————————-
(ധനകാര്യ നിരീക്ഷകനാണ് ലേഖകന്‍
കൂടുതല്‍ വാര്‍ത്തകള്‍ക്കായി
http://www.newsboardindia.com
സന്ദര്‍ശിക്കുക
——————————
Post Views: 207