March 18, 2025 11:42 am

മന്ത്രിക്ക് കിട്ടിയ ഹർജി, എം പി കണ്ട ന്യായം

ക്ഷത്രിയൻ.

തൃശൂരിൽനിന്നുള്ള രണ്ട് വാർത്തകൾ കൗതുകമുള്ളതാണ്. ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദുവിന് ലഭിച്ച അപേക്ഷ മാലിന്യക്കൂമ്പാരത്തിൽനിന്ന് ലഭിക്കുന്നു.

അമ്മയുടെ മരണാനന്തര ചടങ്ങുകളുമായി ബന്ധപ്പെട്ട തിരക്കിലായതിനാൽ ഇഡിക്ക് മുൻപാകെ ഹാജരാകാൻ കഴിയില്ലെന്ന് കെ.രാധാകൃഷ്ണൻ എം.പി അറിയിക്കുന്നു!!!

ഓരോ ഫയലും ഓരോ ജീവിതമാണെന്ന് കണ്ടുപിടിച്ച ക്യാപ്റ്റൻ ആണ് സംസ്ഥാനം ഭരിക്കുന്നത്. ക്യാപ്റ്റൻ്റെ  ഒന്നാം മന്ത്രിസഭയുടെ തുടക്കത്തിൽ അക്കാര്യം വെളിപ്പെടുത്തുന്നതുവരെ മലയാളികൾക്കാർക്കും അങ്ങനെയൊരു ബോധമേ ഉണ്ടായിരുന്നില്ല.

ഒരു നിവേദനം, അല്ലങ്കിൽ ഒരു ഹർജി, അതുമല്ലെങ്കിൽ ഒരു അപേക്ഷ എന്നിങ്ങനെയുള്ള അസംസ്കൃത വസ്തുക്കളിൽ നിന്നാണ് പൊതുവെ ഫയൽ ജനിക്കുന്നത്. ഒരുവിധത്തിൽ പറഞ്ഞാൽ ഒരു മനുഷ്യൻ ജനിക്കുന്നതിന് തുല്യമാണ് ഒരു ഫയലിൻ്റെയും ജനനമെന്ന് ചുരുക്കം.

തൃശൂരിൽ ഉന്നത വിദ്യാഭ്യാസമന്ത്രി ആർ.ബിന്ദുവിന് ലഭിച്ച കത്തും അങ്ങനെയൊരു ഫയൽ ആയി വളരേണ്ടതായിരുന്നു. ഭിന്നശേഷിക്കാരനായ ഭർത്താവിൻ്റെ സ്ഥലം മാറ്റവുമായി ബന്ധപ്പെട്ട് മന്ത്രിക്ക് ഒരു വനിത നൽകിയ അപേക്ഷ അടുത്ത ദിവസം മാലിന്യക്കൂമ്പാരത്തിൽ കണ്ടുവെന്നാണ് വാർത്ത.

ഗർഭച്ഛിദ്രം വലിയ സംഭവമല്ലാത്തതിനാൽ അപേക്ഷയുടെ വഴിമാറിയ സഞ്ചാരവും വലിയ പ്രശ്നമാക്കേണ്ടതില്ല. എന്നാൽ ഗർഭഛിദ്രം നിയമവിധേയമല്ല എന്നതിനാൽ അപേക്ഷയുടെ വഴിമാറ്റവും ശിക്ഷാർഹമായി കാണണം.

എല്ലാ ഗർഭവും പ്രസവിക്കണമെന്നില്ല, അതിനാൽ എല്ലാ അപേക്ഷയും തിരുവനന്തപുരത്ത് എത്തണമെന്നില്ല എന്നും വേണമെങ്കിൽ വാദിക്കാം.

അധികാരികൾക്ക് ലഭിക്കുന്ന അപേക്ഷകളും പരാതികളും യഥാവിധി എത്തേണ്ടിടത്ത് എത്തുമെന്ന് ധരിക്കുന്നിടത്താണ് മലയാളിയുടെ അബദ്ധം തുടങ്ങുന്നത്. തൃശൂരിലെ അപേക്ഷ മാലിന്യക്കൂമ്പാരത്തിലാണ് കണ്ടതെങ്കിൽ പതിറ്റാണ്ടുകൾക്ക് മുൻപ് ഒരു മന്ത്രിക്ക് ലഭിച്ച ഹർജികൾ വളപട്ടണം പുഴയിൽ കണ്ടെത്തിയ സംഭവമുണ്ട്.

എല്ലാ അപേക്ഷകളും ഒന്നിച്ച് പുഴയിൽ തള്ളിയതാണോ അതോ അബദ്ധവശാൽ വീണതാണോ എന്നായിരുന്നു അക്കാലത്ത് ചർച്ച. അല്ലെങ്കിൽ തന്നെ ഉന്നതവിദ്യാഭ്യാസ മന്ത്രി വഹിക്കുന്ന ഭാരം വലുതാണ്.

വീട് തന്നെ തലയിൽ പേറി നടക്കുന്ന ഹതഭാഗ്യയാണവർ. അവരുടെ I TAKE MY HOUSE IN MY HEAD എന്ന പ്രശസ്തമായ ക്വോട്ട് ഓർക്കുക. അത്രയും ഭാരത്തിനിടെ ഒരു കടലാസിൻ്റെ ഭാരമായാലും അമിതഭാരമായിരിക്കും. അമിതഭാരം കുറക്കാനുള്ള വഴി മാലിന്യക്കുഴിയെങ്കിൽ മാലിന്യക്കുഴിയെന്ന് തീരുമാനിക്കേണ്ടി വരുന്നത് അതുകൊണ്ടാണ്.

അമ്മയുടെ മരണാനന്തര ചടങ്ങുമായി ബന്ധപ്പെട്ട് കേസിൽ ഹാജരാകാനുള്ള പ്രയാസം അറിയിക്കുന്നത് ഒരു മകനെ സംബന്ധിച്ചും അത്ഭുതമുളവാക്കേണ്ട കാര്യമല്ല.

എന്നാൽ മരണത്തോടെ എല്ലാം അവസാനിച്ചുവെന്ന് കരുതുന്നവർ അങ്ങനെ പറയുമ്പോഴാണ് വാർത്തയാകുന്നത്. പ്രത്യയശാസ്ത്രമനുസരിച്ച് അമ്മയ്ക്ക് വേണ്ടിയാണെങ്കിലും മരണാനന്തര കർമ്മങ്ങൾ അനിവാര്യമല്ല.

പ്രത്യേകിച്ച് എന്ത് മതവിശ്വാസമെന്നൊക്കെ പറയുന്നവർക്ക്. ദേവസ്വം മന്ത്രിയായിരിക്കെ ശബരിമല സന്ദർശിച്ചപ്പോൾ ലഭിച്ച തീർഥം ഭക്തിപൂർവം  സേവിക്കുകയും ബാക്കി തലയിൽ തടവുകയും ചെയ്യേണ്ടതിന് പകരം തീർഥം സാനിറ്റൈസർ പോലെ കയ്യിൽ പുരട്ടിയ ആളാണ് കക്ഷി.

അന്നത് വിവാദമായപ്പോൾ താനൊരു വിശ്വാസിയല്ലെന്നും ദേവസ്വം മന്ത്രിയെന്ന നിലയിലാണ് അവിടെ പോയതെന്നുമായിരുന്നു വിശദീകരണം. ഇന്നിപ്പോൾ അമ്മയുടെ മരണാനന്തര കർമ്മം എന്നൊക്കെ പറയുമ്പോൾ വിശ്വാസം തിരിച്ചുവന്നോയെന്ന് ആരെങ്കിലും സംശയിക്കുമെന്നേയുള്ളൂ. 

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News