March 14, 2025 5:58 pm

വിശ്വവിഖ്യാതമായ കൂടിക്കാഴ്ച

ക്ഷത്രിയൻ

കൂടിക്കാഴ്ചകൾ പലവിധമുണ്ട്. അവ ചരിത്രത്തിൻ്റെ ഭാഗമാവുക എന്നത് മഹാ സംഭവമാണ്.

കഴിഞ്ഞ ദിവസം ഡൽഹിയിൽ നടന്നൊരു കൂടിക്കാഴ്ച വിശ്വവിഖ്യാത പട്ടികയിൽ ഇടം നേടുമെന്നതിൽ പക്ഷാന്തരമില്ല.

കേരളത്തിൻറെ നവോത്ഥാന ശിൽപികളിൽ പ്രധാനിയെന്ന് കണക്കാക്കുന്ന ശ്രീനാരായണ ഗുരുവും നമ്മുടെ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയും ശിവഗിരിയിൽ കൂടിക്കാഴ്ച നടത്തിയതിൻറെ നൂറാം വാർഷികദിനത്തിൽ തന്നെ ആണ് സംഭവം.

കേരളത്തിൻ്റെ കാരണഭൂതൻ ഡൽഹിയിൽ കേന്ദ്ര ധനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എന്നതിൽ തന്നെയുണ്ട് ചരിത്രത്തിലേക്കുള്ള ചവിട്ടുപടി.

നവോത്ഥാന വഴിയിൽ ഏതാണ്ട് നാരായണ ഗുരുവിനോടൊപ്പമാണ് ക്യാപ്റ്റൻ എന്ന് വിശ്വസിക്കുന്ന അണികളുള്ള നാടാണിത്. അങ്ങനെയൊരാൾ കേരള ഹൗസിൽ നിർമല സീതാരാമന് പ്രാതലൊരുക്കി ചർച്ച നടത്തിയത് വരുംകാല ചരിത്രത്തിൽ എഴുതിച്ചേർക്കപ്പെടുക തന്നെ ചെയ്യും.

വട്ടമേശ സമ്മേളനമെന്ന പേരിൽ ലണ്ടനിൽ നടന്ന ചില കൂടിക്കാഴ്ചകളാണ് ലോകോത്തര പട്ടികയിൽ അഗ്രസ്ഥാനത്തുള്ളവ. ചർച്ചയ്ക്കായി ലണ്ടനിലേക്ക് പോയ മഹാത്മജി ആട്ടിൻ പാൽ കുടിക്കുന്നതിനായി സ്വന്തം ആടിനെയും കൂടെ കൊണ്ടുപോയതായി കേട്ടിട്ടുണ്ട്.

നിർമല സീതാരാമന് പ്രാതലൊരുക്കാൻ പോയ ക്യാപ്റ്റൻ, ക്ലിഫ് ഹൗസ് വളപ്പിലെ പശുവിനെ കൂടെക്കൊണ്ടുപോയതായി വിവരമില്ല. ചായ കുടി പതിവില്ലാത്തതിനാൽ പാലും വേണ്ട എന്നത് തന്നെ കാരണം. എന്നാൽ അതിഥിയ്ക്ക് നൽകാൻ ഒരു കുപ്പിയിലെങ്കിലും പശുവിൻ പാൽ കരുതാമായിരുന്നു.

ക്ലിഫ് ഹൗസിലേത് പോലെ ഭാഗ്യം ലഭിച്ച പശുക്കൾ ഉള്ള ഇടമല്ല ഡൽഹി. അവിടെ പശുക്കൾക്ക് അലഞ്ഞു നടക്കാനാണ് വിധി. സംഗീതം കേട്ടുറങ്ങാനും ഉണരാനും യോഗമുള്ള പശുക്കൾ ലോകത്ത് വേറെ ഏത് തൊഴുത്തിലാണുള്ളത്.

ധനമന്ത്രിയെ കേരള ഹൗസിലേക്ക് ക്ഷണിച്ചുവരുത്തിയായിരുന്നു കൂടിക്കാഴ്ച. കേന്ദ്രമന്ത്രിമാരെ ക്ഷണിച്ചുവരുത്തി സൽക്കരിക്കുക എന്നതാണ് ക്യാപ്റ്റൻ്റെ രീതി.

നിതിൻ ഗഡ്കരിയെ ക്ലിഫ് ഹൗസിൽ ക്ഷണിച്ചുവരുത്തി പുഴുക്കരി ചോറും കരിമീൻ വറുത്തതുമൊക്കെ വിളമ്പിയത് ആ ആതിഥേയ സ്വഭാവത്തിൻ്റെ മഹിമയായി ചരിത്രത്തിൽ സ്ഥാനം പിടിച്ചിട്ടുണ്ട്.

കൂടിക്കാഴ്ചയോട് അനുബന്ധിച്ച പ്രാതൽ വെജ് ആണോ നോൺ വെജ് ആണോ എന്നറിയില്ല. പക്ഷെ കേരള ഹൗസിൻറെ അടുക്കള ഭാഗത്ത് നിന്ന് തിരുതക്കറിയുടെ മണമടിച്ചുവെന്ന പരദൂഷണം പരക്കെയുണ്ട്. അത് കൂടിക്കാഴ്ചയുടെ ചിത്രത്തിൽ കെ.വി.തോമസിനെ കണ്ടത് കൊണ്ടുള്ള കെറുവ് മാത്രമായി കണക്കാക്കിയാൽ മതി.

കേരളത്തിൻ്റെ ആവശ്യങ്ങൾ പലതും കൂടിക്കാഴ്ചക്കിടെ കേന്ദ്ര ധനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയെന്നാണ് പറയപ്പെടുന്നത്. എന്നാൽ ഒരു മാസത്തിലേറെയായി വെയിലും മഴയും കൊണ്ട് സത്യഗ്രഹമിരിക്കുന്ന ആശാ വർക്കർമാരെക്കുറിച്ച് ഒരക്ഷരം ഉരിയാടിയിട്ടില്ലെന്നും വിവരമുണ്ട്. 

ആശമാരുടെ കാര്യത്തിൽ ആവശ്യമായതെല്ലാം നൽകിക്കഴിഞ്ഞുവെന്ന് കേന്ദ്ര ആരോഗ്യമന്ത്രിയും ഒന്നും നൽകിയിട്ടില്ലെന്ന് സംസ്ഥാന ആരോഗ്യമന്ത്രിയും വെളിപ്പെടുത്തിയതിൻറെ തൊട്ടടുത്ത പ്രഭാതത്തിലാണ് പ്രാതൽ കൂടിക്കാഴ്ച.

എങ്കിലും ആശമാരെക്കുറിച്ച് ഓർക്കാൻ പ്രാതലൊരുക്കിയ മുഖ്യനോ കഴിക്കാനെത്തിയ നിർമലയോ തയാറായില്ല എന്നതിൽതന്നെയുണ്ട് ആ പാവങ്ങളെക്കുറിച്ച് കേന്ദ്രത്തിനും കേരളത്തിനുമുള്ള താത്പര്യം.  

ഉന്നതന്മാർ തമ്മിലുള്ള കൂടിക്കാഴ്ച ലോകത്ത് ഇത് ആദ്യമൊന്നുമല്ല. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഇയ്യിടെയാണ് വൈറ്റ് ഹൗസിലെത്തി യു.എസ്.പ്രസിഡൻറ് ഡോണൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തിയത്. മോദി തിരിച്ച് ഡൽ ഹിയിലെത്തുമ്പോഴേയ്ക്കുംയു എസ് സൈനിക വിമാനത്തിൽ നൂറുക്കണക്കിന് ഇന്ത്യക്കാർ കയ്യും കാലും ചങ്ങലക്കിട്ടവിധം പഞ്ചാബിലുമെത്തി.

അതിനുവേണ്ടിയാണോ മോദി ട്രംപിനെ കണ്ടതെന്ന് സംശയിക്കും വിധമായിരുന്നു ചർച്ചയുടെയും നാടുകടത്തലിൻറെയും ടൈമിങ്ങ്. ട്രംപും യുക്രൈൻ പ്രസിഡണ്ട് സെലൻസ്കിയും തമ്മിലുള്ള കൂടിക്കാഴ്ചയുടെ വിഷ്വൽ വീണ്ടും വീണ്ടും കണ്ടാസ്വദിക്കുന്നവരുടെ എണ്ണം കൂടിക്കൂടി വരികയാണ്.

കുവൈത്തിലേക്ക് അധിനിവേശം നടത്തുന്നതിൻ്റെ തലേനാൾ കുവൈത്ത് അധികാരികളും ഇറാഖ് പ്രസിഡൻ റ് സദ്ദാം ഹുസൈനും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയാണ് ഓർത്തുവക്കാവുന്ന മറ്റൊരു വിശ്വോത്തര കൂടിക്കാഴ്ച.

നടപ്പുവാരം കേരളത്തിൽ തന്നെ എത്ര കൂടിക്കാഴ്ചകൾ നടന്നു. എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി യുഡിഎഫ് ഘടക കക്ഷികളുമായി നടത്തിയ കൂടിക്കാഴ്ചകളുടെ എണ്ണം അര ഡസനോളം വരും. 10 മിനിറ്റ് മുതൽ ഒരു മണിക്കൂർ വരെ ദൈർഘമുള്ള കൂടിക്കാഴ്ചകളുണ്ടത്രെ അതിൽ.

മൂന്ന് സീറ്റുകൾ വീതം വേണമെന്നും അത് വിജയസാധ്യത ഉള്ളത് തന്നെയായിരിക്കണമെന്നും അനൂപ് ജേക്കബും സി.പി.ജോണും ആവശ്യപ്പെട്ടുകഴിഞ്ഞു. കേരള കോൺഗ്രസും മുസ്ലിം ലീഗും സീറ്റിൻറെ എണ്ണം പറഞ്ഞിട്ടില്ല.

അതൊന്നും ഒരു ഇഷ്യു ആക്കേണ്ട എന്ന സ്ഥിരം നിലപാട് തന്നെയാണ് കുഞ്ഞാപ്പയുടേത്. പറയേണ്ടത് പറയേണ്ടിടത്ത് പറയേണ്ട പോലെ പറയും എന്നതാണ് കുഞ്ഞാപ്പയുടെ എന്നത്തേയും ഒരിത്.

പണ്ട് അഞ്ചാം മന്ത്രിക്കായി ഉമ്മൻ ചാണ്ടിയെക്കാണാൻ കോട്ടയത്ത് പോയതൊക്കെ കേരള രാഷ്ട്രീയത്തിലെ ജീവനുള്ള ചരിത്രം. ക്യാപ്റ്റൻ്റെ പ്രാതൽ ചർച്ചയിലേക്ക് തന്നെ വരാം. ധനമന്ത്രിയിൽ നിന്ന് ലഭിക്കുന്നതും പ്രാതലിന് ചെലവായതും തമ്മിൽ പൊരുത്തപ്പെടുന്ന അവസ്ഥ സംജാതമാകട്ടേയെന്ന് പ്രാർഥിക്കുകയേ നിവൃത്തിയുള്ളൂ.

അല്ലാത്തപക്ഷം കേന്ദ്ര ധനമന്ത്രിക്കും സംസ്ഥാന ഗവർണർക്കും വിളമ്പിയ ഇഡ്ഡ്ലിക്കും സാമ്പാറിനും കൂടി കേരളീയർ സെസ് നൽകേണ്ടിവന്നേക്കും.

ഇതെല്ലാം കണ്ടും കേട്ടും ഒരു മകൾ ക്ലിഫ് ഹൗസിലിരുന്ന് ചിരിക്കുന്നുണ്ടാവും. ഓളുടെ പേരിലുള്ള നടപടികളുടെ ഫയൽ നിർമലമായ മനസ്സുള്ള മന്ത്രിയുടെ മേശപ്പുറത്തുണ്ടല്ലോ.

ഓരോ ഫയലും ഓരോ ജീവിതമാണെന്ന് ഇടയ്ക്കിടെ ഓർമ്മിപ്പിക്കാറുള്ളത് നമ്മുടെ കാരണഭൂതൻ അല്ലാതെ മററാര്…….ഓർമ്മിപ്പിച്ചു കാണും  എന്നാണ് പരദൂഷകമൊഴി.

 

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News