April 4, 2025 4:46 am

കസ്തൂരി മാമ്പഴം കാക്ക കൊത്തിപ്പോയേ……

ക്ഷത്രിയൻ.

കാത്തു സൂക്ഷിച്ചൊരു കസ്തൂരി മാമ്പഴം കാക്ക കൊത്തിപ്പോയേ,കാക്കച്ചികൊത്തിപ്പോയേ എന്ന പാട്ടാണത്രെ ഇപ്പോൾ തിരുവനന്തപുരത്തെ ട്രെൻഡ്. പഴയകാലത്ത് ശ്രീലങ്ക പ്രക്ഷേപണ നിലയത്തിൽ നിന്നുള്ള മലയാളം ചലച്ചിത്രഗാനം കേൾക്കാറുള്ളതിനെക്കാൾ ആവേശത്തിലാണ് മാരാർജി ഭവനത്തിലുള്ളവർ ഈ പാട്ട് ആസ്വദിക്കുന്നതത്രെ.

അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടിയുടെയും പിന്നീട് കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) യുടെയും തലയെടുപ്പുള്ള നേതാവായിരുന്ന കെ.അനിരുദ്ധൻ സഖാവിൻ്റെ മകൻ കസ്തൂരി സംഘ്പരിവാരത്തിൽ ജില്ലാ നേതാവായി അവരോധിക്കപ്പെട്ടതാണ് ഈ പാട്ടിനോടിപ്പോൾ കാവിപ്പാർട്ടിക്കാർക്കൊക്കെയുള്ള ഇമ്പത്തിന് കാരണം.

അനിരുദ്ധൻ സഖാവ് ചില്ലറക്കാരനായിരുന്നില്ല. ഒത്ത തടിയും തൂക്കവുമൊക്കെയായി ആൾക്കൂട്ടത്തിൽ തല ഉയർത്തിനിന്ന സഖാവ്.  മുഖ്യമന്ത്രിയായിരുന്ന ആർ.ശങ്കറിനെ നിയമസഭ കാണിക്കാതെ ജയിച്ചുകയറിയ ചരിത്രം വരെയുണ്ട് സഖാവിന്.

ഊണും ഉറക്കമൊഴിവാക്കി   മണ്ഡലത്തിലെ ഊടുവഴികളിൽ വരെ നിരങ്ങി വോട്ട് തേടിയ ശങ്കറിനെതിരെ അനിരുദ്ധൻ ജയിലിൽ കിടന്ന്  പാട്ടും പാടി ജയിക്കുകയായിരുന്നു ഒരു തവണ.

ആ അനിരുദ്ധൻ്റെ മകൻ കസ്തൂരിയാണിപ്പോൾ ചുകപ്പ് മാറി കാവിയായത്. അനിരുദ്ധനെക്കുറിച്ച് അറിയാവുന്ന ആരും നെറ്റി ചുളിച്ചുപോകുന്ന സംഭവം തന്നെ.   അനിരുദ്ധൻ്റെ മകൻ എന്നതിൽ ഒതുങ്ങുന്നിലെ കസ്തൂരിയുടെ പ്രാധാന്യം. സമ്പത്തിൻ്റെ സഹോദരൻ കൂടിയാണ് കക്ഷി.

സമ്പത്തിൻ്റെ കാര്യമാണെങ്കിലും പറയാൻ മാത്രം സമ്പൽസമൃദ്ധമാണ്. ബോളീവയൻ കാടുകളിലെ ചെഗുവേര കഴിഞ്ഞാൽ ചിറയിൻകീഴിലെ സമ്പത്ത് എന്നുവരെ പാണന്മാർ പാടിനടന്ന കാലമുണ്ട്. പ്രഗത്ഭനായ അച്ഛൻറെ മകൻ എന്നത്  മാത്രമല്ല, വിപ്ലവപ്പാർട്ടിയുടെ പോരാളിയും കൂടിയാണ് അദ്ദേഹം.                                      

 ഒന്നിലേറെ തവണ പാർലമെൻറ് അംഗമായിട്ടുള്ള സമ്പത്ത് കേരള സർക്കാറിനെ സേവിക്കാൻ ഡൽഹിയിൽ രാപ്പാർത്തിട്ടുമുണ്ട്. ഇന്നിപ്പോൾ കെ.വി.തോമസ് നൽകുന്ന സേവനം ഒന്നാം കാരണഭൂതൻ കാലത്ത് നിർവഹിച്ച മഹാനാണ് സമ്പത്തെന്ന് ചുരുക്കം.

വേണ്ടപ്പെട്ടവർക്ക് താലത്തിൽ വച്ച് നൽകാനുള്ള പദവിയാണ് ഡൽഹിയിലേതെന്ന് തോമസിൻറെ സ്ഥാനാരോഹണത്തോടെ കാരണഭൂതൻ മലയാളികളോട് പറയാതെ പറഞ്ഞതാണ്. അങ്ങനെയൊരു സ്ഥാനം വഹിക്കാൻ അവസരം ലഭിച്ച സമ്പത്തും അത്കൊണ്ടുതന്നെ ചില്ലറക്കാരൻ അല്ലെന്ന് കരുതുന്നതാണ് യുക്തി.

പ്രഗത്ഭനായ അച്ഛൻ്റെ മകനും പ്രശസ്തനായ സഹോദരൻ്റെ സഹോദരനുമാണിപ്പോൾ  ചുകപ്പ് മാറി കാവി സ്വീകരിച്ചിട്ടുള്ളത്. സ്വന്തം ശരീരത്തിലുള്ള കസ്തൂരി കാണാൻ മാനിന് കഴിയാറില്ലത്രെ. സ്വന്തം കുടുംബത്തിൽ വളർന്ന ഹിന്ദുത്വ കാണാൻ  സമ്പത്തിനും കഴിഞ്ഞില്ലെന്ന് ചുരുക്കം.

ഹിന്ദു ഐക്യവേദിയുടെ അധ്യക്ഷനായി നിയമിക്കപ്പെട്ട കാര്യം ആദ്യം വിളിച്ചറിയിച്ചത് സഹോദരൻ സമ്പത്തിനെയാണെന്ന് കസ്തൂരി വെളിപ്പെടുത്തിയിട്ടുണ്ട്. സഹോദരൻ തമ്മിലുള്ള ആത്മബന്ധം അത്രയും ആഴത്തിലുള്ളതാണെന്ന്  ചുരുക്കം.

കസ്തൂരി പോയെന്ന് വച്ച് സമ്പത്ത് വെപ്രാളപ്പെടേണ്ട കാര്യമൊന്നുമില്ല. തിരുവനന്തപുരത്ത് തന്നെ ‘അഞ്ജന’ത്തിലെ ഒരു  മകൻ കാവിപ്പാർട്ടിയിൽ ചേക്കേറിയ കഥ ഓർത്താൽ മതി. അറിയിക്കാതെ പോയ മകനെക്കുറിച്ച് അവിടുത്തെ അച്ഛൻ വ്യാകുലപ്പെട്ടിട്ടേയില്ല.

അമ്മയുടെ ആശീർവാദം സമ്പാദിച്ച മകനെ സാന്ത്വനിപ്പിക്കാൻ പക്ഷെ ഭാഗികമായെങ്കിലും സഹോദരനുണ്ടായിരുന്നു. സമ്പത്തും സഹോദൻ്റെ കാര്യത്തിൽ അങ്ങനെയൊരു സമീപനം സ്വീകരിച്ചാൽ മതിയാകും.

അല്ലെങ്കിലും ചുകപ്പിൽനിന്ന് കാവിയിലേക്കുള്ള മാറ്റം വലിയ ‘ഇഷ്യു’ ആയി കണക്കാക്കേണ്ട കാര്യമെന്ത്? വിപ്ലവപ്പാർട്ടിയിലൂടെ സംസ്ഥാന ധനമന്ത്രി വരെയായിരുന്ന അമ്പാടി വിശ്വം എറണാകുളത്ത് കാവിപ്പാർട്ടിയുടെ സ്ഥാനാർഥിയായതൊക്കെ മലയാളി മറക്കാറായിട്ടില്ലല്ലോ.

ചെങ്കൊടിയേന്തി നിയമസഭയിലെത്തിയ അൽഫോൻസ് കണ്ണന്താനം ഡൽഹിയിൽ കാവിക്കൊടി പിടിച്ച് മന്ത്രിയായതും സമീപകാലത്ത്. ഗാന്ധിപ്പാർട്ടി വഴിയാണെങ്കിലും കണ്ണൂരിലെ അബ്ദുല്ലക്കുട്ടിയും ചുകപ്പിൽനിന്ന് കാവിയിലേക്ക് മാറിയതല്ലെ.

അങ്ങനെ എണ്ണിപ്പറയാൻ എത്രയോ ആളുകളുള്ളിടത്ത് കസ്തൂരി മാമ്പഴം കാക്ക കൊത്തിപ്പോയതിനെക്കുറിച്ച് പരിതപിക്കുന്നതേ തെറ്റ്. ഉള്ളിക്കറിയിൽ നിന്ന് പാർട്ടി എഐയിൽ എത്തി നിൽക്കുന്ന സാഹചര്യത്തിൽ ഇനിയുമെന്തൊക്കെ കട്ട് ആൻഡ് പേസ്റ്റിന് കേരള സാക്ഷ്യം വഹിക്കേണ്ടിവരുമെന്ന് ആരറിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News