April 4, 2025 4:46 am

ക്യൂബയിൽ ആശ നിറക്കാം

ക്ഷത്രിയൻ

ന കൊടുത്താലും ആശ കൊടുക്കില്ല എന്ന കാര്യത്തിൽ വല്ലാത്ത നിർബന്ധ ബുദ്ധിയാണ് സംസ്ഥാന ആരോഗ്യമന്ത്രിക്ക്. ആശ അങ്ങനെ കൊടുക്കാനുള്ളതല്ലെന്ന് മന്ത്രി കട്ടായം വിശ്വസിക്കുന്നു. ആശാപ്രവർത്തകരുമായി നടത്തിയ ചർച്ചയിലും ആശാവഹമെന്ന് ആശാപ്രവർത്തകർക്ക് തോന്നാവുന്ന ആശയൊന്നും നൽകാതിരുന്നതും അത് കൊണ്ടാണ്.

ആശാപ്രവർത്തകരുമായുള്ള ചർച്ചയ്ക്ക് ശേഷം മന്ത്രി ഡൽഹിയിലേക്ക് നടത്തിയ യാത്ര ആശാനിർഭരമായിരുന്നുവെന്ന് ആർക്കെങ്കിലും തോന്നിയെങ്കിൽ അത് മന്ത്രിയുടെ കുറ്റമല്ല. ആശാപ്രവർത്തകരുടെ സമരവുമായി ബന്ധപ്പെട്ട് കേന്ദ്ര ആരോഗ്യമന്ത്രിയുമായി ചർച്ചയ്ക്കാണ് പോകുന്നതെന്നായിരുന്നു വിവരം. എന്നാൽ ഓടുന്ന വണ്ടിയിൽ ഓലക്കെട്ട് വച്ചുകൊടുത്തത് പോലെയുള്ള ഏർപ്പാടായിരുന്നു അതെന്ന് തെളിയാൻ 24 മണിക്കൂർ വേണ്ടിവന്നില്ല.

വീടിൻ്റെ വാതിൽപ്പുറത്തെത്തി ഞാൻ ഇതാ പുറത്തുണ്ടെന്ന് മൊബൈലിൽ വിളിച്ച് പറഞ്ഞാൽ, വാതിൽ തുറന്ന് കടന്നുവരൂ എന്ന് മറുപടി ലഭിക്കുന്ന അത്രയും ലളിതമാണ് കേന്ദ്രമന്ത്രിയുമായുള്ള കൂടിക്കാഴ്ചയെന്ന് നാം വിശ്വസിച്ചോളണം.

——————————————————————————————–

________________________________________________________________________________________

യാചകർ പോലും മുൻകൂർ അനുമതി വാങ്ങി വരുന്ന കാലമാണിത്. കേന്ദ്ര ആരോഗ്യമന്ത്രിയുമായുള്ള ചർച്ചയ്ക്ക് അനുമതി ലഭിച്ചില്ലെങ്കിലെന്താ, ക്യൂബയിൽ നിന്നെത്തിയ സംഘവുമായി സംഗമിക്കാൻ അവസരം ലഭിച്ചല്ലോ എന്നതിൽ മലയാളികൾ അഭിമാനം കൊള്ളുക.

സംഗതി മനസിലായില്ലേ, ഡൽഹിക്ക് പോയത് ക്യൂബക്കാരെ കാണാൻ. ജനങ്ങളെക്കൊണ്ട് വിശ്വസിപ്പിച്ചത് നഡ്ഢയെ കാണാനെന്നും. അതാണ് പറഞ്ഞത് ഓടുന്ന വണ്ടിയിൽ ഓലക്കെട്ട് വച്ചുകൊടുക്കുന്ന ബുദ്ധിയാണ് ആരോഗ്യമന്ത്രി കാണിച്ചത്.

നൽകാനുള്ളതൊക്കെ നൽകിയിട്ടുണ്ടെന്ന് പലവട്ടം പറഞ്ഞ നഡ്ഢയെയാണ് വീണ കാണേണ്ടിയിരുന്നത്. അങ്ങനെ കണ്ടതുകൊണ്ട് മാത്രം നഡ്ഢ മാറ്റിപ്പറയുമെന്ന് കരുതാനും വയ്യ.

മാറ്റിപ്പറഞ്ഞാൽ നഡ്ഢയ്ക്ക് ക്ഷീണം. പറഞ്ഞില്ലെങ്കിൽ വീണയ്ക്ക് നാണം. അങ്ങനെയൊരു അവസ്ഥയാണ് ഡൽഹിയിൽ ഇല്ലാതായത്. നാഗ്പൂരിൽ നിന്ന് രാഷ്ട്രീയത്തിൻ്റെ പതിനെട്ടടവും പൂഴിക്കടകനും പഠിച്ചെത്തിയ നഡ്ഢയ്ക്ക് കെട്ടിയോൻ്റെ വോട്ട് ബാങ്ക് ബലത്തിൽ പാർലമെൻററി പ്രവർത്തനത്തിന് അവസരം ലഭിച്ച വീണയൊക്കെയെന്ത്? വീണത് വിദ്യയാക്കാൻ വീണയെക്കാൾ മിടുക്ക് നഡ്ഢയ്ക്ക് തന്നെയാകും.

തിരുവനന്തപുരത്തെ ചർച്ചയിൽ സമരക്കാരുടെ ആവശ്യത്തെക്കുറിച്ചല്ല, സർക്കാറിൻ്റെ സാമ്പത്തികാവസ്ഥയെക്കുറിച്ചായിരുന്നുവത്രേ വീണ മന്ത്രി വാചാലയായത്. ടെലികാസ്റ്റ് മാധ്യമ രംഗത്ത് നിന്ന് രാഷ്ട്രീയത്തിലേക്ക് എടുത്ത് ചാടിയ മന്ത്രിക്ക് അതൊക്കെ എളുപ്പം.

ഹൃദയം സ്പോഞ്ച് പോലെയാണെന്ന പരസ്യം സ്ക്രീനിലൂടെ പ്രചാരം നേടുന്നതിനും മുൻപ്, സിനിമാ തിയറ്ററുകളിൽ പതിവ് കേന്ദ്ര സർക്കാർ പദ്ധതികളെക്കുറിച്ച് പി ഐ ബിയുടെ പരസ്യം പ്രദർശിപ്പിക്കുമായിരുന്നു. വീണ മന്ത്രിയും അത്രയേ ചെയ്തുള്ളൂ.

സർക്കാർ വലിയ കടത്തിലാണെന്ന സങ്കടം അങ്ങ് നിരത്തി. ഇത്രയും മുടിഞ്ഞ അവസ്ഥയിലാണ് സംസ്ഥാന ഖജനാവ് എന്ന് ആശാമാരോടാണെങ്കിലും തുറന്ന് സമ്മതിക്കാൻ മന്ത്രി കാണിച്ച മനസുണ്ടല്ലോ, അതാണ് വലിയ മനസ്.

സാമ്പത്തിക ബുദ്ധിമുട്ടിൻ്റെ നെല്ലിപ്പലക കണ്ട സ്ഥിതിക്ക് ചർച്ചയ്ക്കിടെ ഇന്ത്യൻ കോഫീ ഹൗസിൽ നിന്നുമെത്തിച്ച ചായയുടെയും ബിസ്കറ്റിൻറെയും പൈസ ആശാപ്രവർത്തകരുടെ സമരപ്പന്തലിലേക്കാണാവോ അയച്ചിട്ടുണ്ടാവുക?. ഓണറേറിയം ചോദിച്ചിറങ്ങിയ ആശാവർക്കർമാർ ഇനി സർക്കാറിൻ്റെ ഖജനാവ് നിറക്കാൻ സംഭാവന നൽകണമെന്ന ഉത്തരവിറങ്ങിയാലും അത്ഭുതപ്പെടേണ്ടതില്ല.

ക്യൂബക്കാരെ കണ്ടതിലുമുണ്ട് ചരിത്രത്തിൻറെ ശേഷിപ്പ്. ക്യൂബയെന്ന് കേട്ടാൽ ചോര തിളക്കുന്നതിനൊപ്പം അന്തരംഗം അഭിമാനപൂരിതമാകണമെന്നുമാണ് ചുകപ്പൻ ശാസ്ത്രം. അത്രമാത്രം അടുപ്പമാണ് അവർ തമ്മിൽ. ചുകപ്പന്മാർക്ക് അങ്ങോട്ട് മാത്രമല്ല, ക്യൂബക്കാർക്ക് ഇങ്ങോട്ടും അങ്ങനെ തന്നെ. പണ്ട് ലോകം മുഴുവൻ കേണപേക്ഷിച്ചിട്ടും ക്യൂബ കയ്യടക്കാൻ പോയ യാങ്കികൾ പിരിഞ്ഞുപോകാൻ കൂട്ടാക്കിയിരുന്നില്ല.

അവസാനം കേരളത്തിലെ മുഖ്യമന്ത്രിയായിരുന്ന നായനാർ നേരിട്ടൊരു കമ്പിയടിച്ചപ്പോഴാണ് സാമ്രാജ്യത്വശക്തികൾ ക്യൂബ വിട്ടുപോയതെന്ന് പാർട്ടിക്ലാസുകളിൽ കേൾക്കാറുണ്ട്. അങ്ങനെയുള്ള ക്യൂബയാണിപ്പോൾ ഡൽഹിയിലെത്തി കേരള ഭരണപ്രതിനിധികളെ കണ്ടത്.

ക്യൂബയിൽ നിന്ന് ഫിഡൽ കാസ്ട്രൊ ബ്രാൻഡ് ചുരുട്ടിനൊപ്പം വികസനവും നേരിട്ട് കേരളത്തിലെത്തുന്നത് കാണൻ കണ്ണിൽ എണ്ണയുമൊഴിച്ച് കാത്തിരിക്കുക നാം. അതിനിടയിലെന്ത് ആശാപ്രവർത്തകർ !!

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News