ക്ഷത്രിയൻ.
മലയാള ഭാഷയിൽ പ്രയോഗങ്ങൾ നിരവധിയാണ്. പഴമൊഴിയെന്നും പഴഞ്ചൊല്ലെന്നുമൊക്കെ അവ അറിയപ്പെടും. അവയിൽ പലതും മനസിലാക്കാൻ ആരും അതുപോലെ ചെയ്ത് നോക്കാറില്ല. പകരം ചുറ്റുപാടുകളിൽനിന്നും അനുഭവങ്ങളിൽനിന്നും മനസിലാക്കുകയാണ് പതിവ്.
പട്ടിയുടെ വാൽ ആയിരം കൊല്ലം കുഴലിലിട്ടാലും ഒരു മാറ്റവും സംഭവിക്കില്ല എന്ന പ്രയോഗം പരിശോധിക്കാൻ പട്ടിയുടെ വാലും തേടി ആരും കുഴലുമായി പോയ ചരിത്രമില്ല. പകരം എത്ര പരിശ്രമിച്ചാലും മാറ്റം വരാത്ത ശീലങ്ങളെ പ്രസ്തുത പ്രയോഗത്തിൻറെ തെളിവായി മനസിലാക്കിവരുന്നു.
എന്നാൽ പഴഞ്ചല്ലിലെ പൊരുൾ ജനത്തിന് മനസിലാക്കാൻ കഴിയും വിധം ജീവിതം ക്രമപ്പെടുത്താൻ കഴിയുക എന്നത് വലിയ കാര്യമാണ്. അതും പലവിധ പഴഞ്ചൊല്ലുകൾക്കും യോഗ്യനാണെന്ന് തെളിയിക്കുന്നവരുണ്ടെങ്കിൽ അവരെ ബഹുമുഖപ്രതിഭകളെന്നും വിളിക്കാം.
പട്ടിയുടെ വാലിൻ്റെ കാര്യം തന്നെയെടുക്കാം. അത് മലയാളത്തിൽ ജീവിച്ചിരിക്കുന്ന ‘വിശ്വപൗരനെക്കുറിച്ചാണെന്ന് ആരെങ്കിലും തെറ്റിദ്ധരിച്ചാൽ കുറ്റം പറയാൻ വയ്യ. പാടില്ലെന്ന് പാർട്ടി പറയുന്ന കാര്യം വീണ്ടും വീണ്ടും ആവർത്തിക്കുക എന്നത് പട്ടിവാലും കുഴലും തമ്മിലുള്ള പ്രയോഗത്തിൽ ഉൾപ്പെടില്ലെന്ന് എങ്ങനെ പറയാനൊക്കും.
ലാസ്റ്റ് ബസ് കൂടെക്കൂടെ എന്ന് മറ്റൊരു പ്രയോഗമുണ്ട്. അവസാനത്തെ ബസ് ആയിരിക്കണം ലാസ്റ്റ് ബസ്. എന്നാൽ അത് കൂടെക്കൂടെയുണ്ടെന്നാകുന്നുവെങ്കിൽ ബസ് അവസാനത്തേതല്ല എന്നാണ് അനുമാനിക്കേണ്ടത്. പാർട്ടിയെ കുഴക്കുന്ന ഗുലുമാലിൽ തല വച്ചുകൊടുക്കുകയും വിവാദമാകുമ്പോൾ ഇനി വിവാദത്തിന് ഇല്ലെന്ന് പ്രഖ്യാപിക്കുകയും ചെയ്യുക.
അതിൻറെ ചൂടാറും മുൻപ് പുതിയ വിവാദത്തിൽ ചെന്നു ചാടുക. അതിനൊക്കെ തന്നെയാണ് ലാസ്റ്റ് ബസ് കൂടെക്കൂടെ എന്നത് കൊണ്ട് മലയാളി ഉദ്ദേശിക്കുന്നതെന്ന് വിശ്വപൗരന് മനസിലാകും വിധം പറഞ്ഞുകൊടുക്കാൻ ഇംഗ്ലീഷ് അറിയുന്നവർ പാർട്ടിയിൽ ഇല്ലാത്തതാണ് പ്രശ്നം.
കടിച്ചാൽ പൊട്ടാത്ത ഇംഗ്ലീഷ് പ്രയോഗവും ഐക്യരാഷ്ട്രസഭയിൽ ഒരു ജോലിയുമുണ്ടായത് കൊണ്ട് ആരും വിശ്വപൗരൻ ആകുന്നില്ലെന്ന് ആലപ്പുഴയിലെ മഹാകവി പറഞ്ഞുവച്ചത് അർഥവത്താണെന്ന് തോന്നുന്നു. പാർട്ടി മുഴുവനും ആരെ എതിർക്കുന്നുവോ ആ ആളെ മഹത്വവത്കരിക്കാൻ നാക്ക് പൊങ്ങുക എന്നതുതന്നെ അത്ഭുതമാണ്. രാഹുൽ ഗാന്ധി കൊള്ളാവുന്ന നേതാവാണെന്ന് കെ.സുരേന്ദ്രൻ പറഞ്ഞുവെന്ന് വെക്കുക. സുരേന്ദ്രൻ പിറ്റേന്ന് കാവിപ്പാർട്ടിയിലുണ്ടാകുമോ?
ഓരോ തവണയും പറയുന്ന കാര്യം തൻ്റെ വ്യക്തിപരമായ അഭിപ്രായമാണെന്ന് പറഞ്ഞാൽ കുറ്റം കുറ്റമല്ലാതാകുമോ? രാഷ്ട്രീയ നേതാക്കൾ ഓരോ കാര്യത്തിലും പാർട്ടിക്കാര്യം രാഷ്ട്രീയകാര്യം എന്നിങ്ങനെ വേർതിരിവുണ്ടാക്കിയാൽ ജനം കുഴങ്ങിയത് തന്നെ.
യുക്രൈനുമായും റഷ്യയുമായും ഒരേസമയം സൗഹൃദം നിലനിർത്താൻ കഴിയുന്ന മോദി മഹാനാണെന്നാണ് വിശ്വപൗരൻ്റെ പുതിയ നിഗമനം. പുതിയ കണ്ടുപിടിത്തം വിളമ്പിയെന്ന് മാത്രമല്ല, മുൻപ് സ്വീകരിച്ച നിലപാട് തിരുത്തുകയും ചെയ്തിട്ടുണ്ട്. ഇരു ധ്രുവങ്ങളിലുള്ളവരുമായി കൂട്ടുകൂടുക എന്നത് സാഹസിക ദൗത്യം തന്നെയാണ്. അതേ വിതാനത്തിലുള്ളവർക്കേ അത്തരക്കാരുടെ മഹത്വം എളുപ്പത്തിൽ മനസിലാകൂ. യുക്രൈൻ – റഷ്യ വിഷയത്തിൽ മോദിയുടെ മഹത്വം വിശ്വപൗരന് മനസിലായത് കോൺഗ്രസ് ശരീരത്തിൽ ബിജെപി ബാധ കയറിയത് കൊണ്ടാണെന്ന് ചുരുക്കം.
ആഗ്രഹിക്കുന്നിടത്ത് എത്തിപ്പെടാനുള്ള ആർത്തി ഏത് വിശ്വപൗരൻ്റെയും നിലപാടിൽ ചാഞ്ചല്യമുണ്ടാക്കും. അതുമാത്രമേ ഈ വിശ്വപൗരൻ്റെ കാര്യത്തിലും ദൃശ്യമാകുന്നുള്ളൂ. കെ.ആർ.നാരായണൻ എന്ന വിശ്വപൗരന് ലഭിച്ചതൊക്കെ തനിക്കും ലഭിക്കണമെന്ന് ആധുനിക വിശ്വപൗരനും ധരിച്ച് പോയാൽ കുറ്റം പറയരുതല്ലോ.
നയതന്ത്രക്കസേരയിൽ നിന്ന് ഇന്ത്യൻ രാഷ്ട്രീയത്തിലിറങ്ങിയതാണ് കെ.ആർ.നാരായണൻ. അദ്ദേഹം ഒടുവിൽ ഇന്ത്യയുടെ രാഷ്ട്രപതിയായി. യുഎന്നിലെ ഉദ്യോഗസ്ഥനിൽനിന്ന് ഇന്ത്യയിലെ രാഷ്ട്രീയക്കാരനായ തരൂരും ഇടക്കിടെ കെ.ആർ.നാരായണ നെ സ്വപ്നം കാണുന്നുണ്ടാകും. ആ ഇരിപ്പിടത്തിലേക്കുള്ള വഴി മോദിസ്തുതിയാണെന്ന് കരുതിപ്പോയെങ്കിൽ പിന്നെയെന്ത് പറയാൻ.
Post Views: 154