അതുകൊണ്ടാണ് മുമ്പ് സോവിയറ്റ് യൂണിയനില്‍ ഗ്ലസ്നോസ്റ്റും, പെരിസ്രോയികയുമൊക്കെ നടപ്പാക്കാനാരംഭിച്ചപ്പോള്‍ “റഷ്യയിലതാ മഴ പെയ്യുന്നു; ഇന്‍ഡ്യയിലെ കമ്മ്യൂണിസ്റ്റുകളേ, കുട നിവര്‍ത്തുവിന്‍” എന്ന് പ്രസിദ്ധ പത്രപ്രവര്‍ത്തകനും സാഹിത്യകാരനുമായ എം.പി. നാരായണ പിള്ള അവരെ ഉപദേശിച്ചത്. കാലത്തിന്‍റെ മാറ്റങ്ങള്‍ക്കനുസ്സരിച്ച് മാറിയില്ലങ്കില്‍ ദിനോസറുകള്‍ ഓന്തായി രൂപാന്തരം പ്രാപിച്ചത് പോലെയുള്ള അവസ്ഥ നിങ്ങള്‍ക്കുണ്ടാകുമെന്നും അന്നദ്ദേഹം അവര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു.
എന്നാല്‍ അവര്‍ അന്ന് ഈ ഉപദേശങ്ങളൊന്നും ചെവിക്കൊണ്ടില്ല. അതിന്‍റെ ഫലമായി ഇന്ന് കമ്മ്യൂണിസ്റ്റുകാരെ കാണണമെങ്കില്‍ കേരളത്തില്‍ വരണമെന്നായി. തങ്ങള്‍ അടക്കി വാണ പശ്ചിമ ബംഗാളും ത്രിപുരയുമെല്ലാം നഷ്ടപ്പെട്ടു. അതിനി എന്ന് തിരികെ കിട്ടുമെന്ന് ആര്‍ക്കും ഒരെത്തും പിടിയുമില്ല. ഒരു കാലത്ത് ലോക്സഭയിലെ പ്രതിപക്ഷ നേതൃസ്ഥാനം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കുണ്ടായിരുന്നു. ഇന്ന് ഇരു കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്കും കൂടി ലോക്സഭയിലുള്ളത് കേവലം 6 അംഗങ്ങള്‍ മാത്രമാണ്. കാലത്തിന്‍റെ മാറ്റങ്ങളുള്ക്കൊള്ളാത്തതിന്
ദിനോസ്സറുകളാകണ്ട, ഓന്തായെങ്കിലും നിലനില്‍ക്കണമെങ്കില്‍ കാലത്തിനനുസ്സരിച്ച് മാറിയേ തീരൂ എന്ന തിരിച്ചറിവ് മാര്‍ക്സിസ്റ്റ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ഇപ്പോഴുണ്ടായി എന്ന് വേണം കരുതാന്‍. കൊല്ലത്ത് നടന്ന സി.പി.എം. സംസ്ഥാന സമ്മേളനത്തില്‍ “നവകേരളത്തെ നയിക്കാന്‍ പുതു വഴികള്‍” എന്ന നയരേഖ മുഖ്യമന്ത്രി പിണറായി വിജയന്‍ അവതരിപ്പിച്ചതോടെ ആ മാറ്റത്തിന്‍റെ കാറ്റ് വീശിത്തുടങ്ങിയെന്ന് കരുതുന്നതില്‍ തെറ്റില്ല.
വലിയ തോതിലുള്ള സ്വകാര്യ നിക്ഷേപം ആകര്‍ഷിക്കുക, സാമ്പത്തിക വെല്ലുവിളികള്‍ പരിഹരിക്കുക, സുസ്ഥിരമായ വരുമാന സ്രോതസ്സുകള്‍ സൃഷ്ടിക്കുക തുടങ്ങിയ പ്രധാന മാറ്റങ്ങള്‍ നയരേഖ ലക്ഷ്യ മിടുന്നു. ഉന്നത വിദ്യാഭ്യാസം, വ്യവസായം, ടൂറിസം തുടങ്ങിയ മേഖലകളില്‍ സ്വകാര്യ പങ്കാളിത്തം വര്‍ദ്ധിപ്പി ക്കുക എന്നതാണ് ഒരു പ്രധാന നിര്‍ദ്ദേശം.

ക്ഷേമപെന്‍ഷനുകള്‍ വര്‍ദ്ധിപ്പിക്കുക, വീട്ടമ്മമാര്‍ക്ക് പെന്‍ഷന്‍ നല്‍കുക, സമ്പന്ന വിഭാഗങ്ങള്‍ക്ക് നല്‍കുന്ന സൗജന്യങ്ങള്‍ പുനഃപരിശോധിക്കുക, കൂടുതല്‍ തൊഴില്‍ വര്‍ദ്ധിപ്പിക്കുന്നതിന്, വ്യാവസായിക ക്ലസ്റ്ററുകള്‍ സൃഷ്ടിച്ച് സ്റ്റാര്‍ട്ടപ്പുകളെ പ്രോത്സാഹിപ്പിക്കുവാനും ഒരു ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുവാനും നയരേഖ വിഭാവനം ചെയ്യുന്നു.
നയരേഖക്ക് സംസ്ഥാന സമ്മേളന പ്രതിനിധികളില്‍ നിന്നും വന്‍ പിന്തുണ ലഭിച്ചതായാണ് റിപ്പോട്ടുകള്‍ പറയുന്നത്. അത് സ്വാഭാവികമാണ് താനും. കാരണം ‘മന്നവേന്ദ്രാ വിളങ്ങുന്നു ചന്ദ്രനെപ്പോലെ നിന്‍ മുഖം’ എന്ന് വാഴ്ത്തുന്നവരെയല്ലാതെ സാധാരണ സി.പി.എമ്മിന്‍റെ സമ്മേളനങ്ങളില്‍ പ്രതിനിധികളാക്കില്ലല്ലോ.
സി.പി.എമ്മിന്‍റെ പോഷക സംഘടനകള്‍ക്കും സാധാരണ അണികള്‍ക്കും ഈ നിലപാടുകളോട് എത്ര മാത്രം പൊരുത്തപ്പെടാനാവും എന്ന് കണ്ടറിയണം. ആഗോളവല്‍ക്കരണത്തിനെതിരേയും സ്വകാര്യവല്‍ക്കരണ ത്തിനെതിരേയും ദശകങ്ങളായി സമരം ചെയ്യുന്നവര്‍ക്ക് ഇനിയെങ്ങിനെ സ്വകാര്യവല്‍ക്കരണത്തേയും ഓഹരി വില്‍പ്പനയേയും നാഷണല്‍ മോണിറ്റൈസേഷന്‍ പൈപ്പ് ലൈന്‍ പദ്ധതിയേയും വിദേശ നിക്ഷേപ ത്തിനേയുമെല്ലാം എതിര്‍ക്കാനാവും ? സ്വകാര്യ കുത്തകകള്‍ക്ക് “അനായാസം ബിസിനസ്സ് നടത്താന്‍” വഴിയൊരുക്കുന്ന ലേബര്‍ കോഡുകള്‍ക്കെതിരേ സമരം ചെയ്യുന്നവര്‍ക്ക് ഇനിയെങ്ങിനെ ദേശവ്യാപക പണിമുടക്ക് നടത്താനാവും ?

സഖ്യകക്ഷിയായ സി.പി.ഐക്ക് പോലും ഈ രേഖയിലെ നിര്‍ദ്ദേശങ്ങള്‍ ഉള്‍ക്കൊള്ളാനാവുന്നില്ല എന്ന് അവരില്‍ പലരുടേയും പതികരണങ്ങള്‍ വ്യക്തമാക്കുന്നു. അതിലെ ചില നേതാക്കള്‍ ഈ നിര്‍ദ്ദേശങ്ങളെ “അപകടകരമായ പ്രവണത”യെന്നും “സംശയകരമായ സമീപനമെന്നും” വിശേഷിപ്പിക്കാനും മടിക്കുന്നില്ല. ഔദ്യോഗികമായി സി.പി.ഐ. അവരുടെ അഭിപ്രായം പ്രകടിപ്പിച്ചിട്ടില്ല. എങ്കിലും അവർ ഈ നയരേഖക്ക് എതിരാകാന്‍ വഴിയില്ല. എതിരായിരുന്നുവെങ്കില്‍ അവര്‍ ഭരിക്കുന്ന കൃഷി വകുപ്പിന്‍റെ കീഴിലുള്ള “കേര” പദ്ധതിക്ക് 139 കോടി രൂപയുടെ ലോക ബാങ്ക് വായ്പ ഒരുളുപ്പുമില്ലാതെ വാങ്ങുകയില്ലാരുന്നു.
തങ്ങള്‍ പ്രതിപക്ഷത്തായിരുന്നപ്പോള്‍ ഏതിനെയൊക്കെ എതിര്‍ത്തിരുന്നോ അവയെല്ലാം പിന്നീട് ഭരണത്തിലേറിയപ്പോല്‍ നടപ്പാക്കി സി.പി.എം. സ്വന്തം വിശ്വാസ്യത തകര്‍ത്തു. അവശേഷിക്കുന്ന വിശ്വാസ്യത കൂടി നശിപ്പിക്കാനേ നവകേരള രേഖയിലൂടെയുള്ള ഈ “യു-ടേണ്‍” ഉപകരിക്കൂ എന്ന് വിശ്വസിക്കുന്നവര്‍ ഏറെയാണ്. സി.പി.എമ്മിന് അതിന്‍റെ “ഇടതുപക്ഷ സ്വത്വം” നഷ്ടപ്പെട്ടുവെന്നും അത് തൊഴിലാളി വര്‍ഗ്ഗത്തേക്കാളുപരി മുതലാളിത്തത്തെ അംഗീകരിക്കാന്‍ തുടങ്ങിയിട്ടുണ്ടെന്നും വിശ്വസിക്കുന്നവരെ കുറ്റപ്പെടുത്താനാവില്ല.
ചുരുക്കത്തില്‍ ബി.ജെ.പിയേയോ, കോണ്‍ഗ്രസ്സിനേയോ എതിര്‍ക്കുന്നതിനേക്കാള്‍ സ്വന്തം വൈരുദ്ധ്യങ്ങളേയും പൊരുത്തക്കേടുകളേയും പ്രതിരോധിക്കുക എന്നതായിരിക്കും വരും ദിനങ്ങളില്‍ സി.പി.എം. നേരിടാന്‍ പോകുന്ന യഥാര്‍ത്ഥ വെല്ലുവിളി.