April 4, 2025 11:00 pm

തിരുവനന്തപുരത്തെ കടന്നലും നിർമലയുടെ വെളിപ്പെടുത്തലും

ക്ഷത്രിയൻ 

തിരുവനന്തപുരം ജില്ലാ കലക്ടറേറ്റിൽ കൂടുകൂട്ടിയ കടന്നലുകൾക്കും ഡൽഹിയിലെ മന്ത്രിക്കും ഒരേ മനസാണെന്ന് തോന്നുന്നു. ഇടിവെട്ടിയവനെ പാമ്പ് കടിച്ചു എന്നത് പോലെയാണ് രണ്ടിടത്തെയും സംഗതികൾ.

ബോംബ് ഭീഷണിയെത്തുടർന്ന് ജീവനും കൊണ്ട് ഓടിയവരെയാണ് കലക്ടറേറ്റ് വളപ്പിൽ കടന്നലുകൾ വളഞ്ഞിട്ട് അക്രമിച്ചത്. ജില്ലാ കലക്ടർ തൊട്ട് പത്രഫോട്ടോഗ്രഫർ വരെ കുത്തേറ്റവരിൽ ഉൾപ്പെട്ടിട്ടുണ്ട്.

എം.വി.രാഘവൻ സിപിഎമ്മിലെ വില്ലാളിവീരൻ ആയിരുന്ന കാലത്ത് ബഹളത്തെത്തുടർന്ന് നിയമസഭയിനിന്ന് പറത്താക്കപ്പെട്ടു. വാച്ച് ആൻഡ് വാർഡുമായുള്ള പിടിവലിക്കിടെ രാഘവൻ്റെ കൈ വാതിലിലെ ചില്ലിൽത്തട്ടി മുറിഞ്ഞു.

സമ്മേളനം പുനഃസ്ഥാപിച്ചപ്പോൾ രാഘൻ്റെ കൈ മുറിഞ്ഞതിനെക്കുറിച്ച് പാർട്ടിക്കാർ വാചാലരായി. അതിന് സി.എച്ച്.മുഹമ്മദ് കോയയുടെ പ്രതികരണം ‘വാതിൽച്ചില്ലിനറിയില്ലല്ലോ കൈ രാഘവൻ്റേതാണെന്ന്’ എന്നായിരുന്നുവത്രെ.

അതുപോലെ കൂട്ടിൽനിന്ന് ഇളകി വന്ന കടന്നലുകൾക്കറിയില്ലല്ലോ കലക്ടറേത്? ഫോട്ടോഗ്രഫറേത് എന്നൊന്നും. പത്രഫോട്ടോഗ്രഫറെ കണ്ടാൽ വെളുക്കെ ചിരിച്ച് പോസ് ചെയ്യാൻ കടന്നലുകൾ രാഷ്ട്രീയ നേതാക്കളുമല്ല.

കേന്ദ്ര ധനകാര്യ-കോർപ്പറേറ്റ് മന്ത്രി നിർമല സീതാരാമൻ രാജ്യസഭയിൽ കേരളത്തിലെ കമ്യൂണിസ്റ്റുകൾക്കെതിരെ നടത്തിയ പ്രതികരണവും ഇടി വെട്ടിയവനെ പാമ്പ് കടിച്ചതുപോലെ തന്നെയാണ്. മന്ത്രിയും കേരളത്തിലെ കാരണഭൂതരുമൊക്കെ ഒന്നിച്ചിരുന്ന് പ്രാതൽ കഴിച്ചതിൻ്റെ ഏമ്പക്കമിട്ട് തീർന്നിട്ടില്ല.

പ്രാതൽ ചർച്ചയിൽ ദുരൂഹത കാണുന്ന പ്രതിപക്ഷം സംഗതി കൊഴുപ്പിച്ചുവരുന്നുമുണ്ട്. അതിൻറെ പുകിലിൽ പുകയുന്ന കാരണഭൂതൻ്റെ പാർട്ടിയെക്കുറിച്ചാണ് നിർമല നിർദാക്ഷിണ്യം ചിലത് പറഞ്ഞിട്ടുള്ളത്.

അടിമുടി ദുരൂഹത ആരോപിക്കപ്പെട്ടതിൻ്റെ അടിസ്ഥാനത്തിൽ ന്യായം കണ്ടെത്താൻ പാടുപെടുന്നുണ്ട് കാരണഭൂതൻ. എതിർപ്പാർട്ടിയിൽപ്പെട്ടവർ ഒന്നിച്ചിരുന്നാൽ ഒലിച്ചുപോകുന്നതല്ല രാഷ്ട്രീയമെന്ന നെടുനെടുങ്കൻ അഭിപ്രായം വരെ വേണ്ടിവന്നത്

അത് കൊണ്ടാണ്. പാർലമെൻറ് കാൻറീനിൽ നരേന്ദ്ര മോദിക്കൊപ്പം ഉച്ചയൂണ് കഴിച്ച ആർ എസ് പി നേതാവ് എൻ.കെ.പ്രേമചന്ദ്രനും, ബിജെപി പ്രഭാരി ജാവഡേക്കറിന് ഒരു ചായ നൽകിയ ഇ.പി.ജയരാജനും ലഭിക്കാത്ത ആനുകൂല്യമാണ് ആ തത്വമെന്നത് വേറെ കാര്യം.

ബാഗുമായി ബസ്സിറങ്ങിയാൽ പോലും കേരളത്തിൽ നോക്കുകൂലി നൽകണമെന്നാണ് കേന്ദ്രമന്ത്രി പറഞ്ഞത്. കമ്യൂണിസത്തെക്കുറിച്ചോ ചെങ്കൊടിയെക്കുറിച്ചോ ഒന്നും അറിയാത്ത ആളല്ല നിർമല. അത്യാവശ്യം ചെങ്കൊടിയൊക്കെ പാറിക്കളിച്ച മധുരയിൽ ജനിച്ചവരാണ് അവർ.

ഇത്രയും ക്രൂരമായ ആക്ഷേപം രാജ്യസഭയിൽ ഉന്നയിക്കുമ്പോൾ നാല് ദിവസം മുൻപ് കേരള ഹൗസിൽ നടന്ന പ്രാതൽ ചർച്ചയെങ്കിലും നിർമലമനസിൽ വേണമായിരുന്നു. ഇനി പ്രാതൽ ചർച്ചയിലെ വല്ല അസ്വാരസ്യവും രാജ്യസഭയിൽ തുളുമ്പിയതാണോ എന്ന് സംശയിക്കാതെയുമില്ല.

എന്നാലും ഒരാഴ്ചക്കിടെ ഇങ്ങനെ സംഭവിച്ചതിലെ ‘എക്സ്ട്രാ ലോജിക്’ എന്തായിരിക്കുമെന്നതിനെക്കുറിച്ച് വ്യാഖ്യാനങ്ങൾ പലതുമുണ്ട്. പ്രതിരോധം ഒരു കലയാണ്. മുൻ പ്രതിരോധമന്ത്രി സ്വീകരിച്ചതും ഒരു പ്രതിരോധ മാർഗമായിരിക്കാനും മതി. പ്രാതൽ ചർച്ചയുടെ അന്തിമഫലമായി വരാനിരിക്കുന്നതിനെക്കുറിച്ച് പല റിപ്പോർട്ടുകളുമുണ്ട്.

നിയമസഭാ തിരഞ്ഞെടുപ്പിലെ നീക്കുപോക്ക് സംബന്ധിച്ചുള്ളതാണ് ഒന്ന്. ഇഡിയും എസ് എഫ്.ഐ ഒയുമൊക്കെയായി ബന്ധപ്പെട്ടത് മറ്റൊന്നും. ഇതു രണ്ടായാലും സമ്മതിക്കാൻ ഇരുകൂട്ടർക്കും കഴിയില്ല.

അതേസമയം അങ്ങനെയൊരു പ്രചാരണം ശക്തിപ്പെട്ടാൽ പ്രതികരിക്കേണ്ടതായും വരും. അതിനാൽ ഞങ്ങൾ തമ്മിൽ അങ്ങനെയൊന്നും ഇല്ലെന്നും രാഷ്ട്രീയമായി ശത്രുതയിൽ തന്നെയാണെന്നും വരുത്തിത്തീർക്കണം. അതാണ് നിർമലബുദ്ധിയിൽ തെളിഞ്ഞതെന്ന വ്യാഖ്യാനത്തിനും ശക്തിയുണ്ട്

നിർമലമനസിലെ ആധിക്കൊപ്പെം ബൃന്ദയുടെ വ്യഥയുമുണ്ട് ഇന്നലെ പത്രങ്ങളിൽ. ആഘോഷങ്ങളിൽ ലഹളയുണ്ടാക്കാൻ അവസരം നൽകരുതെന്നാണ് വിപ്ലവപ്പാർട്ടിയുടെ പിബി അംഗം ബൃന്ദ കാരാട്ടിൻ്റെ ഉപദേശം.

സംഗതി ഭേഷ് ആയിട്ടുണ്ട്. ബൃന്ദ തന്നെ അത് പറയണം. കടക്കൽ ദേവീക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച ഗാനമേളയിലെ വിപ്ലവഗാനാലാപനവും സ്ക്രീനിൽ ചെങ്കൊടിയും ഡിഫിക്കൊടിയുമൊക്കെ തെളിഞ്ഞതും ‘ലഹളക്കുള്ള’ വഴിയായി ബൃന്ദയെങ്കിലും അംഗീകരിച്ചാൽ മതി.

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News