കോട്ടയം: ഡൽഹി, മുംബൈ, ചെന്നൈ ഉൾപ്പെടെയുള്ള വൻനഗരങ്ങളേക്കാൾ ജീവിക്കാൻ മികച്ചതു തിരുവനന്തപുരം, കോട്ടയം, തൃശൂർ, കൊച്ചി നഗരങ്ങളാണെന്ന് ഓക്സ്ഫഡ് ഇക്കണോമിക്സ് ഗ്ലോബൽ സിറ്റീസ് ഇൻഡക്സ്. ” ഇന്നലത്തെ ഒറ്റ മഴയിൽ മുങ്ങിയ കൊച്ചിയോ ഈ കൊച്ചിയെന്ന് ചിലർ ചോദിക്കുന്നു .
“മഴ പെയ്‌താൽ , നിലവാരം വെള്ളത്തിൽ ഉയർന്ന് പൊങ്ങിവരും” , “ഇതൊക്കെ വിൽക്കാൻ പറ്റാത്ത ഫ്ലാറ്റുകൾ വിൽക്കാനുള്ള തന്ത്രം എന്നല്ലാതെ എന്നതാ പറയേണ്ടത് കോട്ടയം തിരുവനന്തപുരം തൃശൂർ സിറ്റികൾ ഒക്കെ ഇപ്പോൾ ബോട്ട് റൈസിന് പറ്റിയ സ്ഥലങ്ങളാണ്”, “ഇന്നലെ തൃശ്ശൂരിൽ വന്ന് നോക്കണമായിരുന്നു ജീവിതനിലവാരം” ,”ഇത് പറയിക്കാൻ ഉള്ള കാശ് ഖജനാവിൽ ഉണ്ടാരുന്നു അല്ലെ ” ,”ആഗോള റാങ്കിങ്ങിൽ 350 ആം സ്ഥാനത്തുള്ള ഡൽഹിയേക്കാൾ മുന്നിലാണ് 525ആം സ്ഥാനത്തുള്ള കൊച്ചി എന്ന് ” ,”മഴപെയ്യുമ്പോൾ… ബോട്ട് സർവീസ് നടത്താനുള്ള വെള്ളം ഉള്ളതുകൊണ്ടാണ്. ഈ ജില്ലകളിൽ നിലവാരം ഉയർന്നത്… നിലവാരം അളക്കുന്ന ആ യന്ത്രം ഒന്ന് കണ്ടാൽ കൊള്ളാം..” ഇങ്ങനെ പോകുന്നു പ്രതികരണങ്ങൾ .
സാമ്പത്തിക സാഹചര്യങ്ങൾ, മനുഷ്യ മൂലധനം, ജീവിതനിലവാരം, പരിസ്ഥിതി, ഭരണം എന്നീ 5 മേഖലകളിൽ പഠനം നടത്തിയാണു ഓക്സ്ഫഡ് ഇക്കണോമിക്സ് ലോകത്തിലെ 1000 നഗരങ്ങളെ ഉൾപ്പെടുത്തി സൂചിക തയാറാക്കിയത്.ഇതിൽ ജീവിതനിലവാരം എന്ന ഘടകത്തിലാണ് കേരളത്തിലെ നഗരങ്ങൾ ഇന്ത്യൻ നഗരങ്ങളുടെ പട്ടികയിൽ മുന്നിലെത്തിയത്. തലസ്ഥാന നഗരിയായ ഡൽഹിയും സാമ്പത്തിക തലസ്‌ഥാനമായ മുംബൈയും രാജ്യത്തിന്റെ ഐടി ആസ്ഥാനമായ ബെംഗളൂരുവും വരെ ജീവിത നിലവാര സൂചികയിൽ തിരുവനന്തപുരത്തിനും കോട്ടയത്തിനും തൃശൂരിനും കൊച്ചിക്കും പിന്നിലാണ്.
നഗരങ്ങളിലെ സാമ്പത്തിക–ആരോഗ്യ സുസ്ഥിതി, ജീവിതസൗകര്യങ്ങളുടെ ലഭ്യത, കുടിയേറിപ്പാർക്കാൻ പ്രേരിപ്പിക്കുന്ന ആകർഷകത്വം, താമസച്ചെലവു കുറവ്, വിനോദ–സാംസ്കാരിക അവസരം, ഇന്റർനെറ്റ് സ്പീഡ് എന്നിവയൊക്കെ കണക്കാക്കി തയാറാക്കിയ പട്ടികയിൽ തിരുവനന്തപുരത്തിനു ആഗോള റാങ്ക് 748. കോട്ടയം 753, തൃശൂർ 757, കൊച്ചി 765, ഡൽഹി–838, ഹൈദരാബാദ്–882, ബെംഗളൂരു–847, മുംബൈ–915. മൊത്തം റാങ്കിങ്ങിൽ ഡൽഹിയുടെ ആഗോള സ്ഥാനം 350, ബെംഗളൂരു 411, മുംബൈ 427, കൊച്ചി 521, തൃശൂർ 550. മറ്റു കേരള നഗരങ്ങൾ 600നു താഴെയാണ്. പട്ടികയിൽ ഒന്നാം സ്ഥാനത്ത് ന്യൂയോർക്കാണ്.