കൊച്ചി : “കുറെ എണ്ണം കേരളത്തിൽ നിക്ഷേപം പിടിക്കാനെന്ന പേരിൽ ദാവോസിൽ കിടന്നു കറങ്ങുന്നുണ്ട്. കഴിഞ്ഞ എട്ടുവർഷമായി ഇങ്ങനെ ത്രീ പീസ് സൂട്ടുമൊക്കെയിട്ട് നിക്ഷേപം പിടിക്കാൻ എവിടെയൊക്കെ കറങ്ങി, എന്ത് കിട്ടി എന്നൊക്കെ കണക്കു സഹിതം ജനങ്ങളോട് പറയാമോ? കുറെ ഗൾഫു മുതലാളിമാർ ഷോപ്പിംഗ് മാളുകളും സ്വർണക്കളകളും ജൗളിക്കടകളും ആശുപത്രികളും വച്ചു കെട്ടുന്നതല്ലാതെ എന്ത് ആഗോള നിക്ഷേപമാണ് വന്നത്? മുൻ ഐക്യ രാഷ്ട്രസഭ ഉപദേഷ്ടാവ് പ്രമോദ്‌കുമാർ ഫേസ്ബുക്കിലെഴുതുന്നു.
“ഒരു മനുഷ്യ ജീവിതത്തിന്റെ നാച്ചുറൽ ആയിട്ടുള്ള ആവശ്യമാണ് സാധ്യമായ “ഹ്യൂമൻ പൊട്ടൻഷ്യൽ” -ൽ എത്തുക എന്നുള്ളത്. അതിനു സാധിക്കാത്ത ഒരു സമൂഹം നരകമാണ്. പൗൾട്രി ഫാമിലെ കോഴിയുടെ ജീവിതം പോലെ. അത് തിരിച്ചറിയുന്ന മാതാപിതാക്കൾ, സഖാക്കളുൾപ്പെടെ, പന്ത്രണ്ടാം ക്ലാസ്സ് കഴിയുമ്പോൾ പിള്ളേരെ നാട് കടത്തുന്നു. അല്ലാത്തവർ, ഇംഗ്ലണ്ടിലെയും, ക്യാനഡയിലെയും ചേരികളായാലും വേണ്ടില്ല എന്ന് കരുതി ഓടിപ്പോകുന്നു. നമ്മുടെ “സാമ്പത്തിക ശാസ്ത്രജ്ഞൻ” പറഞ്ഞ പോലെ മിറക്കിൾ സ്റ്റേറ്റ് തന്നെയാണിത്”.പ്രമോദ്‌കുമാർ തുടരുന്നു..
പോസ്റ്റിന്റെ പൂർണ രൂപം ചുവടെ
കേരളത്തിലെ “അതിപ്രശസ്തനായ” ഒരു “സാമ്പത്തിക ശാസ്ത്രജ്ഞൻ” മനോരമയുടെ ഹോർത്തൂസ് ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കുന്നത് യൂട്യൂബിൽ കണ്ടു. “കേരളം ഒരു അത്ഭുത സംസ്ഥാനമാണ്. ദേശീയ ശരാശരിയേക്കാൾ അമ്പതും അറുപതും ശതമാനം കൂടുതലാണ് ഇവിടത്തെ ആളോഹരി വരുമാനം,” ഇതായിരുന്നു അയാളുടെ ഓപ്പണിങ് ലൈൻ.
എടോ സാമ്പത്തിക ശാസ്ത്രജ്ഞാ, അത് തന്റെ പാർട്ടിയുടേയോ, സർക്കാരിന്റെയോ, ശിങ്കിടികളുടെയോ കഴിവ് കൊണ്ടല്ല, ആഭ്യന്തര ഉല്പാദനത്തിൽ നിന്നുമല്ല, മറിച്ച് നാട്ടിൽ ജോലി കിട്ടാതെ, വേറെ മാർഗ്ഗമൊന്നുമില്ലാതെ വിദൂരസ്ഥലങ്ങളിൽ പോയി അവിടങ്ങളിലെ മുതലാളിമാരുടെ ഔദാര്യത്തിലും, പലപ്പോഴും അടിമവ്യവസ്ഥിതിയിലും, പണിയെടുത്ത് വർഷാവർഷം മലയാളികൾ അയയ്ക്കുന്ന രണ്ടു ലക്ഷത്തിലേറെ കോടി രൂപ കാരണമാണ് എന്ന് എന്തേ താൻ പറയുന്നില്ല? വർഷങ്ങളായി വന്നു കുന്നു കൂടിയ ആ ലക്ഷക്കണക്കിന് കോടി രൂപ മാറ്റി വച്ചിട്ട്, ഒപ്പം ആ പണം മുടക്കി (ചിലവാക്കിയും, നിക്ഷേപിച്ചുമൊക്കെ) ഉണ്ടാക്കുന്ന സ്റ്റേറ്റ് ജിഡിപി യുടെ ഷെയറും മാറ്റി വച്ചിട്ട് തൻ ആളോഹരി വരുമാനത്തെക്കുറിച്ച് പറഞ്ഞു നോക്ക്. യു പി, ബിഹാറിനോടൊപ്പമായിരിക്കും ഈ “മിറക്കിൾ സ്റ്റേറ്റ്”.
ഇതേ സമയം കുറെ എണ്ണം കേരളത്തിൽ നിക്ഷേപം പിടിക്കാനെന്ന പേരിൽ ദാവോസിൽ കിടന്നു കറങ്ങുന്നുണ്ട്. കഴിഞ്ഞ എട്ടുവർഷമായി ഇങ്ങനെ ത്രീ പീസ് സൂട്ടുമൊക്കെയിട്ട് നിക്ഷേപം പിടിക്കാൻ എവിടെയൊക്കെ കറങ്ങി, എന്ത് കിട്ടി എന്നൊക്കെ കണക്കു സഹിതം ജനങ്ങളോട് പറയാമോ? കുറെ ഗൾഫു മുതലാളിമാർ ഷോപ്പിംഗ് മാളുകളും സ്വർണക്കളകളും ജൗളിക്കടകളും ആശുപത്രികളും വച്ചു കെട്ടുന്നതല്ലാതെ എന്ത് ആഗോള നിക്ഷേപമാണ് വന്നത്? ഐ ടി, ഐ റ്റി എന്നും പറഞ്ഞ് വീരവാദം മുഴക്കുമ്പോൾ, ആഗോളതലത്തിലെ ഒരു ഐ ടി ഭീമനെയെങ്കിലും ഇവിടെക്കൊണ്ടു വരാൻ സാധിച്ചിട്ടുണ്ടോ. അവർ ഇന്ത്യയിൽ ഉടനീളം ഓഫിസുകളും ഡെവലപ്മെന്റ്, റീസേർച്ച് സെന്ററുകൾ തുറന്നിട്ടും ആയിരക്കണക്കിനു പേരെ ജോലിക്കെടുത്തിട്ടും എന്തെ ഈ മിറക്കിൾ സ്റ്റേറ്റിൽ വരുന്നില്ല? കൊച്ചിയിൽ ഓഫീസുള്ള ഒരേ ഒരു കമ്പനിയുടെ പേര് പറഞ്ഞാണ് വീമ്പിളക്കുന്നത് , ആ കമ്പനിയുടെ ലോകത്തിലെ ഇന്നത്തെ അവസ്ഥ സാങ്കേതികരംഗത്തെക്കുറിച്ചറിയുന്നവർക്കറിയാം.
നമ്മുടെ കൂടിയ ഓഫിസർ ദാവോസിൽ പറയുകയാണ് കേരളത്തിന്റെ ഏറ്റവും വലിയ “റിസോഴ്സ്” അതിന്റെ “ഹ്യൂമൻ റിസോഴ്സ്” ആണെന്ന്. അവർ ഒരു കാര്യം കൂടെ പറയുന്നുണ്ട് – ഏറ്റവും നല്ല സ്റ്റാർട്ട് അപ്പ് ഇക്കോസിസ്റ്റമാണ് ഇവിടത്തേത് എന്ന്. അങ്ങനെയെങ്കിൽ ഒരു ധവളപത്രം ഇറക്കാമോ? എത്ര സ്റ്റാർട്ട് അപ്പുകൾ ഇവിടെ നിന്നും രാജ്യമറിയുന്ന കമ്പനികൾ ആയി ലാഭകരമായി, അല്ലെങ്കിൽ ലാഭസാധ്യതയുള്ള, നല്ല ഇവാല്യൂവേഷൻ ഉള്ള, കമ്പനികൾ ആയി മാറിയിട്ടുണ്ട്? എത്ര ഇൻവെസ്റ്റ്മെന്റ് സ്റ്റാർട്ട് അപ്പുകളിൽ ഇൻവെസ്റ്റ് ചെയ്യുന്ന പ്രമുഖർ ഇവിടെ ഇൻവെസ്റ്റ് ചെയ്തിട്ടുണ്ട്? അതിൽ രാജ്യത്തെ പ്രമുഖർ ആരൊക്കെ, അന്താരാഷ്ട്ര പ്രമുഖർ ആരൊക്കെ? പാർട്ടി പ്രോപഗാണ്ട നടത്തുന്ന യുട്യൂബ് ചാനലുകളാണോ ഈ സ്റ്റാർട്ട് അപ്പുകൾ? അവർക്കൊക്കെ നിങ്ങൾ ഈ ഇക്കോസിസ്റ്റത്തിന്റെ ആനുകൂല്യങ്ങൾ നൽകിയിട്ടുണ്ടോ? ഇതിനെ ഒരു പൊതു ഓഡിറ്റിന് വിധേയമാക്കാമോ?
പ്രവാസിയുടെ പണം മാത്രമാണ് നമ്മുടെ ശക്തി. അതുള്ളിടത്തോളം കേരളം തകരില്ല. പക്ഷെ ഈ കുടിയേറ്റ സാമ്പത്തിക വ്യവസ്ഥയിൽ ചേരാൻ കഴിയാത്ത ധാരാളം പേർ കടുത്ത ദാരിദ്ര്യത്തിൽ ജീവിക്കും (ഉദാഹരണത്തിന് ഗൾഫ് കുടിയേറ്റം കൊണ്ട് ബാക്കി മലയാളികളുണ്ടാക്കിയ നേട്ടം ദളിതർക്ക് സാധ്യമായിട്ടുണ്ടോ?), നമ്മൾ അവരെ കാണില്ല. വിദ്യാഭ്യാസ നിലവാരമില്ലാതെയും, അവസരമില്ലാതെയും, കുടിയേറ്റമല്ലാത്ത ജീവിത സാധ്യതകളില്ലാതെയുമുള്ള യുവതലമുറയിൽ ഒരു വലിയ വിഭാഗം മയക്കുമരുന്നിലും, ക്രിമിനാലിറ്റിയിലും, പുസ്തക, സാംസ്‌കാരിക, സിനിമ, കേരളീയ മേളകളിലും ഒക്കെ കറങ്ങി നടന്നു ജീവിതം തീർക്കും. ഒരു ദിവസം മാത്രം ടിവി വാർത്ത കണ്ടാൽ കാണുന്ന ഹൃദയഭേദകമായ കാഴ്ച്ചയാണ് ഇരുപതു തികയാത്ത പിള്ളേർ ആൺപെൺ വ്യത്യാസമില്ലാതെ മയക്കുമരുന്ന്, ഹണി ട്രാപ്, ക്രിമിനൽ കേസുകളിൽ പിടിക്കപ്പെടുന്നത്.
ഒരു മനുഷ്യ ജീവിതത്തിന്റെ നാച്ചുറൽ ആയിട്ടുള്ള ആവശ്യമാണ് സാധ്യമായ “ഹ്യൂമൻ പൊട്ടൻഷ്യൽ” -ൽ എത്തുക എന്നുള്ളത്. അതിനു സാധിക്കാത്ത ഒരു സമൂഹം നരകമാണ്. പൗൾട്രി ഫാമിലെ കോഴിയുടെ ജീവിതം പോലെ. അത് തിരിച്ചറിയുന്ന മാതാപിതാക്കൾ, സഖാക്കളുൾപ്പെടെ, പന്ത്രണ്ടാം ക്ലാസ്സ് കഴിയുമ്പോൾ പിള്ളേരെ നാട് കടത്തുന്നു. അല്ലാത്തവർ, ഇംഗ്ലണ്ടിലെയും, ക്യാനഡയിലെയും ചേരികളായാലും വേണ്ടില്ല എന്ന് കരുതി ഓടിപ്പോകുന്നു. നമ്മുടെ “സാമ്പത്തിക ശാസ്ത്രജ്ഞൻ” പറഞ്ഞ പോലെ മിറക്കിൾ സ്റ്റേറ്റ് തന്നെയാണിത്.
ഒരു വളരുന്ന ഇക്കോണമിക്ക് ആവശ്യം അതിന്റെ “ഡെമോഗ്രാഫിക് ഡിവിഡന്റ്” ആണ്. ഫെർട്ടിലിറ്റി റേറ്റ് കുറയുകയും, പുതുതായി ജനിക്കുന്ന കുട്ടികളുടെ എണ്ണം കുറയുകയും, ഉള്ളവർ വയസ്സാവുകയും ചെയ്യുമ്പോൾ ഇത് നഷ്ടപ്പെടുന്നു. യൂറോപ്പിനും, ജപ്പാനും ഇപ്പോൾ ചൈനയ്ക്കും സംഭവിച്ചു കൊണ്ടിരിക്കുന്നത് ഈ ഡിവിഡന്റ് അവർക്കു നഷ്ടപ്പെട്ടു പോയിരിക്കുന്നു എന്നതാണ്. കേരളത്തിൽ അല്ലെങ്കിൽത്തന്നെ ചെറുപ്പക്കാരുടെ എണ്ണം ദേശീയ ശരാശരിയേക്കാൾ കുറവാണ്, അതിൽ ഏറ്റവും പ്രൊഡക്ടീവ് ആയ വിഭാഗം മറ്റു സംസ്ഥാനങ്ങളിലേക്കും, കൂലിപ്പണിക്ക് ആളെയെടുക്കുന്ന രാജ്യങ്ങളിലേക്കും ഓടിപ്പോവുകയാണ്. അപ്പോഴാണ് മുഖ്യ ഓഫിസറുടെ “മനുഷ്യ വിഭവ ശേഷിയെക്കുറിച്ചുള്ള” വീരവാദം.
മലയാളി എങ്ങനെ ഇങ്ങനെ കുടിയേറ്റക്കാരായി എന്നതിന് വിശ്വാസ്യമായ ഒരു ഗവേഷണം ആരും നടത്തി തെളിയിച്ചിട്ടില്ല, എത്രയോ കാലങ്ങളായി നടന്നതാണ്. ഒന്നുറപ്പാണ്, അവസരങ്ങളുണ്ടായിരുന്നെങ്കിൽ ഇങ്ങനെ ഡിസ്ട്രെസ്സിൽ അവർ കുടിയേറില്ലായിരുന്നു. അത് തെളിയിക്കുന്ന എമ്പിരിക്കൽ എവിഡൻസ് ഇന്ത്യയിൽ ഉല്പാദനത്തിൽ മുന്നിൽ നിൽക്കുന്ന സംസ്ഥാനങ്ങൾ തന്നെയാണ്, അതു പോലെ വേറെ ഒരു മാർഗ്ഗവുമില്ലാതെ ഇവിടെ വന്നടിയുന്ന ബംഗാളികളും, ഒടിയക്കാരും ജാർക്കണ്ഡികളും. എല്ലാ സമൂഹങ്ങളിലും മനുഷ്യർ കുടിയേറും, പക്ഷെ ഇതു പോലെയുള്ള ഡിസ്ട്രെസ്സ് മൈഗ്രെഷൻ അങ്ങനെയുള്ള കുടിയേറ്റമല്ല. It’s a run on the state!
രസകരമായ കാര്യം ആ ദാവോസിലെ ത്രീ പീസ് സൂട്ടിട്ട നിക്ഷേപ സ്വീകാര്യകൻ ഇപ്പോഴും അവസരം കിട്ടിയാൽ ആഗോള മുതലാളിത്തത്തിനെതിരെ ആവേശത്തോടെ ക്ലാസ്സെടുക്കും!
Post Views: 207