April 4, 2025 5:53 am

നവം നവങ്ങൾ എത്രയെത്ര….

ക്ഷത്രിയൻ

വം നവങ്ങളാണ് കാര്യങ്ങളൊക്കെ. നവകേരളത്തിൽ പാർട്ടി ഓഫീസുകൾ തൊട്ട് എല്ലാം നവമായിരിക്കുക എന്നതിന് ചന്തമേറെയുണ്ട്.

വിപ്ലവപ്പാർട്ടിയുടെ ആസ്ഥാന മന്ദിരം അടുത്ത മാസത്തോടെ നവമാകും. നിലവിലുള്ള മന്ദിരത്തിൽ നിന്ന് നേതാക്കളും അത്യാവശ്യവസ്തുക്കളും മാത്രമല്ല, കെട്ടിടത്തിൻറെ പേര് പോലും പുതിയ കെട്ടിടത്തിലേക്ക് മാറും. കെട്ടിടം പുതിയതാണെങ്കിലും പേര് നവമാക്കാൻ സഖാക്കൾ ആഗ്രഹിക്കുന്നില്ല.

പഴയതാകട്ടെ പഠനകേന്ദ്രമെന്ന പേരിൽ അറിയപ്പെടും. എ.കെ.ആൻറണി മുഖ്യമന്ത്രിയായിരുന്ന കാലത്ത് എകെജിയുടെ പേരിൽ പഠനകേന്ദ്രം സ്ഥാപിക്കാൻ അനുവദിച്ച സ്ഥലത്താണ് പഴയ മന്ദിരം പണിതത്. അനുവദിച്ചതിലുമധികം സ്ഥലം വളച്ചുകെട്ടിയെന്ന ആരോപണവുമായി ചെറിയാൻ ഫിലിപ്പ് പിന്നാലെയുണ്ടായിരുന്നു.

അവസാനം ചെറിയാൻ തന്നെ പ്രസ്തുത മന്ദിരത്തിൽ ഏറെക്കാലം പുസ്തക വായനയുമായി കഴിഞ്ഞുവെന്നത് നിയോഗം. ഒരർഥത്തിൽ എന്താവശ്യത്തിനാണോ അന്ന് ആൻറണി സ്ഥലം അനുവദിച്ചത്, ആ ആവശ്യവുമായി പൊരുത്തപ്പെടുന്ന നാമമെങ്കിലും കെട്ടിടത്തിൽ പതിയുക ഇനി മാത്രമാണ്.

പുതിയ കെട്ടിടം തുറക്കാൻ നിശ്ചയിച്ചിട്ടുള്ള ദിവസം ശുഭദിനവും പത്താമുദയവുമൊക്കെയാണെന്നാണ് ജ്യോതിഷികൾ പറയുന്നത്. ജ്യോതിഷത്തിലൊന്നും വിശ്വാസമില്ലെങ്കിലും ജ്യോതിഷികൾ പറയുന്നത് തള്ളിക്കളയുക എന്ന രീതി പാർട്ടിക്കില്ല.

പണ്ട് പാർട്ടി കോൺഗ്രസിൻറെ മുന്നോടിയായി പഴവങ്ങാടി ഗണപതിക്ക് തേങ്ങയുടച്ച കാട്ടായിക്കോണത്തിൻറെ പിൻതലമുറയാണ് ഇപ്പോഴും പാർട്ടിയെ നയിക്കുന്നതും. ഉദ്ഘാടന മുഹൂർത്തം കണ്ടെത്തിയ ജ്യോതിഷി ആരെന്ന് വെളിപ്പെടുത്താൻ പാർട്ടി തയാറാകുന്നത് നന്നായിരിക്കും.

പാഴൂർ പടിയിലാണോ കാണിപ്പയ്യൂരിൻറെ സമക്ഷത്തിലാണോ എന്നറിയാതെ നട്ടംതിരിയുന്നുണ്ട് അണികൾ. പാഴൂരിലെ പഴമക്കാർ പായും മടക്കിപ്പോയെന്നും കനത്തവെയിലിൽ ഭൂമി വരണ്ടുകീറുമെന്ന് കാണിപ്പയ്യൂർ പ്രവചിച്ച വർഷമാണ് കേരളത്തിൽ പ്രളയമുണ്ടായതെന്നും ഓർക്കുന്നവരാണ് മലയാളികൾ എന്നതിനാൽ അക്കാര്യത്തിൽ മൂർത്തമായ ഒരു വിശദീകരണത്തിന് ഗോവിന്ദൻ മാഷ് സമയം കണ്ടെത്തണം.

 എല്ലാവിധ സൗകര്യങ്ങളോടും കൂടിയുള്ളതാണ് പുതിയ ഓഫീസ്. കഫ്റ്റേരിയ തൊട്ട് കൺവൻഷൻ സൗകര്യം വരെയുണ്ട്. പത്രങ്ങളിൽ അച്ചടിച്ചുവന്ന കെട്ടിടത്തിൻറെ നിറം ആശ്ചര്യമുളവാക്കുന്നുവെന്ന നിഗമനവും ഉയർന്നിട്ടുണ്ട്. ചെഞ്ചോര പോലെയുള്ള ചെമപ്പാണ് പാർട്ടി അംഗീകരിച്ച നിറമെങ്കിലും പടത്തിൽ കാണുന്ന നിറത്തിന് കാവിയുടെ ലാഞ്ഛനയുണ്ടെന്നാണ് മർമ്മരം.

ചുകപ്പിൽ നിന്ന് പലരും കാവിയിലേക്ക് കൂടുമാറുന്ന കാലമാണിത്. പശ്ചിമ ബംഗാളിലും ത്രിപുരയിലുമൊക്കെ കണ്ട പ്രതിഭാസം കേരളത്തിലും കണ്ടുകൂടായ്കയില്ല. അവിടെയൊക്കെ ചുകന്ന ഓഫീസുകൾ കാവിക്കാർ കയ്യേറിയ ശേഷം കാവി നിറം പൂശുകയായിരുന്നു.

അങ്ങനെയൊരു സാഹചര്യമുണ്ടായാൽ ‘അധിനിവേശക്കാർ’ കെട്ടിടത്തിൻറെ നിറം മാറ്റാൻ മെനക്കെടേണ്ടതില്ലെന്ന നിർമല മനസാണ് ഇപ്പോഴേ കാവിയോട് ചേർന്നുള്ള നിറം തിരഞ്ഞെടുക്കാൻ കാരണമെന്നും സംശയിക്കാം.

ഇടതന്മാർ ഓഫീസ് നവം ആക്കുന്നതിന് മുൻപെ അത് നിർവഹിച്ചിട്ടുണ്ട് വലതന്മാർ. എം.എൻ.സ്മാരക മന്ദിരം നവീകരിച്ച് പ്രവർത്തനങ്ങൾക്കായി  തുറന്നത് അടുത്തിടെയാണ്. അവിടെയും അത്യാവശ്യം താമസ സൗകര്യമൊക്കെയുണ്ടത്രെ.

പാർക്കാനുള്ള സൗകര്യം അത്യന്താപേക്ഷിതമായ കാലവുമാണിത്. സംസ്ഥാനത്തുടനീളം വൃദ്ധസദനങ്ങൾ വർധിച്ചുവരുന്നുണ്ട്. ആഢംബര നിലവാരത്തിലുള്ളത്  തൊട്ട് സാദാ വരെയുണ്ട് അവയിൽ. 75 കഴിഞ്ഞവരെ ഔദ്യോഗികമായിത്തന്നെ ‘വൃദ്ധന്മാരായി’ പ്രഖ്യാപിച്ചതാണ് പാർട്ടി.

അങ്ങനെ വൃദ്ധന്മാരായവരെ സംബന്ധിച്ച് കണക്കെടുപ്പൊന്നും നടന്നിട്ടില്ലെങ്കിലും എ.കെ.ബാലനും ജി.സുധാകരനം പി.കെ.ശ്രീമതിയും പാലൊളി മുഹമ്മദ് കുട്ടിയും ടി.കെ.ഹംസയും തുടങ്ങി വയസ്സറിയിച്ച നിരവധി പേരുണ്ട് പാർട്ടിയിൽ. അവരെപ്പോലുള്ളവർക്ക് പാർക്കാനും ആസ്ഥാന മന്ദിരത്തിൽ  ഒരു ‘സീനിയർ കോർണർ’ ആലോചിക്കാവുന്നതാണ്.

വലതന്മാരാണെങ്കിൽ ജീവിച്ചിരിക്കുന്ന കാരണവരെ ആദ്യം ‘വൃദ്ധനായി’ പ്രഖ്യാപിക്കുകയും ഇപ്പോൾ  പടിയടച്ച് പിണ്ഡം വക്കുകയും ചെയ്തിട്ടുണ്ട്. താൻ വളർത്തിയ കുട്ടികൾ അവസാനകാലത്ത് തനിക്ക് നൽകിയ അവാർഡാണ് സസ്പെൻഷൻ എന്ന കെ.ഇ.ഇസ്മയിലിൻറെ രോദനത്തിൽ തന്നെയുണ്ട് മനസിൻറെ ലോലാവസ്ഥ.

മക്കൾ അച്ഛനെയും അമ്മയേയും കൊല്ലുന്ന കാലം തന്നെയാണിത്. തന്നെ കൊന്നാലും മക്കളോടുള്ള വാത്സല്യം മുറിച്ച് മാറ്റാൻ കഴിയാത്ത അമ്മമാരുമുണ്ട്.

വെഞ്ഞാറമ്മൂടിൽ കൊല്ലാൻ ശ്രമിച്ചത് മകനാണെന്ന് പറയാതെ താൻ കട്ടിലിൽ നിന്ന് വീണതാണെന്ന് മൊഴി നൽകിയ അമ്മയെക്കുറിച്ചുള്ള വാർത്തയ്ക്ക് പഴക്കം തീരെയില്ല.

അത് പോലെയാണ് കെ.ഇ.ഇസ്മയിലിൻറെ മനസും. തനിക്കെതിരായ സസ്പെൻഷൻ പൊട്ടിത്തെറിക്കാൻ മാത്രം കാരണമാണെങ്കിലും അതൊക്കെ ഉള്ളിലൊതുക്കി താൻ വളർത്തിയ കുട്ടികളുടെ തലോടിയുള്ള പ്രതികരണം എത്രമാത്രം വശ്യമധുരമാണ്.

പട്ടാളത്തിൽ കവാത്ത് നടത്തി പരിചയമുള്ള ഇസ്മയിൽ  അവിടെ പോലും ഇത്ര ലോല മനസ് പ്രകടമായിട്ടുണ്ടാകില്ല. 

ഇടതും വലതും കമ്യൂണിസ്റ്റുകൾ കേരളത്തിലാണ് ഓഫീസുകൾ നവം ആക്കിയതെങ്കിൽ മുസ്ലിം ലീഗ് അങ്ങ് ഡൽഹിയാണ് അതിന് തിരഞ്ഞെടുത്തത്.

അവരുടെ ദേശീയ ഓഫീസ് മെയ് മാസം ഉദ്ഘാടനം ചെയ്യുമത്രെ. കേരള പാർട്ടിയെന്ന വിളിപ്പേര് മാറ്റാനെങ്കിലും ഓഫീസ് പ്രയോജനപ്പെടുമെന്ന് കരുതാം.

ഓഫീസിൽ മാത്രമൊതുങ്ങുന്നില്ല ലീഗ്. പത്ത് വർഷത്തിന് ശേഷം ഡൽഹി കണ്ട ഏറ്റവും വലിയ ഇഫ്താർ സംഗമത്തിനും വേദിയൊരുക്കിയതിൻറെ ത്രില്ലിലുമാണ് പാർട്ടി. നവ കേരളത്തിനൊപ്പം നവ ഭാരതവുമായാലെന്താ കുഴപ്പം.

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News