നേതാക്കൾക്കു ലക്ഷങ്ങൾ ; നിക്ഷേപകർ നട്ടം തിരിയുന്നു

തൃശൂർ: നേതാക്കൾ ലക്ഷങ്ങൾ കൊണ്ട് കളിച്ചു. പാവപ്പെട്ട ചെറുതും വലുതുമായ നിക്ഷേപകർ നട്ടം തിരിയുന്നു .  ബാങ്കിൽ പണമില്ലെന്നാണ് മറുപടി. ലോൺ കളക്ഷൻ കുറവാണെന്നും പറയുന്നു. ചികിത്സയ്ക്കും മരണാനന്തര ചടങ്ങുകൾക്കുമുള്ള സഹായവും നൽകുന്നില്ല.

രണ്ട് മാസം മുൻപ് വരെ പതിനായിരം രൂപ പരമാവധി അനുവദിച്ചിരുന്നു. അപേക്ഷ നൽകി പതിനഞ്ച് ദിവസം കഴിഞ്ഞാലാണ് അത് കിട്ടുക. വീണ്ടും പതിനായിരം രൂപ കിട്ടണമെങ്കിൽ ആറ് മാസം കഴിയും. വിവാഹത്തിനാണെങ്കിൽ ക്ഷണക്കത്തും മറ്റും ഹാജരാക്കിയാൽ പരമാവധി അമ്പതിനായിരം. ഇപ്പോൾ അതുമില്ല.അടുത്തിടെ  ബാങ്കിൽ നിക്ഷേപിച്ച പണം തിരികെ ലഭിക്കാത്തതിനാൽ മതിയായ ചികിൽസ തേടാനാകാതെ വയോധിക മരിച്ചതില്‍ പ്രതിഷേധിച്ചു , ബാങ്കിനുമുന്നില്‍ മൃതദേഹം എത്തിച്ച് ബന്ധുക്കള്‍ അടക്കമുള്ളവര്‍ സമരം ചെയ്തിരുന്നു.

 

മുപ്പത് ലക്ഷത്തിലേറെ നിക്ഷേപമുള്ളവരുണ്ട്. സി.പി.എമ്മിന്റെ നേതാക്കൾ ഇടപെട്ടാണ് വൻ നിക്ഷേപം ബാങ്കിലെത്തിച്ചത്. പക്ഷേ, സഹായം ആവശ്യപ്പെടുമ്പോൾ അവർ തിരിഞ്ഞുനോക്കുന്നില്ലെന്നാണ് പരാതി. ലക്ഷങ്ങൾ നിക്ഷേപിച്ചവർ പണം തവണയായിപ്പോലും തിരിച്ചുകിട്ടാതെ നട്ടം തിരിയുന്നു.

തട്ടിപ്പ് കേസിൽ അഞ്ച് പ്രതികളുടെ കോടികളുടെ സ്വത്ത് കോടതി ഉത്തരവു പ്രകാരം ഇ.ഡി കണ്ടുകെട്ടിയിരുന്നു. എന്നാൽ ഇതൊന്നും പണമായി ബാങ്കിലെത്തിയിട്ടില്ല. ബിജു കരീം, ജിൽസ്, ബിജോയ്, റെജി അനിൽകുമാർ എന്നിവരുൾപ്പെടെ പ്രധാനപ്രതികളുടെ സ്വത്ത് കണ്ടുകെട്ടാനാണ് കോടതി ഉത്തരവിട്ടത്.

പീരുമേട്ടിലുള്ള ഒമ്പതേക്കറുൾപ്പെടെ ബിജോയിയുടെ 30 കോടി രൂപയുടെ സ്വത്ത് ഇതിൽ ഉൾപ്പെടുന്നു. തൃശൂർ, ഇരിങ്ങാലക്കുട, ചാലക്കുടി, മതിലകം, അന്തിക്കാട്, കല്ലേറ്റുംകര എന്നിവിടങ്ങളിലാണ് മറ്റു പ്രതികളുടെ പേരിൽ ഭൂമിയുള്ളത്. ഒന്നാംപ്രതി സുനിൽമാറിന്റെ പേരിൽ സ്വത്ത് സമ്പാദനം നടന്നിട്ടില്ലാത്തതിനാൽ കണ്ടുകെട്ടൽ നടപടിയിൽ ഉൾപ്പെടുത്തിയില്ല.

കമ്മിറ്റിക്കെതിരെ ആക്ഷേപം

തട്ടിപ്പ് പുറത്തായതിനു പിന്നാലെ അഡ്മിനിസ്‌ട്രേറ്റർ ബാങ്കിൽ ഭരണം ഏർപ്പെടുത്തിയിരുന്നു. എന്നാൽ, ബാങ്കുകളിൽ നിന്ന് വിരമിച്ചവർ അടങ്ങിയ മൂന്നംഗ കമ്മിറ്റിക്ക് സഹകരണ വകുപ്പ് പിന്നീട് ഭരണം കൈമാറി. ഇവരിൽ സി.പി.എമ്മിനോട് അടുപ്പമുള്ളവരുമുണ്ടെന്ന് ആക്ഷേപമുണ്ട്. വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളെ ഉൾപ്പെടുത്തി ജനകീയ ജനാധിപത്യ കമ്മിറ്റി വേണമെന്ന ആവശ്യവും ഉയരുന്നുണ്ട്.


 

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News