കോഴിക്കോട് : കരുവന്നൂർ ബാങ്ക് വായ്പ തട്ടിപ്പുകേസിൽ അനിൽ അക്കര ഉയർത്തിയ ആരോപണം അടിസ്ഥാന രഹിതവും രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളതുമാണെന്ന് സി.പി.എം സെക്രട്ടേറിയറ്റ് അംഗം പി.കെ. ബിജു വാർത്താ സമ്മേളനത്തിൽ പറഞ്ഞു. തനിക്കോ ഭാര്യയ്ക്കോ ഇതുവരെ സ്വന്തമായി വീടില്ല.കേസിലെ ഒന്നാം പ്രതി സതീഷ് കുമാറിനെ അറിയില്ല. പ്രതിയുമായി വാട്സ് ആപ്പിലൂടെയൊ ഫോൺ വഴിയോ ബന്ധമില്ല. ഉണ്ടെങ്കിൽ തെളിവു ഹാജരാക്കണം. പി.കെ.ബിജുവിന്റെ പേര് ഇ.ഡിയിൽ നിന്ന് കിട്ടിയതാണോയെന്നും വ്യക്തമാക്കണം. നിലവിൽ ഇ.ഡിയിൽ നിന്ന് നോട്ടീസൊന്നും ലഭിച്ചിട്ടില്ല ബിജു കൂട്ടിച്ചേർത്തു
ബാങ്കിലെ കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട പ്രതികളുടെ റിമാൻഡ് റിപ്പോർട്ടിൽ ഇ.ഡി കോടതിയിൽ പറയാതെ പറഞ്ഞ മുൻ എം.പി പി.കെ.ബിജുവാണെന്ന അനിൽ അക്കരയുടെ ആരോപണത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. കരുവന്നൂർ ബാങ്ക് വായ്പ തട്ടിപ്പുമായി തനിക്ക് ഒരു ബന്ധവുമില്ല. ഇ.ഡിയുടെ ഏത് അന്വേഷണവുമായും സഹകരിക്കും. അനിൽ അക്കരയുടെ ആരോപണങ്ങളെ രാഷ്ട്രീയമായും നിയമപരമായും നേരിടും. പാർട്ടി സംസ്ഥാന കമ്മിറ്റിയുമായി ആലോചിച്ചശേഷം തുടർ നടപടികൾ സ്വീകരിക്കും.
കരുവന്നൂരിലെ ക്രമക്കേട് മനസിലാക്കുന്നതിന് ഇരിഞ്ഞാലക്കുട പാർട്ടി നേതൃത്വത്തിന് വീഴ്ച പറ്റിയെന്നും അത് തിരിച്ചറിഞ്ഞ് പാർട്ടി ഇടപെട്ടെന്നും ബിജു കൂട്ടിച്ചേർത്തു.