കരുവന്നൂര്‍ സഹകരണ ബാങ്ക് ; സോഫ്റ്റ്‌വെയർ അടക്കം മാറ്റം വരുത്തി

In Featured, Special Story
October 01, 2023

കൊച്ചി: കരുവന്നൂര്‍ സഹകരണ  ബാങ്കിന്റെ സോഫ്‌റ്റ്വെയറില്‍ അടക്കം മാറ്റം വരുത്തിയാണ് തട്ടിപ്പ് നടത്തിയതെന്നു റിപ്പോർട്ട് . വളരെ കുറച്ച് പേര്‍ മാത്രം നിയന്ത്രിച്ചിരുന്ന സോഫ്റ്റ് വെയറിന്റെ അഡ്മിനായി 21 പേരെ നിയമിക്കുകയും സോഫ്റ്റ് വെയറിന്റെ പ്രവര്‍ത്തനം 24 മണിക്കൂറാക്കി വര്‍ദ്ധിപ്പിക്കുകയും ചെയ്തുവെന്ന് ഇഡി കണ്ടെത്തി.

 കരുതലോടെ മാത്രം പ്രവര്‍ത്തിപ്പിക്കേണ്ട ബാങ്ക് സോഫ്റ്റ് വെയറില്‍ വിരമിച്ച ഉദ്യോഗസ്ഥര്‍ക്കും സ്വീപ്പര്‍ക്കും വരെ

‘ അഡ്മിൻ ‘ സ്ഥാനം നൽകി  എന്നാണ് കണ്ടെത്തിയിരിക്കുന്നത്. തട്ടിപ്പ് നടത്താന്‍ സോഫ്റ്റ് വെയറില്‍ വന്‍ ക്രമക്കേടുകളാണ് നടത്തിയത്. രാവിലെ ബാങ്ക് പ്രവര്‍ത്തനം ആരംഭിക്കുന്നത് മുതല്‍ വൈകിട്ട് അഞ്ച് വരെയാണ് സോഫ്റ്റ് വെയര്‍ പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കുക. എന്നാല്‍ ഇത് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന രീതിയിലേക്ക് മാറ്റുകയായിരുന്നു.

നിരവധി പേരെ അഡ്മിനാക്കിയതും സോഫ്റ്റ് വെയറിന്റെ പ്രവര്‍ത്തനം 24 മണിക്കൂര്‍ അക്കിയതോടെ രാത്രിയില്‍ അടക്കം കള്ളപ്പണം വെളുപ്പിക്കല്‍ നടന്നതായിട്ടാണ് ഇഡി കണ്ടെത്തിയിരിക്കുന്നത്. സാധാരണക്കരായ ജനങ്ങളുടെ അക്കൗണ്ടിലൂടെയാണ് കള്ളപ്പണം വെളിപ്പിക്കല്‍ നടത്തിയത്. എന്നാല്‍ ഈ തട്ടിപ്പ് പുറത്ത് അറിയാതിരുന്നത് ഓണ്‍ലൈന്‍ ബാങ്ക് ഇടപാടുകള്‍ നടപ്പാക്കാത്തതിനാലാണ്. ഇത്തരത്തില്‍ കോടികളുടെ കള്ളപ്പണ ഇടപാടാണ് ദിവസവും ബാങ്കില്‍ നടന്നതത്രെ .

 പി സതീഷ് കുമാര്‍ മാറ്റിയെടുത്ത നൂറ് കോടിയോളം രൂപ തീവ്രവാദികളില്‍ നിന്നും എത്തിയതാണെന്ന് സംശയം. തൃശൂര്‍ ജില്ലയിലെ മുന്‍ എംപിയുടെയും സിറ്റിങ് എംഎല്‍എയുടെയും ബിനാമിയാണ് പി സതീഷ് കുമാര്‍. പിടിയിലായ ഐഎസ് ഭീകരനില്‍ നിന്നാണ് എന്‍ഐഎയ്ക്ക് ഈ വിവരങ്ങള്‍ ലഭിച്ചത്. തൃശൂര്‍ സ്വദേശിയായ ഐഎസ് ഭീകരനെ ചെന്നൈയില്‍ നിന്നാണ് എന്‍ഐഎ പിടികൂടിയത്.

തൃശൂര്‍ സ്വദേശിയായ ഭീകരനൊപ്പമുണ്ടായിരുന്ന 10 പേര്‍ വിദേശത്തേക്ക് കടന്നതായിട്ടാണ് വിവരം. ഭീകരര്‍ വിദേശത്തേക്ക് കടക്കാന്‍ വലിയ തോതില്‍ പണം ചിലവാക്കിയതായിട്ടാണ് എന്‍ഐഎ കണ്ടെത്തിയിരിക്കുന്നത്. ഈ പണം കരുവന്നൂര്‍ ബാങ്കിലൂടെയാണ് എത്തിയതെന്ന് എന്‍ഐഎ കരുതുന്നു.