ബെംഗളൂരു: മുസ്ലിം വഖഫ് ഭൂമി വിഷയത്തില്‍ കർഷകർക്ക് നോട്ടീസ് നല്‍കരുതെന്ന് എല്ലാ ജില്ലാ ഡെപ്യൂട്ടി കമ്മീഷണർമാർക്കും നിർദേശം നല്‍കിയതായി കർണാടക ആഭ്യന്തര മന്ത്രി ജി പരമേശ്വര അറിയിച്ചു.
റവന്യൂ രേഖകള്‍ അന്തിമമായി കണക്കാക്കുമെന്നും അദ്ദേഹം പറഞ്ഞു. ‘നോട്ടീസുകളോ കത്തുകളോ പിൻവലിക്കാൻ എല്ലാ ഡെപ്യൂട്ടി കമ്മീഷണർമാർക്കും മുഖ്യമന്ത്രി സിദ്ധരാമയ്യ നിർദേശം നല്‍കിയിട്ടുണ്ട്.
ചില പ്രദേശങ്ങളിലെ ഭൂമി 50 വർഷം മുൻപ് തങ്ങളുടെ പേരില്‍ രജിസ്റ്റർ ചെയ്തതായി വഖഫ് ബോർഡ് അവകാശപ്പെട്ടതായാണ് റിപ്പോർട്ട്. എന്നാല്‍, ഇവ സാധുവാകണമെങ്കില്‍ വഖഫ്, റവന്യൂ രേഖകള്‍ ഒത്തുചേരണമെന്ന് പരമേശ്വര വ്യക്തമാക്കി. അല്ലാത്തപക്ഷം റവന്യൂ രേഖകള്‍ക്കായിരിക്കും മുൻതൂക്കമെന്നും അദ്ദേഹം പറഞ്ഞു.
അതിനിടെ, നോട്ടീസ് നല്‍കാൻ ബിജെപിയാണ് തുടക്കമിട്ടതെന്ന് ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ ആരോപിച്ചു. ‘വഖഫ് നിയമപ്രകാരമുള്ള നോട്ടീസ് നല്‍കാനും റവന്യൂ രേഖകള്‍ മാറ്റാനും ബിജെപിയാണ് ആരംഭിച്ചത്. ഒരു കർഷകനെയും അവരുടെ ഭൂമിയില്‍ നിന്ന് കുടിയൊഴിപ്പിക്കാൻ ഞങ്ങള്‍ അനുവദിക്കില്ല. ഏതെങ്കിലും ഉദ്യോഗസ്ഥൻ ഇതിന് വിരുദ്ധമായി പ്രവർത്തിച്ചാല്‍ ഞങ്ങള്‍ തിരുത്തല്‍ നടപടികള്‍ ആരംഭിക്കും.’- ശിവകുമാർ മാധ്യമങ്ങളോട് പറഞ്ഞു.
വിജയപുര ജില്ലയില്‍ കർഷകർ പരമ്ബരാഗതമായി കൈവശംവെച്ചുവരുന്ന ഭൂമി വഖഫ് ബോർഡ് ഏറ്റെടുക്കാനായി നോട്ടീസ് നല്‍കിയത് വലിയ പ്രതിഷേധത്തിനിടയാക്കിയിരുന്നു. ഇതിനു പിന്നാലെ അയല്‍ജില്ലയായ ഹാവേരിയിലേക്കും പ്രതിഷേധം വ്യാപിച്ചു. ഇതിനു പിന്നാലെയാണ് സർക്കാരിൻ്റെ നീക്കം.