തൃശൂർ:സിപിഎം സംസ്ഥാന കമ്മിറ്റിയംഗവും കേരള ബാങ്ക് വൈസ് പ്രസിഡന്റുമായ എം.കെ.കണ്ണനോട് സ്വത്തുവിവരങ്ങൾ ഹാജരാക്കാൻ ആവശ്യപ്പെട്ട് എൻഫോഴ്‍സ്മെന്റ് (ഇഡി) നോട്ടിസ് നൽകി. വ്യാഴാഴ്ചയ്ക്കുള്ളിൽ കുടുംബത്തിന്റെ അടക്കം സ്വത്തുവിവരങ്ങൾ ഹാജരാക്കാനാണു ഇഡി നിർദേശം. സ്വത്തു വിവരങ്ങള്‍ ഹാജരാക്കാന്‍ മുൻപു പലതവണ കണ്ണനോട് ഇഡി ആവശ്യപ്പെട്ടിരുന്നു. കരുവന്നൂർ ബാങ്ക് തട്ടിപ്പു കേസിലാണു നടപടി. തൃശൂർ ജില്ലയിലെ സഹകരണ മേഖല കേന്ദ്രീകരിച്ചു നടക്കുന്ന കള്ളപ്പണ ഇടപാടിന്റെ മുഖ്യകണ്ണികളെക്കുറിച്ചു വ്യക്തമായി അറിയാവുന്നയാളാണു കണ്ണനെന്നാണു ഇഡി പറയുന്നത്.
കഴിഞ്ഞ ശനിയാഴ്ച കണ്ണനെ ഇഡി ചോദ്യംചെയ്തിരുന്നു. എം.കെ.കണ്ണൻ പ്രസിഡന്റായ തൃശൂർ ബാങ്കിൽ കേസിലെ ഒന്നാം പ്രതി പി.സതീഷ്കുമാർ നടത്തിയ സ്രോതസ്സ് വെളിപ്പെടുത്താത്ത കോടികളുടെ നിക്ഷേപം സംബന്ധിച്ച ചോദ്യങ്ങൾക്കു കണ്ണൻ മറുപടി പറഞ്ഞില്ലെന്നു ഇഡി വൃത്തങ്ങൾ വ്യക്തമാക്കിയിരുന്നു. ശനിയാഴ്ച നടന്ന ചോദ്യംചെയ്യലിൽ എം.കെ.കണ്ണൻ സഹകരിക്കാതെ ശാരീരിക ബുദ്ധിമുട്ടുകൾ പ്രകടിപ്പിച്ചെന്നായിരുന്നു ഇഡി വൃത്തങ്ങൾ വെളിപ്പെടുത്തിയത്. എന്നാൽ തനിക്ക് ഒരു ശാരീരിക ബുദ്ധിമുട്ടും ഉണ്ടായില്ലെന്നും ചോദ്യംചെയ്യൽ സൗഹൃദപരമായി നടന്നുവെന്നുമായിരുന്നു കണ്ണന്റെ പ്രതികരണം.