കൊച്ചി : സാമ്പത്തിക ക്രമക്കേടിൽ തകർന്ന കണ്ടല സഹകരണ ബാങ്കിന്റെ ശാഖകൾ, ബാങ്കിന്റെ ഉടമസ്ഥതയിലുള്ള നീതി സ്റ്റോർ, സഹകരണ ആശുപത്രി ക്യാന്റീൻ എന്നിവ ഉടൻ അടച്ചുപൂട്ടും.കടുത്ത നിയന്ത്രണങ്ങൾ കൊണ്ടുവരാൻ അഡ്മിനിസ്ട്രേറ്റർ സഹകരണ റജിസ്ട്രാർക്ക് ശുപാർശ കൈമാറിയതിനെ തുടർന്നാണ് നടപടി. കോടികളുടെ ക്രമക്കേടും തുടർന്നുള്ള നഷ്ടവും നേരിടുന്ന കണ്ടല ബാങ്ക് വൻ പ്രതിസന്ധിയിലാണ്.
കോടികളുടെ തിരിമറിയെ തുടർന്ന് തകർച്ചയുടെ വക്കിലായ കണ്ടല സർവീസ് സഹകരണ ബാങ്കിന്റെ ശാഖകൾ അടച്ചു പൂട്ടാനാണ് തീരുമാനം. ആദ്യ നടപടിയായി പാപ്പാറ ശാഖ അടക്കും. ഈ ശാഖയിൽ വൈദ്യുതി ചാർജ് അടയ്ക്കാനുള്ള വരുമാനം പോലും ഇല്ലെന്ന് കണ്ടെത്തിയിരുന്നു. ശാഖ പൂട്ടാനുള്ള അനുമതി ആവശ്യപ്പെട്ട് അഡ്മിനിസ്ട്രേറ്റർ സഹകരണ റജിസ്ട്രാർക്ക് കത്ത് നൽകി. ബാങ്കിന്റെ കീഴിലുള്ള സഹകരണ ആശുപത്രിയിലും നിയന്ത്രണങ്ങൾ കൊണ്ടുവരും.
നഷ്ടത്തിൽ പ്രവർത്തിക്കുന്ന ബാങ്കിന്റെ നീതി സ്റ്റോർ, കണ്ടല സഹകരണ ആശുപത്രി കാന്റീൻ എന്നിവയുടെയും പ്രവർത്തനം അവസാനിപ്പിക്കും. ആശുപത്രി കാന്റീൻ കുടുംബശ്രീക്ക് കൈമാറാനാണ് ആലോചിക്കുന്നത്. ബാങ്കിലും ആശുപത്രിയിലും അനധികൃതമായി നിയമിച്ചവരെ പിരിച്ച് വിടണമെന്ന് സഹകരണ വകുപ്പിന്റെ അന്വേഷണ റിപ്പോർട്ടിൽ ശുപാർശ ചെയ്തിട്ടുണ്ട്.